ഭുവനേശ്വര്‍: ഒഡീഷയിലെ കാന്ധമാലില്‍ നിന്ന് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വിയുടെ ഓഫീസിലാണ് ഇറ്റാലിയന്‍ വിനോദസഞ്ചാരിയായ ക്ലൗഡിയോ കൊലാഞ്ജലോയെ മാവോയിസ്റ്റുകള്‍ എത്തിച്ചത്.
പത്തു ദിവസം മുന്‍പാണ് ബസുസ്കോ പൗലോ, ക്ലൗഡിയോ കൊലാഞ്ജലോ എന്നിവരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയത്. ഇവരെ വിട്ടയയ്ക്കാന് മാവോയിസ്റ്റുകള്‍ 13 ആവശ്യങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണു മോചനം. ഒഡീഷയിലെ കുന്തമാള്-ഗന്ജാ അതിര്‍ത്തി പ്രദേശത്ത് ഗിരിവര്‍ഗ സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് വിനോദസഞ്ചാരികളെ മാവോയിസ്റ്റുകള്‍ പിടികൂടി ബന്ദികളാക്കിയത്.
മാവോയിസ്റ്റുകളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാവോയിസ്റ്റുകള്‍ മുന്നോട്ട് വച്ചത്. ഇവരുടെ മോചനത്തിനായി മാവോവാദികളുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ബി.ഡി.ശര്‍മ, ദണ്ഡപാണി മൊഹന്തി എന്നിവരെ നിയോഗിച്ചിരുന്നു.
അതേസമയം മാവോവാദികള്‍ തട്ടിക്കൊണ്ടു പോയ ബി.ജെ.ഡി എം.എല്‍.എ ജിനാ ഹികാകയെ (37) മോചിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊറാപുട് പട്ടണത്തില്‍ നിന്ന് തന്റെ മണ്ഡലമായ ലഖിംപൂരിലേക്ക് പോകുമ്പോള്‍ അന്‍പതോളം സായുധ തീവ്രവാദികള്‍ വാഹനം തടഞ്ഞ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വിവരം അധികൃതരെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് ഹികാകയുടെ ഡ്രൈവറെയും അംഗരക്ഷകനെയും മാവോയിസ്റ്റുകള്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: