കമ്മ്യൂണിസം ക്രിസ്തുമതവും പ്രകാശ് കാരാട്ട് ക്രിസ്തുവുമാണെന്ന് ഇ.പി.ജയരാജന് കണ്ടുപിടിക്കുന്നതിന് എത്രയോ കാലം മുമ്പുതന്നെ ഈ രണ്ടു മതങ്ങളിലുമുള്ള ആചാരാനുഷ്ഠാന-സംഘടനാ സാജാത്യങ്ങള്‍ മറനീക്കി പുറത്തുവന്നിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ കാറല്‍ മാര്‍ക്സ് കമ്മ്യൂണിസത്തിന്റെ ചട്ടക്കൂടുകള്‍ രൂപപ്പെടുത്തുമ്പോള്‍, അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നത് വ്യവസായ വിപ്ലവത്തിന്റെ ബലിയാടുകളായിരുന്ന, ചൂഷിതരും മര്ദ്ദിതരുമായിരുന്ന ഒരു സമൂഹമായിരുന്നു. അവരെ ചൂഷണം ചെയ്തിരുന്നതാവട്ടെ സ്വകാര്യ സ്വത്തിന്റേയും ഉല്‍പ്പാദനോപാധികളുടേയും (ഭൂമിയുള്‍പ്പെടെ) ഉടമകളായിരുന്ന മുതലാളി വര്‍ഗവും കത്തോലിക്കാ സഭയുമായിരുന്നു. മതാധികാരവും രാഷ്ട്രീയധികാരവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള് തന്നെയായിരുന്ന 19-ാം നൂറ്റാണ്ടില്‍, അതുകൊണ്ടുതന്നെ ഇവ രണ്ടും ഉന്മൂലനം ചെയ്യപ്പെട്ടാല്‍ മുതലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ സ്ഥാനത്ത് തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സംസ്ഥാപിക്കപ്പെടുകയും ചൂഷണം അവസാനിപ്പിക്കുകയും ചെയ്യും എന്ന് മാര്‍ക്സ് കരുതി.
കാറല്‍ മാര്‍ക്സ് കമ്മ്യൂണിസം രൂപപ്പെടുത്തുന്ന 19-ാം നൂറ്റാണ്ടില്‍ വ്യവസായവല്‍കൃത യൂറോപ്പിലെ ഏറ്റവും വലിയ ചൂഷക വര്‍ഗം സ്വകാര്യ സ്വത്തിന്റെ ഉടമകളായിരുന്ന മുതലാളിമാരും അവരെ സംരക്ഷിച്ചിരുന്ന മതാധികാരികളുമായിരുന്നു. മതവും രാഷ്ട്രവും പരസ്പ്പര പൂരകങ്ങളായാണ് വര്‍ത്തിച്ചിരുന്നത്. രാഷ്ട്രീയാധികാരം രാജാവെന്ന വ്യക്തിയിലും മതാധികാരം പുരോഹിതനെന്ന വ്യക്തിയിലും കേന്ദ്രീകൃതമായിരുന്നു. വ്യക്തികേന്ദ്രീകൃതങ്ങളായ ഈ അധികാരങ്ങളുടെ തിരോധാനവും സമൂഹാധികാരത്തിന്റെ സംസ്ഥാപനവും ചൂഷണത്തിന് അന്ത്യം കുറിക്കുമെന്ന് മാര്‍ക്സ് കരുതി.
മതവും ദൈവവും അമൂര്‍ത്ത സങ്കല്‍പ്പങ്ങളാണെന്നും അവ യാഥാര്‍ത്ഥ്യങ്ങളല്ലെന്നും മാര്‍ക്സ് പഠിപ്പിച്ചു. ഭൗതികമായതേ യഥാര്‍ത്ഥമായുള്ളൂ എന്നദ്ദേഹം പറഞ്ഞു. ദൈവത്തിനും മനുഷ്യനുമിടയിലുള്ള പുരോഹിതന് ദൈവത്തെ മനുഷ്യനില്‍നിന്ന് അന്യവല്‍ക്കരിക്കുന്നു എന്നദ്ദേഹം പ്രഖ്യാപിച്ചു. ദൈവത്തിന്റെ പ്രതിപുരുഷന്മാരായ പുരോഹിതര്‍ മനുഷ്യനെ തന്റെ വരുതിയിലാക്കാന്‍ മതത്തെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതുകൊണ്ടാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞത്. വ്യക്ത്യാധികാര കേന്ദ്രീകൃതമായ രാഷ്ട്രം ചൂഷണോപാധിയായതിനാലാണ് കമ്മ്യൂണിസത്തിന്റെ സംസ്ഥാപനത്തോടെ രാഷ്ട്രം അപ്രത്യക്ഷമാവുമെന്ന് മാര്‍ക്സ് വിചാരിച്ചത്.
കമ്മ്യൂണിസം ഒരു ഭരണസമ്പ്രദായമായി ഒരു രാഷ്ട്രം ആദ്യമായി പരീക്ഷിക്കുന്നത് മാര്‍ക്സിന്റെ മരണശേഷം സോവിയറ്റു യൂണിയനിലാണ്. ക്രിസ്തുവിന്റെ മരണശേഷം മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ക്രിസ്തുമതം ഒരു രാജ്യത്തിന്റെ ഔദ്യോഗികമതമായി മാറുന്നത്.
കമ്മ്യൂണിസം ഒരു ഭരണ സമ്പ്രദായമായപ്പോഴും ക്രിസ്തുമതം ഭരണാധികാരികളുടെ മതമായി മാറിയപ്പോഴും മാര്‍ക്സ് എഴുതിവച്ചതില്‍നിന്ന് കമ്മ്യൂണിസത്തിനും ക്രിസ്തു പഠിപ്പിച്ചതില്നിന്ന് ക്രിസ്തുമതത്തിനും വ്യതിചലനങ്ങളുണ്ടായി. ക്രിസ്തുവിന്റെ പിന്‍ഗാമികള്‍ കുരിശുയുദ്ധം നടത്തി മതം വ്യാപിപ്പിക്കാന്‍ നോക്കി.
ദേവാലയങ്ങള്‍ എന്ന പേരില്‍ മണിമന്ദിരങ്ങള്‍ പണിതുയര്‍ത്തി. ചൂഷിതരായ തൊഴിലാളി വര്‍ഗം നടത്തുന്ന സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്ത് തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സംസ്ഥാപിതമാകുന്നതിലൂടെ ചൂഷണം അവസാനിക്കുമെന്ന് പഠിപ്പിച്ച മാര്‍ക്സിന്റെ പ്രത്യയശാസ്ത്രം അധികാരത്തില്‍ വന്ന ഒരു രാജ്യത്തും വിപ്ലവം നയിച്ചത് ചൂഷിതരായ തൊഴിലാളി ആയിരുന്നില്ല. പോലീസും പട്ടാളവുമായിരുന്നു. അതുകൊണ്ടുതന്നെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തും നടപ്പിലായില്ല. ചൂഷണത്തിന് അറുതി വന്നുമില്ല.
ഒരുവന് ഈശ്വരനിലും മതത്തിലും വിശ്വാസമുണ്ടെങ്കിലേ ആസ്തിനാകാന് കഴിയൂ. ക്രിസ്തുമതത്തിന്റെ അടിസ്ഥാനം തന്നെ സര്‍വശക്തനും ആകാശത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു എന്ന ഏറ്റു പറച്ചിലാണ്. ഒരുവന് കമ്മ്യൂണിസ്റ്റാവണമെങ്കില് അതില്‍ വിശ്വസിക്കുന്നവനേ അതില്‍ അംഗമാകാന്‍ കഴിയൂ എന്നു നിബന്ധന വയ്ക്കുന്നത് ഒരു വിരോധാഭാസമാണ്. ശാസ്ത്രം വിശ്വസിക്കേണ്ട ഒന്നല്ല, പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടേണ്ടതാണ്. ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു എന്ന് ഒരു കമ്മ്യൂണസ്ററുകാരന് പ്രഖ്യാപിക്കുന്നതും, ഞാന്‍ കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നു എന്ന് ഒരു കമ്മ്യൂണിസ്റ്റുകാരന് പ്രഖ്യാപിക്കുന്നതും തമ്മില്‍ ആന്തരാര്‍ത്ഥത്തില്‍ വ്യത്യാസമൊന്നുമില്ല.
കത്തോലിക്കാ സഭയില്‍ കമ്മ്യൂണിസം ആരോപിച്ച കുറ്റങ്ങള്‍ കമ്മ്യൂണിസം ഒരു മതമായി മാറിയപ്പോള്‍ അതിലും കടന്നുകൂടുകയുണ്ടായി.
കത്തോലിക്കാ സഭ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഒരു പ്രസ്ഥാനമാണ്. കത്തോലിക്കാ സഭയുടെ പള്ളികളും വൈദിക മന്ദിരങ്ങളും സ്ഥാപനങ്ങളും ഏറ്റവും മനോഹരങ്ങളും ആഡംബരപൂര്ണങ്ങളും വന്‍ പണക്കൊഴുപ്പ് പ്രകടിപ്പിക്കുന്നവയുമാണ്. സഭയിലെ വിശ്വാസികളുടെ പണംകൊണ്ടാണ് ഇവയൊക്കെയും കെട്ടിപ്പടുത്തപ്പെട്ടിട്ടുള്ളത്. ഓരോ സ്ഥാപനവും നിര്‍മിക്കപ്പെടുമ്പോള്‍ വിശ്വാസികളുടെ മേല്‍ കെട്ടിവയ്ക്കപ്പെടുന്ന നിര്‍ബന്ധിത വിഹിതം, വിവിധ പേരുകളില്‍ ഓരോ വര്‍ഷവും അടിച്ചേല്‍പ്പിക്കപ്പെടുന്ന പണപ്പിരിവുകള്‍ തുടങ്ങിയവയാണ് സഭയുടെ വരുമാന സ്രോതസ്സുകള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തില്‍ വേരോട്ടമുള്ള എല്ലാ രാജ്യങ്ങളിലേയും പ്രദേശങ്ങളിലെയും ഏറ്റവും സമ്പന്നമായ പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സഭ വിശ്വാസികളില്നിന്ന് അതിന്റെ ആവശ്യങ്ങള്‍ക്ക് എങ്ങനെ വിഭവങ്ങള്‍ സമാഹരിക്കുന്നുവോ അതേ രീതികള്‍ അവലംബിച്ചാണ് പാര്‍ട്ടിയും അതിന്റെ വിഭവ സമാഹരണം നടത്തുന്നത്. ഒരു സഭാ വിശ്വാസി തന്റെ സഭയുടെ സ്ഥാപനങ്ങളെക്കുറിച്ച് ഊറ്റം കൊള്ളുന്ന അതേ ആവേശത്തോടെയാണ് ഒരു പാര്‍ട്ടി വിശ്വാസി തന്റെ പാര്‍ട്ടി സ്ഥാപനങ്ങളെക്കുറിച്ചും അഭിമാനം കൊള്ളുന്നത്.
സംഘടനാപരമായ സാജാത്യങ്ങള്‍: മാര്‍ക്സിന്റെ കാലത്ത് സഭയുടേയും രാഷ്ട്രത്തിന്റേയും അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകൃതമായിരുന്നു. ഏകവ്യക്തി കേന്ദ്രീകൃതമായ ഈ ഭരണസമ്പ്രദായമാണ് സ്വേച്ഛാധിപത്യത്തിനും ചൂഷണത്തിനും കാരണമായിത്തീര്‍ന്നതെന്ന് മാര്‍ക്സ് കരുതി. ഏകവ്യക്തി കേന്ദ്രീകൃത അധികാരത്തിന്റെ സ്ഥാനത്ത് സമൂഹാധികാരം സ്ഥാപിതമായാല് സ്വേച്ഛാധിപത്യത്തിനും ചൂഷണത്തിനും അന്ത്യമാവുമെന്ന് മാര്‍ക്സ് കരുതി. അങ്ങനെ, പ്രസീദിയെന്ന അദ്ധ്യക്ഷ കൂട്ടായ്മയും, ഈ കൂട്ടായ്മയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന സെക്രട്ടറിയും പാര്‍ട്ടിയിലുണ്ടായി. എന്നാല്‍ പ്രായോഗിക തലത്തിലെത്തിയപ്പോള്‍ സര്‍വാധികാരിയായ പ്രസിഡന്റിന്റെ സ്ഥാനത്ത് സര്‍വാധികാരിയായ സെക്രട്ടറി വന്നുവെന്നല്ലാതെ മറ്റൊരു മാറ്റവും വന്നില്ല.
പാര്‍ട്ടി നേതാക്കളെ പാര്ട്ടിക്കുള്ളിലല്ലാതെ വിമര്‍ശിക്കാന്‍ പാടില്ല എന്നും പരാതികള്‍ പാര്‍ട്ടിക്കുള്ളില്‍ അവതരിപ്പിച്ച് പരിഹാരം കാണണം എന്നുള്ളതും മതാനുസാരിയായ നിയമമാണ്. കത്തോലിക്കാ സഭയില്‍ വൈദികരേയും മതമേലദ്ധ്യക്ഷന്മാരേയും പരസ്യമായി വിമര്‍ശിക്കാന്‍ പാടില്ലാത്തതുപോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പരസ്യവിമര്‍ശനം പാടില്ല. പാര്‍ട്ടി അംഗത്തിനുള്ള പരാതികള്‍ പാര്‍ട്ടി ഫോറങ്ങളില്‍ അവതരിപ്പിച്ച് പരിഹാരം കാണണം. പള്ളിക്കമ്മറ്റിയില്‍ എന്തുതീരുമാനിക്കണമെന്ന് വികാരി നിശ്ചയിക്കുന്നതുപോലെ പാര്ട്ടിക്കമ്മറ്റിയില് എന്തു തീരുമാനിക്കണമെന്ന് സെക്രട്ടറി നിശ്ചയിക്കും. സഭാനേതൃത്വത്തിന് അനഭിമതരാവുന്നവര് സഭാ സമിതികളില്‍നിന്ന് നിഷ്കാസിതരാവുന്നതുപോലെ, പാര്‍ട്ടിനേതൃത്വത്തിന് അനഭിമതരാവുന്നവര് പാര്‍ട്ടിയില്‍നിന്ന് നിഷ്കാസിതരാവും.
മതം അമൂര്ത്തമാണെന്ന് പറയുന്നതുപോലെ തന്നെ പാര്‍ട്ടിയും അമൂര്‍ത്ത സങ്കല്‍പ്പമാണ്. മതത്തെ അനുഭവവേദ്യമാക്കുന്നത് പുരോഹിതനാണെങ്കില്‍, പാര്‍ട്ടിയെ അനുഭവവേദ്യമാക്കുന്നത് അതിന്റെ നടത്തിപ്പുകാരനായ നേതാക്കളാണ്. പുരോഹിതന് ദൈവത്തെ അന്യവല്‍ക്കരിക്കുന്നു എങ്കില്‍ നേതാക്കളിലൂടെ പാര്‍ട്ടിയും ജനങ്ങളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്നു.
ക്രിസ്തുമതത്തിന്റെ അനുഷ്ഠാനങ്ങളില്‍നിന്ന് കടംകൊണ്ടവയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അനുഷ്ഠാനങ്ങള്‍. ക്രിസ്തുവിന്റെ ജനനം ഉദ്ഘോഷിച്ചുകൊണ്ട് ഒരു നക്ഷത്രം കിഴക്കു പ്രത്യക്ഷപ്പെട്ടു എന്ന് ക്രിസ്തുമതം പഠിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിയിലും ഒരു നക്ഷത്രമുണ്ട്. ഒരു പുതിയ പുലരിയുടെ ഉദയം ഉദ്ഘോഷിക്കുന്നത്.
കത്തോലിക്കാ സഭയില്‍ നിരവധി രക്തസാക്ഷികളുണ്ട്. അവരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും അവര്‍ക്കായി പള്ളികള്‍ പണിയുകയും വഴിയരികുകളില്‍ സ്മാരകങ്ങള്‍ നിര്‍മിക്കുകയും അവരുടെ ചരമദിനങ്ങള്‍ തിരുനാളുകളായി കൊണ്ടാടുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും സ്മാരകമന്ദിരങ്ങള്‍ പണിയുകയും രക്തസാക്ഷി ദിനങ്ങള്‍ കൊണ്ടാടുകയും ചെയ്യുന്നു. സഭയിലും പാര്‍ട്ടിയിലും രക്തസാക്ഷികള്‍ക്ക് ഒരേ നിറമാണ്-ചുവപ്പു നിറം.
ക്രിസ്തുമത വിശ്വാസികള്‍ക്ക് മതപഠന ക്ലാസുകള്‍ നിര്‍ബന്ധിതമായിരിക്കുന്നതുപോലെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പാര്‍ട്ടി പഠനക്ലാസുകള്‍ നിര്‍ബന്ധിതമാണ്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മാര്‍ക്സിസം-ലെനിനിസം പാഠ്യപദ്ധതിയിലെ നിര്‍ബന്ധിത വിഷയമാണ്. ക്രിസ്തുമത പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ മതത്തില്‍നിന്നു പുറത്താക്കുന്നതുപോലെ പാര്‍ട്ടി പ്രബോധനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്നു. ക്രിസ്തീയ സഭയില്‍ അംഗങ്ങളുടെ വിവാഹത്തിന് പുരോഹിതന്റെ അനുവാദം ആവശ്യമായിരിക്കുന്നതുപോലെ, ഒരു പാര്‍ട്ടി അംഗത്തിന്റെ വിവാഹത്തിന് പാര്‍ട്ടിയുടെ അനുവാദം ആവശ്യമാണ്. സഭാംഗങ്ങളുടെ വിവാഹം ദേവാലയങ്ങളില്‍ ആശീര്വദിക്കപ്പെടുന്നതുപോലെ പാര്‍ട്ടി അംഗങ്ങളുടെ വിവാഹം പാര്‍ട്ടി ഓഫീസുകളില്‍ ആശീര്‍വദിക്കുന്നു.
സഭയുടെ അടിസ്ഥാന പ്രമാണമായ ബൈബിള്‍ മാര്ട്ടിന് ലൂഥറിന്റെ കാലംവരെ സാധാരണക്കാരന് അപ്രാപ്യമായ ഒന്നായിരുന്നു. ദേവാലയ ശുശ്രൂഷകള്‍ക്ക് ഉപയോഗിച്ചിരുന്ന ഭാഷ ലത്തീന്‍ ആയിരുന്നു. പ്രാദേശിക ഭാഷകളിലേയ്ക്ക് ആരാധനാക്രമങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ട് കുറഞ്ഞ കാലമേ ആയിട്ടുള്ളൂ. 1960 കളില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് ഏറ്റവും കൂടുതല്‍ എതിരുനിന്നത് സാക്ഷാല്‍ ഇഎംഎസ് ആയിരുന്നു. മാനിഫെസ്റ്റോ സാധാരണക്കാരന് വായിക്കേണ്ട ഒന്നല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ന്യായം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ജനയുഗം പ്രസിദ്ധീകരണ ശാലയാണ് തദ്ദേശീയമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി മലയാളത്തില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്.
മരണാനന്തരം ശരീരം അഴുകാതെയിരിക്കുന്നത് വിശുദ്ധിയുടെ അടയാളമായി ക്രിസ്ത്രീയ സഭ കാണുന്നു. അങ്ങനെയുള്ള വിശുദ്ധ ശരീരങ്ങളെ വണങ്ങുകയും പൊതുദര്‍ശനത്തിനു വയ്ക്കുകയും ചെയ്യുന്നത് സഭാവിശ്വാസത്തിന്റെ ഭാഗമാണ്. മോസ്ക്കോയില്‍ ലെനിന്റേയും കൊറിയയില്‍ കിം ഉല് സുംഗിന്റേയും ഭൗതികശരീരങ്ങള്‍ എംബാം ചെയ്ത് പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു.
ക്രിസ്തീയ സഭയുടെ ആദ്യദശകങ്ങളില്‍ ദൈവത്തിന്റേയോ വിശുദ്ധരുടെയോ പ്രതിമകളും ചിത്രങ്ങളുംവെച്ച് ആരാധിക്കുന്നത് നിഷിദ്ധമായിരുന്നു. സഭാ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായതോടെ സഭയില്‍ കടന്നുകൂടിയ റോമന്‍ സംസ്ക്കാരത്തിന്റെ സ്വാധീനമാണ് പ്രതിമകളും ചിത്രങ്ങളും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണം കൈയാളാന്‍ തുടങ്ങിയതോടെയാണ് നേതാക്കന്മാരുടെ ചിത്രങ്ങളും അവര്‍ക്ക് മുദ്രാവാക്യങ്ങള്‍ വിളികളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
“രാഷ്ട്രീയ ബന്ധവും വിധേയത്വവും ദൈവീക നിയമത്തിന് അനുസൃതമായിരിക്കണം. മതവിരുദ്ധമായ രാഷ്ട്രീയ നിലപാട് അസ്വീകാര്യമാണ്”. കത്തോലിക്കാ സഭയുടെ ഈ നിലപാടിന്റെ ഫലമായി മധ്യയുഗങ്ങളില്‍ രാഷ്ട്രീയാധികാരികളുമായി സഭയ്ക്ക് പല സംഘട്ടനങ്ങളിലും ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. ഈ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ “സഭ ആധുനിക യുഗത്തില്‍” എന്ന പ്രമാണ രേഖയില്‍ സഭയും രാഷ്ട്രവും അതാതിന്റെ മണ്ഡലങ്ങളില്‍ സ്വതന്ത്രവും അനാശ്രയിയും സ്വയംഭരണമുള്ളതുമായി പ്രഖ്യാപിക്കുന്നു.
അടുത്തുവരുന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സമ്മേളനത്തില്‍ പാര്‍ട്ടിയും ഭരണവും അതാതിന്റെ മണ്ഡലങ്ങളില്‍ സ്വതന്ത്രമായിരിക്കണമെന്ന നിലപാട് സ്വീകരിക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ട് സഭയുടെ നിലപാടുമായി ചേര്‍ത്തുവച്ച് വായിക്കേണ്ടതാണ്.
ഇങ്ങനെ നോക്കിയാല്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങളുടെ ഭൗതിക തലത്തിലുള്ള അനുകരണങ്ങളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാലാകാലങ്ങളില്‍ സ്വീകരിച്ചുപോന്നത് എന്നു കാണാന്‍ കഴിയും.
ടി.എസ്.ബേബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: