മിറാന്‍ഷാ: അഫ്ഗാനിലെ നാറ്റോ സേനയ്ക്കു പാത തുറന്നുകൊടുത്താല്‍ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് താലിബാന് മുന്നറിയിപ്പ്. തെഹ്രിക് ഇ താലിബാന് വക്താവ് ഇഹ്സാനുള്ള ഇസാനാണ് ഇക്കാര്യമറിയിച്ചത്. അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാല്‍ പാക് എംപിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വധിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ പാക്കിസ്ഥാനില്‍ ആക്രമണ പരമ്പര തന്നെ നടത്തുമെന്നും താലിബാന് വ്യക്തമാക്കി. അഫ്ഗാന് അതിര്‍ത്തിയിലെ പാക് ചെക്ക്പോസ്റ്റിനു നേരെ നാറ്റോ നടത്തിയ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനിലേക്കുള്ള പാത പാക്കിസ്ഥാന് അടച്ചത്. നവംബറിലെ യാദൃച്ഛികമായ ദുരന്തത്തെ തുടര്‍ന്ന്, ചില ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ദേശീയ സെക്യൂരിറ്റി കമ്മറ്റി പാത അടച്ചിടാന്‍ തീരുമാനിച്ചത്. 2014 ഓടെ അഫ്ഗാനില്‍നിന്ന് വിദേശസൈന്യം പോകുമെന്നാണ് യുഎസ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കഴിഞ്ഞവര്‍ഷം നവംബറില്‍ പാക്കിസ്ഥാനില്‍ നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് സൈനികര്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പാക് സൈനികര്‍ക്കെതിരായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒരു യുഎസ് സൈനികനെതിരെയും നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ സൈന്യം തീരുമാനിച്ചിട്ടില്ലെന്നും രണ്ടാംഘട്ട അന്വേഷണത്തിന്റെ ഫലമായി, സൈനികര്‍ സ്വയം പ്രതിരോധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പാക് സൈനികര്‍ക്കെതിരെ വെടിവെയ്പ്പ് നടത്തിയതെന്നും, എന്നാല്‍ ഇവരെ ശിക്ഷിക്കാന്‍ പറ്റില്ലെന്നും അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരും തന്നെ ക്രിമിനല്‍ കുറ്റകൃത്യം ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബറിലെ സംഭവത്തിനുശേഷം യുഎസും പാക്ഭരണകൂടവും ചേര്‍ന്ന്, അഫ്ഗാനിസ്ഥാനില്‍ സംയുക്ത പദ്ധതി ആരംഭിച്ചിരുന്നു. 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരു രാഷ്ട്രങ്ങളിലേയും സൈനികര്‍ ഒരുപോലെ കുറ്റം ചെയ്തിട്ടുണ്ടെന്നാണ് അമേരിക്ക നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ അമേരിക്കന്‍ അന്വേഷണ റിപ്പോര്‍ട്ട് പാക്കിസ്ഥാന്, നിരാകരിക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: