തിരുവനന്തപുരം : ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റ് വിഭജനവും യുഡിഎഫില്‍ പ്രശ്നം രൂക്ഷമാക്കുന്നു. ഇതൊരു പ്രതിസന്ധിയിലേക്ക് വളരുമെന്ന സൂചനയാണ് ലഭിക്കുന്നത്. മുസ്ലീംലീഗിന് അഞ്ചാം മന്ത്രിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചത് യുഡിഎഫ് അല്ല. മുസ്ലീം ലീഗ് പ്രസിഡന്റ് തങ്ങളാണ്. തങ്ങള്‍ പറഞ്ഞാല്‍ അത് നടന്നിരിക്കുമെന്നും അവര്‍ വീമ്പടിച്ചിരുന്നു. ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. പക്ഷെ അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെയും തയ്യാറായിട്ടില്ല. കെപിസിസി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ലെന്നാണ് പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. അഞ്ചാം മന്ത്രി സ്ഥാനത്തിന്റെ പേരില്‍ വിവാദത്തിനില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും പ്രസ്താവിച്ചിരുന്നു. ഇത് ലീഗില്‍ ശക്തമായ ഭിന്നിപ്പാണ് സൃഷ്ടിച്ചത്.
പിറവത്ത് നിന്ന് ജയിച്ച അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ ലീഗിന്റെ മന്ത്രിയും സത്യവാചകം ചൊല്ലണമെന്നാണ് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ലീഗിന്റെ മന്ത്രിയെ ലഭിക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അവര്‍ പരസ്യമായി രംഗത്തിറങ്ങാനും തുടങ്ങി. ഇന്നലെ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് യൂത്ത് ലീഗിന്റെ പേരില്‍ നടന്ന പ്രകടനം ഇതിന്റെ ഭാഗമാണ്. അഞ്ചാം മന്ത്രിയെ ലഭിച്ചില്ലെങ്കില്‍ ലീഗിന് ഒരു മന്ത്രിയും വേണ്ടെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം സമവായത്തിലെത്താനുള്ള നീക്കവും ആരംഭിച്ചു.
മേയില്‍ ഒഴിവുവരുന്ന രാജ്യസഭാസീറ്റുകളിലൊന്ന് നല്കി ലീഗിനെ പാട്ടിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മേയില്‍ പി.ജെ.കുര്യന്, കെ.ഇ. ഇസ്മയില്‍, പി.ആര്.രാജന് എന്നിവരുടെ ഒഴിവുകളാണ് രാജ്യസഭയിലേയ്ക്ക് വരുന്നത്. ഇപ്പോഴത്തെ അംഗബലമനുസരിച്ച് യുഡിഎഫിന് രണ്ടും എല്‍ഡിഎഫിന് ഒന്നും സീറ്റ് ലഭിക്കും. എല്‍ഡിഎഫ് സീറ്റ് സിപിഎം എടുക്കുമെന്നതില്‍ സംശയമില്ല. സിപിഐയും അവകാശവാദം ഉന്നയിച്ചേക്കും. രണ്ട് യുഡിഎഫ് സീറ്റുകളില്‍ ഒന്ന് കോണ്ഗ്രസ്സിനാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബാക്കിയുള്ള ഒരു സീറ്റ് ലീഗിന് വിട്ടുകൊടുത്ത് അഞ്ചാംമന്ത്രിസ്ഥാനം എന്ന പ്രശ്നം എന്നെന്നേയ്ക്കുമായി തീര്‍ക്കാനാണ് കോണ്‍ഗ്രസ്സിന് താല്പര്യം. എന്നാല്‍ ലീഗ് വഴങ്ങില്ല.
അതോടൊപ്പംതന്നെ രാജ്യസഭാസീറ്റിനായി ഏറെ നാളായി മുറവിളി കൂട്ടുന്ന മാണിഗ്രൂപ്പിന്റെ അവകാശവാദവും സജീവമാണ്. ഇനി രണ്ട് സീറ്റ് യുഡിഎഫിന് ഒരുമിച്ച് കിട്ടുമ്പോള്‍ ഒന്ന് മാണിക്ക് എന്നതായിരുന്നു കഴിഞ്ഞ തര്ക്കസമയത്തെ ധാരണ. ആ ധാരണ തെറ്റിച്ച് ലീഗിന് സീറ്റ് വിട്ടുകൊടുക്കണമെങ്കില്‍ മാണിഗ്രൂപ്പിന് മേറ്റ്ന്തെങ്കിലും കാര്യമായ സ്ഥാനം നല്‍കേണ്ടിവരും. അതെന്ത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയൊന്നും ഉണ്ടായിട്ടുമില്ല. മാണി ഒരു മന്ത്രിയെക്കൂടി ലഭിക്കണമെന്ന് വാശിപിടിച്ചതാണ്. പി.സി. ജോര്‍ജ്ജിന് ചീഫ് വിപ്പ് പദവി നല്കി അത് ഒതുക്കിത്തീര്‍ക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര പ്രശ്നത്തോടെ മന്ത്രിസഭ മറിച്ചിടില്ലെന്ന ‘സൗജന്യം’ സിപിഎം ഉപേക്ഷിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ മാണി പിടിമുറുക്കാനാണ് സാധ്യത. കോണ്‍ഗ്രസ് വഴങ്ങുന്നില്ലെങ്കില്‍ മന്ത്രിസഭയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാകുന്ന സാഹചര്യമാണ് ഒരുങ്ങുന്നത്. ബുധനാഴ്ച യുഡിഎഫ് യോഗം ചേരുന്നുണ്ട്. 30ന് ചേരാനിരുന്ന ലീഗിന്റെ യോഗം മാറ്റിവയ്ക്കുകയും ചെയ്തു. 28ന് ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ എല്ലാ പാര്‍ട്ടികളും വെവ്വേറെ യോഗം ചേര്‍ന്ന് അനന്തര നടപടികള്‍ ആലോചിക്കും.
ഇതിനിടെ, മുസ്ലീംലീഗ് നേതാവും കേന്ദ്ര വിദേശകാര്യമന്ത്രിയുമായ ഇ. അഹമ്മദിന്റെ പാര്‍ലമെന്റംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേരള മുസ്ലീം ലീഗ് എന്ന പാര്‍ട്ടി ഔദ്യോഗികമായി ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗില്‍ ലയിച്ച സാഹചര്യത്തില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള അഹമ്മദിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മുസ്ലീംലീഗ് കേരള എന്ന രജിസ്റ്റര്‍ ചെയ്ത ഒരു സംസ്ഥാന പാര്‍ട്ടിയാണെന്ന കാര്യം വിദേശകാര്യ മന്ത്രാലയം തെറ്റായി വ്യാഖ്യാനിച്ചത് ശ്രദ്ധയില്‍പ്പെടാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കേരള മുസ്ലീംലീഗിന്റെയും ഇന്ത്യന്‍ യൂണിയന് മുസ്ലീം ലിഗിന്റെയും ലയനം അംഗീകരിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.
അതുകൊണ്ടുതന്നെ ലയനം അസാധുവാക്കണമെന്നും ഹര്‍ജിയില്‍ വാദിച്ചു. എ.എസ്. ഫാത്തിമയാണ് അഡ്വ. ബഹര്‍ ഉ ബറാഖി മുഖേന ഹര്‍ജി സമര്‍പ്പിച്ചത്. അഹമ്മദിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് വിപിന്‍ സംഘ്വി അഹമ്മദ്, തെരഞ്ഞെടുപ്പ് കമ്മീഷന്, നിയമമന്ത്രാലയം, ലോക്സഭാ സ്പീക്കര്‍ എന്നിവരില്‍നിന്ന് വിശദീകരണം തേടി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: