കൊച്ചി: മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക്മേല് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തില്‍ യുഡിഎഫില്‍ അസ്വസ്ഥത ഉയരുന്നു. പാമോലിന്‍ കേസിലെ വിജിലന്‍സ് ജഡ്ജിക്കെതിരെയുള്ള പരാമര്‍ശം മുതല്‍ നെയ്യാറ്റിന്‍കര എംഎല്‍എയുടെ രാജിവരെയുള്ള സംഭവവികാസങ്ങളിലൂടെ ഇദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ സ്വയംപ്രഖ്യാപിത സംരക്ഷകനായി മാറിയിരിക്കുകയാണെന്നാണ് യുഡിഎഫ് നേതാക്കള്‍ അടക്കം പറയുന്നു.
കെ.എം. മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ മുറുമുറുപ്പുണ്ടത്രേ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരുംതന്നെ ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം നെയ്യാറ്റിന്‍കര സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെ നേതാക്കള്‍ പ്രതിഷേധസ്വരം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
വര്‍ധിച്ചുവരുന്ന പൂഞ്ഞാര്‍ സ്വാധീനം മൂലം മുഖ്യമന്ത്രിയുടെ പല വിശ്വസ്തരും ഇപ്പോള്‍ അദ്ദേഹവുമായി അകന്നുതുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പം നിന്നിരുന്ന എ വിഭാഗത്തിലെ പലരും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചതായാണ് സൂചന.
എന്നാല്‍ ‘പൂഞ്ഞാര്‍ സിംഹ’ത്തെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിക്ക് വന്‍ഭീഷണി ഉയര്‍ന്നേക്കുമെന്ന ഘട്ടത്തിലൊക്കെ രക്ഷക്ക് എത്തിയത് പി.സി. ജോര്‍ജാണ്. പാമോലിന്‍ കേസില്‍നിന്നും മുഖ്യമന്ത്രിക്ക് തലയൂരാനായത് ജഡ്ജിക്കെതിരെയുള്ള പി.സി. ജോര്‍ജിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ്. വിജിലന്‍സ് ജഡ്ജി കേസില്നിന്നൊഴിവാകുകയും ചെയ്തു.
പിറവം ഉപതെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടിക്ക് വന്‍ ഭീഷണി ഉയര്‍ന്നേക്കുമെന്ന ഘട്ടത്തില്‍ ശെല്‍വരാജിന്റെ രാജിയിലൂടെ അതിനെ മറികടക്കുകയും മുഖ്യമന്ത്രിയുടെ നില ഭദ്രമാക്കുകയും ചെയ്തു. ഇതിലൂടെ യുഡിഎഫിലെതന്നെ പല പ്രമുഖരുടെയും മുഖ്യമന്ത്രിമോഹമാണ് ഇല്ലാതാക്കിയത്. യുഡിഎഫില്‍ അട്ടിമറിക്കുള്ള വിദൂരസാധ്യത പോലും ഒഴിവാക്കുകയും എല്‍ഡിഎഫിന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്തു. ഇതിലൂടെ പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്ക് മേലുള്ള തന്റെ സ്വാധീനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. നിയമസഭാംഗത്വമായി ജൂബിലി ആഘോഷിച്ച നേതാവിന് അവസരങ്ങള്‍ക്കായി അനിശ്ചിതമായി കാത്തിരുന്നാലേ മുഖ്യമന്ത്രിയാകാനാവുകയുള്ളൂ. ഭരണതലത്തിലെ നിര്‍ണായക സ്വധീന ശക്തിയായിട്ടുള്ള വളര്‍ച്ചയാണ് കോണ്‍ഗ്രസിലും മറ്റ് യുഡിഎഫ് നേതാക്കളിലും പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നെയ്യാറ്റിന്‍കര സ്ഥാനാര്‍ത്ഥി പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന വെടികള്‍ ഉയരുന്നത്. ഇത് പൂഞ്ഞാര്‍ സിംഹത്തെയും അസ്വസ്ഥനാക്കുന്നുണ്ടത്രേ.
എന്തെല്ലാം പ്രശ്നമുണ്ടായാലും ശെല്‍വരാജിനെ സംരക്ഷിക്കേണ്ട ബാധ്യത മുഖ്യമന്ത്രിയുടെ തലയില്‍ വരികയും ചെയ്തിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ ഇപ്പോഴില്ലെങ്കിലും വരുംനാളുകളില്‍ പൂഞ്ഞാര്‍ കിംഗ്മേക്കര്ക്കെതിരെ യുഡിഎഫിലെ പലരും പരസ്യമായി രംഗത്തുവന്നേക്കുമെന്നാണ് സൂചന. എല്‍ഡിഎഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനൊപ്പം നിന്ന് സംരക്ഷകനായി ചമയുകയും ഇപ്പോള്‍ അച്യുതാനന്ദന്റെ ശക്തനായ വിമര്‍ശകനായി മാറുകയും ചെയ്ത കാര്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും പരോക്ഷ സൂചനകളും നേതാക്കള്‍ നല്കിയിട്ടുണ്ടത്രെ.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: