മൂവാറ്റുപുഴ: നിരവധി പദ്ധതികളുടെ പൂര്‍ത്തീകരണവുമായി 2012-13 ലേക്കുള്ള മൂവാറ്റുപുഴ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. മുപ്പത്താറ് കോടി അമ്പത്തൊന്ന് ലക്ഷത്തി അമ്പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയേഴ് രൂപ വരവും മുപ്പത്തിയഞ്ച് കോടി എണ്‍പത്തിയഞ്ച് ലക്ഷത്തി എണ്‍പത്തിമൂവായിരത്തി ഇരുന്നൂറ്റി നാല്പത്തിയേഴ് (35,85,83,247) രൂപ ചിലവും അറുപത്തിയഞ്ച് ലക്ഷത്തി അറുപത്തിയേഴായിരത്തി അമ്പത് (65,67,050) രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണുമായ ആനീസ് എം ബാബുരാജ് അവതരിപ്പിച്ചത്.
വസ്തുനികുതി, തൊഴില്‍ നികുതി, ഡി ആന്റ് ഒ ലൈസന്‍സ് ഫീസ്, കുടിശ്ശിക പിരിച്ചെടുക്കല്‍, കെട്ടിട പെര്‍മിറ്റ് ഫീസ് തുടങ്ങിയ ഇനങ്ങളില്‍ നിന്ന് അധിക വരുമാനം പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഭൂരഹിതരും ഭവനങ്ങള്‍ ഇല്ലാത്തവര്‍ക്കുമായി മൂന്ന് നില ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാനും പുതിയ വീടുകള്‍ വച്ച് നല്‍കുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും രണ്ട് കോടി രൂപ മുടക്കി കോളനികളിലെ ഓടകളും റോഡുകളും നിര്‍മ്മിക്കുന്നതിനും നഗരസഭാ റോഡുകളുടെ സംരക്ഷണത്തിനും പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും 1.26കോടി രൂപ, കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിന് 25ലക്ഷം രൂപ, കിണര്‍ ഉണ്ടാക്കുന്നതിന് 3ലക്ഷം രൂപ, സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും 21ലക്ഷം രൂപ, നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പുനരുദ്ധാരണത്തിന് 22ലക്ഷം രൂപ, കംഫര്‍ട്ട് സ്റ്റേഷനുകളുടെ നവീകരണത്തിന് 10ലക്ഷം, ഇ ടോയ്ലറ്റുകളും സാധാരണ ടോയ്ലറ്റുകളും നിര്‍മ്മിക്കുന്നതിന് 20ലക്ഷം രൂപ, അറവ് ശാലയ്ക്ക് സമീപം സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 25ലക്ഷം രൂപ, മുനിസിപ്പല്‍ പാര്‍ക്ക് കവാട നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 32ലക്ഷം രൂപയും, ഈസ്റ്റ് ബസ് സ്റ്റാന്‍ഡ് നവീകരണം 15ലക്ഷം, ഷോപ്പിംങ്ങ് കോപ്ലക്സ് നിര്‍മ്മാണം 1കോടി, പൂര്‍ത്തീകരണത്തിന് 50ലക്ഷം ടൗണ്‍ഹാള്‍, സദ്യാലയം, ഓപ്പണ്‍ എയര്‍ മൈതാനം എന്നിവയ്ക്കായി 25ലക്ഷം, വെജിറ്റബിള്‍ മാര്‍ക്കറ്റ് നിര്‍മ്മാണം 40ലക്ഷം രൂപ, ദിവസചന്തകള്ക്കായി 10ലക്ഷം രൂപ, മലിനീകരണ ബോധവല്‍ക്കരണത്തിന് 5ലക്ഷം രൂപ എന്നീ വിഭാഗങ്ങളിലായാണ് പ്രധാനമായും തുക വകയിരുത്തിയിട്ടുള്ളത്.
ആശുപത്രിയുടെ വികസനത്തിനായുള്ള മൂന്ങ്കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും, സ്റ്റേഡിയം നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതായും, അര്‍ബന്‍ ഹട്ട് പദ്ധതിയുടെ ആരംഭത്തിനും ഈ സാമ്പത്തിക വര്‍ഷം മുന്‍തൂക്കം നല്‍കുമെന്നും ചെയര്‍പേഴ്സണ്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ 15നഗരങ്ങളില്‍ നിര്‍മ്മിക്കുന്ന തീയേറ്റര്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഭാഗമായി കെ എസ് ആര് ടി സി ബസ്സ്റ്റാന്‍ഡിന് സമീപമുള്ള നഗരസഭയുടെ 70സെന്റ് സ്ഥലത്ത് മൂവാറ്റുപുഴയില്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന തീയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: