കോട്ടയം: മാര്‍ച്ചില്‍ കൊണ്ടുപിടിച്ച പണിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്. സാമ്പത്തിക വര്‍ഷം തീരാറാകുന്നതിനാല് പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടമാണ് തൃത്താല പഞ്ചായത്തുകളിലെല്ലാം. 45 ശതമാനം പദ്ധതി തുകയാണ് ഇതുവരെ പഞ്ചായത്തുകള്‍ ചെലവഴിച്ചതെന്നാണ് കണക്ക്. പദ്ധതി ഏറ്റെടുത്ത കരാറുകാരനും ഗുണഭോക്തൃസമിതി ഏറ്റെടുത്ത പദ്ധതിയിലെ കണ്‍വീനറും എങ്ങനെയും പദ്ധതി പൂര്‍ത്തീകരിക്കാനുള്ള തിരക്കിലാണ്.
നിര്‍മ്മാണപ്രവര്‍ത്തനത്തിന് ആവശ്യമായ ജോലിക്കാരില്ലാത്തതും നിര്മ്മാണസാമഗ്രിയുടെ ദൗര്‍ലഭ്യവുമാണ് പദ്ധതി ഇഴഞ്ഞു നീങ്ങുവാന്‍ കാരണമാകുന്നത്. മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ പോലും നടക്കുന്നില്ല. ഗ്രാമസഭ നടത്താത്തതിനാല്‍ 19 അംഗങ്ങള്‍ അയോഗ്യതാ ഭീഷണിയിലുമാണ്. പദ്ധതി നടത്തിപ്പിനേപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതും മറ്റും ഗ്രാമസഭകളിലാണ്.
സേവന മേഖല, ഉത്പാദനമേഖല, പശ്ചാത്തല മേഖല എന്നിങ്ങനെ മേഖല തിരിച്ചാണ് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിക്കുന്നത്. സേവന മേഖലയിലെയും പശ്ചാത്തല മേഖലയിലെയും പണം കുറെയൊക്കെ ചെലവഴിക്കും. ഉത്പാദന മേഖലയുടെ പണമാണ് ചെലവഴിക്കാന്‍ കാലതാമസം വരുന്നത്.
കാര്‍ഷിക മേഖലയിലേക്ക് നീക്കി വയ്ക്കുന്ന പദ്ധതിപണം മാര്‍ച്ച് പകുതിയാകുന്നതോടെ വകമാറ്റി ചെലവിടുന്നു. പദ്ധതി പണം ചെലവാക്കുവാന്‍ ഉദ്യാഗസ്ഥര്‍ ഇതിനൊക്കെ മൗനാനുവാദം നല്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ പദ്ധതി വിഹിതത്തിന്റെ പകുതി തുക പോലും തൃത്താല പഞ്ചായത്തുകള്‍ ചെലവാക്കിയിരുന്നില്ല.
പൂര്‍ത്തിയാക്കാത്ത പദ്ധതി തുകയ്ക്ക് മാര്‍ച്ച് കഴിഞ്ഞാല്‍ പരിഹാരത്തുക മാറ്റി വയ്ക്കേണ്ടിവരുന്നു. അല്ലെങ്കില്‍ പുതിയ പദ്ധതി അംഗീകരിച്ചുവരുമ്പോള്‍ പരിഹാരതുക പിടിച്ചേ പദ്ധതി തുക സര്‍ക്കാര്‍ അനുവദിക്കൂ. ഗുണഭോക്തൃവിഹിതം അടക്കേണ്ട പദ്ധതികള്‍ ജില്ലയില്‍ ഒന്നുംതന്നെ പൂര്‍ത്തിയായിട്ടില്ല. ചില കുടിവെള്ള പദ്ധതികള്‍ തുടങ്ങിവെച്ചു എന്നുമാത്രം. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ക്ക് സ്പില്ഓവറില് ഉള്‍പ്പെടുത്തുവാനുള്ള തിരക്കിലാണ് പഞ്ചായത്തുകള്‍. മാര്‍ച്ച് ഒരു ചാകരയാണ് പഞ്ചായത്തുകള്‍ക്ക്.
കെ.വി.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: