ചേര്‍ത്തല: അവയവ ദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് കാട്ടിക്കൊടുത്ത കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അവയവദാനവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിനായി ക്യാമറയ്ക്കുമുന്നില്‍ ആദ്യമായി ചായംപൂശിയെത്തി. നേത്രദാനത്തെക്കുറിച്ചുള്ള ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ് ജീവകാരുണ്യ പ്രവര്‍ത്തകനും ബിസിനസുകാരനുമായ ചിറ്റിലപ്പള്ളി തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മണിക്കൂറുകള്‍ ഇതിനായി നീക്കിവെച്ചത്.
സാധാരണക്കാരനായ ഒരു ബസ് കണ്ടക്ടറുടെ വേഷമണിഞ്ഞാണ് മദര്മിഷന്റെ ബാനറില്‍ ജോയി കെ മാത്യു സംവിധാനം ചെയ്ത ‘മരണാനന്തര’മെന്ന ഹ്രസ്വ ചിത്രത്തിലൂടെ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി സമൂഹത്തിന് പുതിയൊരു സന്ദേശം കൈമാറിയത്. ചേര്‍ത്തല സ്വദേശി സന്തോഷാണ് ആദ്യമായി ചിറ്റിലപ്പള്ളിക്ക് മേക്കപ്പിട്ടത്. സ്വന്തം വൃക്ക മറ്റൊരാള്‍ക്ക് ദാനമായി നല്കി മാതൃക കാട്ടിയ മഹത് വ്യക്തിത്വത്തിന് ഉടമയായ ചിറ്റിലപ്പള്ളിഅഭിനേതാവായി തുടരാന്‍ താല്പര്യമില്ലമെന്ന് വ്യക്തമാക്കി. അവയവദാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്കാന് താന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നതുകൊണ്ടാണ് ഇതില്‍ അഭിനയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
അവയവദാനത്തിന് സമ്മതപത്രം പലരും നല്‍കുമെങ്കിലും അവയവദാനം മാത്രം നടക്കുന്നില്ല. സാധാരണ ജനതയ്ക്ക് അവബോധം ഉണ്ടാകട്ടെയെന്ന പ്രാര്‍ഥനയോടെയാണ് ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്ന് ചിറ്റിലപ്പള്ളി വ്യക്തമാക്കി. നടി കവിയൂര്‍ പൊന്നമ്മയും ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ജോയി.കെ.മാത്യൂവുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ബസിനുള്ളില്‍ നടക്കുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണിത്.
ചേര്‍ത്തല ഗ്രീന്‍ ഗാര്‍ഡന്‍സ് ആശുപത്രിയ്ക്ക് മുന്നില്‍ ടിക്കറ്റ് റാക്കും കൈയിലേന്തി യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കുകയും പൈസാ വാങ്ങുകയും ചെയ്യുന്ന ചിറ്റിലപ്പള്ളിയുടെ രംഗമാണ് സിദ്ധാര്ഥന് ക്യാമറയില്‍ ഒപ്പിയെടുത്തത്. മരണാനന്തരമുള്ള കണ്ണ്, കരള്‍, വൃക്ക എന്നിവയുടെ ദാനത്തെക്കുറിച്ചും ജനങ്ങളിലെ ഭീരുത്വം മാറ്റിയെടുക്കാനുമാണ് ഈ ഹ്രസ്വ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന് ജോയ്.കെ.മാത്യു പറഞ്ഞു. ലോക ടേബിള്‍ ടെന്നീസ് താരം മരിയാ റോണി, എ.എം.ആരിഫ് എംഎല്‍എ, മാധ്യമപ്രവര്‍ത്തകനായ പൂങ്കാവ് സന്തോഷ് തുടങ്ങിയവര്‍ അഭിനേതാക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: