കൊച്ചി: വേനല്‍ക്കാല വരള്‍ച്ച നേരിടുന്നതിന് വിവിധ തലങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എക്സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരും നഗരസഭകളുടെ അധ്യക്ഷന്മാരും വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, റവന്യൂ, ജലസേചനം, ഭൂഗര്‍ഭ ജല വകുപ്പുകളിലെ ഉദ്യോഗസ്ഥരുമാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണ് യോഗം വിളിച്ചത്. മന്ത്രി കെ. ബാബുവിനാണ് എറണാകുളം ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല നല്‍കിയിരിക്കുന്നത്.
വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ മുന്‍ വര്‍ഷത്തേതു പോലെ വെള്ളമെത്തിക്കും. കൂടുതല്‍ വെള്ളം ആവശ്യമായ സ്ഥലങ്ങളില്‍ പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നത് പ്രകാരം വെള്ളം ഉറപ്പാക്കും. കെഎസ്യുഡിപി പദ്ധതികള്‍ വേഗത്തിലാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടനെ വിളിച്ചു ചേര്‍ക്കും. വിവിധ ജലസേചന പദ്ധതികളുടെ കനാലുകള്‍ വഴി വെള്ളം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. പൈപ്പുകള്‍ നീട്ടിയും പുതിയവ സ്ഥാപിച്ചും ജലക്ഷാമം പരിഹരിക്കാവുന്ന സ്ഥലങ്ങളില്‍ ഇതിന് നടപടി സ്വീകരിക്കാനും യോഗം നിര്‍ദേശം നല്കി. ഇതിനായി എം.പി, എം.എല്‍.എ ഫണ്ടുകളില്‍ നിന്ന് തുക കണ്ടെത്തും. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ പൈപ്പുകളിലൂടെയുള്ള കുടിവെള്ള വിതരണത്തിന് ദിവസ ക്രമീകരണം ഫലപ്രദമായി നടപ്പാക്കും. വൈദ്യുതി കുടിശികയുടെ പേരില്‍ കണക്ഷന് വിഛേദിക്കുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ന് രാവിലെ 11ന് കളക്ടറുടെ ചേംബറില്‍ വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനമായി.
പാറമടകളിലെ ജലസ്രോതസുകള്‍ പ്രയോജനപ്പെടുത്തി വെള്ളമെത്തിക്കുന്നതിന് റിവേഴ്സ് ഓസ്മോസിസ് പെയിലറ്റ് പ്രൊജക്ട് നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. പദ്ധതി വിജയകരമായാല്‍ സാധ്യതയുള്ള മേഖലകളില്‍ ഇത്തരം മിനിപദ്ധതികള്ക്ക് രൂപം നല്‍കും.
തമ്മനം സംസ്കാര ജംഗ്ഷനില്‍ പഴയ പ്രിമോ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തണമെന്ന് ബെന്നി ബഹനാന് എം.എല്‍.എ ആവശ്യപ്പെട്ടു. ചിലവന്നൂര്‍ റോഡ്, വെണ്ണല, എളമക്കര, ബി.ടി.എസ് റോഡ്, തൃക്കാക്കര പഞ്ചായത്ത് തുടങ്ങിയ മേഖലകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം.
അങ്കമാലി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനാലുകളിലൂടെ വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചാല്‍ കുടിവെള്ളക്ഷാമത്തിന് വലിയൊരു പരിധി വരെ പരിഹാരമാകുമെന്ന് ജോസ് തെറ്റയില്‍ എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ജലലഭ്യത പകുതിയായിരിക്കുകയാണെന്ന് ജോസഫ് വാഴയ്ക്കന് എം.എല്‍.എ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ആരക്കുഴയില്‍ നിന്നുള്ള പമ്പിങ്, വോള്‍ട്ടേജ് ക്ഷാമം മൂലം തടസപ്പെടുന്നതിന് പരിഹാരം കാണണമെന്നും ജോസഫ് വാഴയ്ക്കന് ആവശ്യപ്പെട്ടു.
എറണാകുളം മണ്ഡലത്തില്‍ ചേരാനല്ലൂര്‍, തേവര, കോന്തുരുത്തി ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുകയാണെന്ന് ഹൈബി ഈഡന് എം.എല്‍.എ പറഞ്ഞു. ചെല്ലാനം, കണ്ണമാലി മേഖലകളിലെ കുടിവെള്ളക്ഷാമം ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എയും യോഗത്തിന് മുന്നില്‍ അവതരിപ്പിച്ചു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, ലൂഡി ലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കൊച്ചി മേയര്‍ ടോണി ചമ്മണി തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: