മറ്റത്തൂര്‍കുന്ന് : കൊടകര മറ്റത്തൂര്‍ കുന്നില്‍ നടന്നു വരുന്ന സാഗ്നിക അതിരാത്രത്തിന്റെ മഹാവേദികരണം കഴിഞ്ഞു. ഇന്ന് പരമപ്രധാനമായ ചിതി നിര്‍മ്മാണം ആരംഭിക്കും. പുലര്‍ച്ചെ വ്രതദേഹത്തോടും വിഷ്ണുക്രമണവും വാത്സപ്ര ഉപസ്ഥാപനത്തിനുശേഷമാണ് മൂന്നാം ദിവസത്തെ പ്രധാന ചടങ്ങുകളിലേക്ക് പ്രവേശിപ്പിച്ചത്. യാഗത്തിന്റെ യൂപസജ്ജീകരണം നടത്തി. കൂവളത്തിന്റെ തൂണ് പ്രതിരൂപാത്മകമായി വെട്ടി കൊമ്പുകളഞ്ഞ് വൃത്തിയാക്കിയതിനുശേഷം എട്ട് മൂലയുള്ള തൂണ് തയ്യാറാക്കി. ഈ തൂണിലാണ് യാഗപശുവിനെ കെട്ടുക.
യൂപത്തിന്റെ തൊട്ടുപടിഞ്ഞാറെ ഭാഗത്തായാണ് മഹാവേദി. കിഴക്കേ അറ്റത്താണ് ശേന്യചിതി നിര്‍മിക്കുക. ഇന്നത്തെ വളരെയേറെ പ്രാധാന്യമുള്ള ചടങ്ങുകളില്‍ ഒന്നാണ് ചിതി നിര്‍മാണം. ഇനിയുള്ള നാളുകള്‍ അതിരാത്രത്തെ സംബന്ധിച്ച് വളരെയേറെ പ്രധാന്യമേറിയതാണ്. ചിതി നിര്‍മ്മിക്കുന്നതിന്റെ മുന്നോടിയായാണ് മഹാവേദീകരണം അഥവ വേദി അളക്കല്‍ ചടങ്ങ് നടന്നത്. തുടര്‍ന്നാണ് അധ്വര്യു മഹാവേദിക്ക് വേണ്ടിയുള്ള ക്ഷേത്രം അളന്ന് തിട്ടപ്പെടുത്തിയത്. വളരെ സൂക്ഷ്മവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ചടങ്ങുകള്‍ വീക്ഷിക്കുവാനും, അനുഗ്രഹത്തിനുമായി ആയിരങ്ങളാണ് അതിരാത്രഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
നാലാം ദിവസമായ ഇന്നാണ് അതിരാത്രത്തിന്റെ വളരെയേറെ പ്രാധാന്യമേറിയ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്. പുലര്‍ച്ചെ 2.30ഓടെ ചടങ്ങുകള്‍ ആരംഭിക്കും. പ്രയിഷാര്ത്ഥത്തോടെയാണ് ആരംഭിക്കുന്നത്. ഉപസ്ഥാനത്തിനും, പ്രായണീയേഷ്ടിപദം എന്നീ ചടങ്ങുകള്‍ക്കും ശേഷമാണ് സോമക്രയം അഥവാ സോമലത സ്വീകരിക്കല്‍ നടക്കുന്നത്. അതിനുശേഷം യജമാനനും അധ്വര്യവും ചേര്‍ന്ന് പടിഞ്ഞാറെ ശാലയില്‍ എത്തി സോമലതകൊണ്ടുവന്ന് ഒരു പീഠത്തില്‍ വെക്കും. അശ്വനിദേവന്മാര്ക്ക് ചൂടുള്ള പാല് സമര്‍പ്പിക്കുന്ന പ്രവര്ഗ്യത്തിനുശേഷമാണ് അതിരാത്രത്തിന്റെ പവിത്രമായ ചടങ്ങുകളില്‍ ഒന്നായ ചിതിയുടെ നിര്‍മ്മാണത്തിനുവേണ്ടിയുള്ള സംസ്കാരം നടക്കുക.
ഭൂസംസ്കാരം നടത്തിയതിനുശേഷം ചിതിയുടെ ഒന്നാം പടവ് വിരിക്കും. ഒരു പടവില്‍ ഇരുന്നൂറ് ഇഷ്ടികകളാണ് അടുക്കുക. അഞ്ച് ദിവസം കൊണ്ടാണ് ഗരുഡചിതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: