ന്യൂദല്‍ഹി: കൈക്കൂലി വിവാദത്തില്‍ കരസേന മേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി. എന്നാല്‍ ഇതില്‍ തുടര്‍ നടപടി വേണ്ടെന്നാണു സിങ് പറഞ്ഞതെന്നും അദ്ദേഹം രാജ്യസഭയില്‍ പ്രസ്താവിച്ചു.
സൈന്യത്തിനുവേണ്ടി നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിന് കോഴയായി 14 കോടി രൂപ റിട്ട. ലഫ്. ജനറല്‍ തേജിന്ദര്സിംഗ് വാഗ്ദാനം ചെയ്തുവെന്ന് ഒരു വര്‍ഷം മുമ്പാണ് ജനറല്‍ വി.കെ.സിങ് അറിയിച്ചത്. എന്നാല്‍ ഇതിനെ കുറിച്ച് ജനറല്‍ സിംഗ് രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. നടപടി സ്വീകരിക്കാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സിങ് തന്നെ നിലപാട് എടുക്കുകയായിരുന്നു. എന്നാല്‍ പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് താന്‍ തന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ലോക്സഭയില്‍ പ്രസ്താവന നടത്തണമെന്നാണു താന്‍ ആഗ്രഹിച്ചത്. എന്നാല്‍ ചോദ്യോത്തരവേള തടസപ്പെട്ടതിനാല്‍ കഴിഞ്ഞില്ല. അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന ആളാണു താന്‍. സൈന്യത്തെ ആധുനികവ്തകരിക്കുകയാണ് എന്റെ ചുമതല. അതിനര്‍ത്ഥം അഴിമതിക്ക് കൂട്ടു നില്‍ക്കുകയെന്നല്ല. കരാറുകളില്‍ അഴിമതി നടന്നതായി സംശയം ഉണ്ടായാല്‍ പോലും റദ്ദാക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പ്രസ്താവിച്ചു.
താന്‍ അധികാരമേറ്റ ശേഷം ആയുധങ്ങള്‍ വാങ്ങാനുളള നടപടികള്‍ സുതാര്യമാക്കാന്‍ പദ്ധതികള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരുടെ ഭാഗത്തു നിന്നും ഏതു തരത്തിലുളള പരാതികളും ആരോപണങ്ങളും ഉണ്ടായാല്‍ അന്വേഷണം നടത്തും. ചില ഹെലികോപ്റ്ററുകളും ആയുധങ്ങളും വാങ്ങാനുളള ഇടപാടുകള്‍ താന്‍ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു. ചില പരാതികളുടെ അടിസ്ഥാനത്തില്‍ ആറു കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ രണ്ടെണ്ണം ഇന്ത്യന്‍ കമ്പനികളും നാലെണ്ണം വിദേശ കമ്പനികളുമാണെന്ന് ആന്റണി പറഞ്ഞു.
ഇന്നലെയാണ് വി.കെ. സിങ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. സേനയിലേക്കു നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിനായി തനിക്കു 14 കോടി രൂപയുടെ കൈക്കൂലി വാഗ്ദാനം ലഭിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. സേനയില്‍ ഇത്തരത്തില്‍ നിലവാരം കുറഞ്ഞ 700ഓളം വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സിങ് പറഞ്ഞു. ഇത് വന്‍തുക നല്കി വാങ്ങിയവയാണ്. ഇക്കാര്യങ്ങള്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ നേരത്തേ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണു കരസേന മേധാവി വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് ആഭ്യന്തര വകുപ്പ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: