പിറവം ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ വിജയവും എല്‍ഡിഎഫിന്റെ തോല്‍വിയും മാത്രമല്ല വിളിച്ചു പറയുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ കേരള രാഷ്ട്രീയത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ജീര്‍ണ്ണതകളാണ് ഗൗരവപൂര്‍വ്വം വീക്ഷിക്കപ്പെടേണ്ടതായിട്ടുള്ളത്. വര്‍ഗ്ഗീയതയും സാമുദായിക പ്രീണനങ്ങളും സാമ്പത്തിക ക്രമക്കേടുകളും ഒരു ജനാധിപത്യത്തിന് എത്രമാത്രം ഹാനികരമാകുമെന്ന ആപത് ശങ്കയിലേക്കാണ് പിറവം വിരല്‍ചൂണ്ടുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ചീഫ് വിപ്പിനെ ഉപയോഗിച്ച് എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം മുമ്പുതന്നെ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. പണത്തിന് ഇളകാത്തവരെ മറ്റുമാര്ഗങ്ങളുപയോഗിച്ച് ചാടിച്ചുകൊണ്ടു വരാനുള്ള തന്ത്രങ്ങള്‍ വരെ ആവിഷ്കരിച്ചിരുന്നുവത്രേ. സഖാവ് എന്ന വാക്കിന് അര്‍ത്ഥമില്ലാതായ ഈ കാലഘട്ടത്തില്‍ ആന്തരിക പോരാട്ടം സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയെ അടിമുടി അപചയത്തിലാഴ്ത്തിയിരിക്കയാണ്. വളരെ ഗുരുതരമായ പ്രതിസന്ധി തങ്ങളെ തിന്നുതീര്‍ക്കുമെന്ന ഭയപ്പാടിലാണ് ഇരുമുന്നണികളും പിറവത്ത് കൊമ്പുകോര്‍ത്തത്.
എന്നാല്‍ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത നാണക്കേടുകളാണ് ഇരുമുന്നണികളും ക്ഷണിച്ചവരുത്തി പിറവം വഴി മലയാളിയുടെ മേല്‍ വെച്ചുകെട്ടിയിട്ടുള്ളത്. സാധാരണ പതിവുള്ള ജയ-തോല്‍വി വിലയിരുത്തലിനപ്പുറം മലയാളി ചിന്തിക്കേണ്ട വിഷയങ്ങള്‍ പിറവം ഉപതെരഞ്ഞെടുപ്പ് ഉയര്‍ത്തിയിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ ഇതിന്റെ തനിയാവര്‍ത്തനം കൂടുതല്‍ നാറ്റത്തോടെ കേരളീയര്‍ക്ക് സഹിക്കേണ്ടിവരും. രാഷ്ട്രീയ ജീര്‍ണ്ണതയുടെ ചെളിക്കുണ്ടില്‍ കൂടുതല്‍ ആണ്ടുപോകാതെ നമ്മുടെ സംസ്ഥാനത്തെ രക്ഷപ്പെടുത്താനുള്ള അടിയന്തിര നടപടികള്‍ അനിവാര്യമാണ്.
അധാര്‍മ്മികതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി ഇന്ത്യന്‍ രാഷ്ട്രീയം മാറുന്നതില്‍ കുണ്ഠിതരാകാത്ത ഭാരതീയരുണ്ടാകില്ല. ജാതിമത വര്‍ഗ്ഗീയ ശക്തികളുടെ കുത്സിത പ്രവര്‍ത്തനങ്ങളും ആപ്തകരമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മൊത്തത്തില്‍ ദേശീയ രാഷ്ട്രീയം ദിശാബോധം നഷ്ടപ്പെട്ട് താഴോട്ടു പോക്കിലാണുള്ളത്. എന്നാല്‍ കേരള രാഷ്ട്രീയം ജീര്‍ണ്ണതയുടെ നെല്ലിപ്പലകയോളം അപകടത്തിലെത്തിയിരിക്കയാണ്. പിറവം തുറന്നുകാട്ടിയിട്ടുള്ളത് നമ്മുടെ ജീര്‍ണ്ണതയുടെയും അപചയത്തിന്റെയും ആഴവും പരപ്പുമാണ്.
ഇടത്-വലത് മുന്നണികളും ബിജെപിയും അവരുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്തു പ്രയോഗിച്ച തെരഞ്ഞെടുപ്പായിരുന്നു പിറവത്ത് പിറവിയെടുത്തത്. സിപിഎം- കോണ്‍ഗ്രസ്-ബിജെപി പ്രസ്ഥാനങ്ങളുടെ സംസ്ഥാനത്തെ ഉന്നതന്മാര് തന്നെ നേരിട്ടു നേതൃത്വം നല്‍കിയാണ് അവിടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത്. ഇതില്‍ ബിജെപി എന്തെങ്കിലും അധാര്മ്മികവഴികള് തേടിയതായി ആര്‍ക്കും ആക്ഷേപിക്കാനാവില്ല. എന്നാല്‍ മതേതരകക്ഷികളെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടികള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത നാണംകെട്ട ജാതി-മത-വര്‍ഗ്ഗീയ പ്രീണന രാഷ്ട്രീയമാണ് അവിടെ നടത്തിയത്. മദ്യവും പണവും ഇത്രയധികം വാരിയൊഴുക്കിയ മറ്റൊരു തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടാനുണ്ടാവില്ല.
തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ശവപറമ്പായിരുന്നു പിറവം. “കമ്യൂണിസ്റ്റ് സാഹോദര്യമെല്ലാം മാറി. പാര്‍ട്ടി മാറി. പാര്‍ലമെന്ററി വ്യാമോഹത്തിനാണ് മേല്‍ക്കൈ. പാര്‍ട്ടിയില്‍ പുതിയ സംസ്കാരമുള്ള ആളുകളാ” എന്ന സരോജനി ബാലാനന്ദന്റെ അഭിപ്രായം ശരിയാണെന്ന സത്യം പിറവം തെളിയിച്ചിരിക്കുന്നു.
സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജാതി മതപ്രീണനം മുഖമുദ്രയാക്കിയ നാണംകെട്ട ചരിത്രം കേരളത്തിലെ കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കക്ഷികള്ക്കുള്ളതാണ്. പുരോഗമന മതേതരത്വം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് 1946ല്‍ ജാതി സംഘടനകളിലേക്കു കടന്നുചെന്ന് സ്വാധീനമുണ്ടാക്കാന്‍ സ്വന്തം കേഡര്‍ നേതാക്കളെ യോഗക്ഷേമസഭ, എസ്എന്‍ഡിപി, പുലയമഹാസഭ തുടങ്ങിയ പ്രസ്ഥാനങ്ങളിലേക്കയച്ചത്. അപ്രകാരം എസ്എന്ഡിപിയിലേക്കയച്ച ശ്രീ ഗംഗാധരന് അവസാനം കമ്മ്യൂണിസം ഉപേക്ഷിച്ച് ശ്രീനാരായണനീയനായത് മറ്റൊരു ചരിത്രം. പ്രസ്തുത ഗംഗാധരന്റെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ ശ്രീ വി.എസ്. അച്യുതാനന്ദന് പങ്കെടുക്കുന്നതിന്റെ പേരില്‍ സി.പി.എമ്മില്‍ മറ്റൊരു ആന്തരിക പോരാട്ടമുഖം തുറന്നിരിക്കുകയാണ്.
1957ല്‍ കമ്മ്യൂണിസം കേരളത്തില്‍ ബാലറ്റിലൂടെ അധികാരമേറ്റപ്പോള്‍ ശ്രീ റാം മനോഹര്ലോഹ്യ അഭിപ്രായപ്പെട്ടത് ‘ഇത് തത്വാധിഷ്ഠിത വിജയമല്ലെന്നായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ ന്യൂനപക്ഷായിസവും കമ്മ്യൂണിസം രാഷ്ട്രീയ ഹിന്ദൂയിസവുമാണെന്ന് അദ്ദേഹം തുറന്നെഴുതാനും മടിച്ചിരുന്നില്ല. ബിഷപ്പ് ഹൗസുകളും ജാതിമത അരമനകളും കയറിയിറങ്ങുന്ന കേരളത്തിലെ നാണംകെട്ട കോണ്‍ഗ്രസ് രാഷ്ട്രീയം കണ്ട് ഗുല്‍സാരിലാല്‍ നന്ദ “കേരളത്തിലെ കോണ്‍ഗ്രസിനെ ദേശീയ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സിക്ക് യൂണിറ്റായി (ശെരസ ൗിശി) വിശേഷിപ്പിച്ചിരുന്നു.
പിറവത്ത് ഇരുമുന്നണികളും മുനയൊടിഞ്ഞ പഴയ ജാതി-മത പ്രീണന ആയുധം മിനുക്കിയെടുത്ത് പ്രയോഗിക്കുകയായിരുന്നു. ഇരുമുന്നണികള്‍ക്കും വോട്ടുകൂടിയപ്പോള്‍ ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ 3 ശതമാനം വോട്ട് ഇപ്പോള്‍ 2 ശതമാനമായി കുറയുകയാണുണ്ടായത്. ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അടിവെച്ചു നീങ്ങുമ്പോള്‍ ഉണ്ടാകുന്ന നഷ്ടമെന്നതിനപ്പുറം മറ്റുതലങ്ങള്‍ ദോഷഘടകങ്ങളായി പാര്‍ട്ടിക്കു ക്ഷീണം സംഭവിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നെയ്യാറ്റിന്‍കരയില്‍ ഇരുമുന്നണികളും ‘പിറവം ശൈലി’ ആവര്ത്തിക്കാതിരിക്കയാണുവേണ്ടത്. ജനങ്ങളെ പഠിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ട അധ്യാപകരാണ് രാഷ്ട്രീയക്കാരെന്ന് പ്രഖ്യാപിച്ച നെഹ്റുവിന്റെ വാക്കുകള്‍ ഉള്‍ക്കൊള്ളുകയും ജീര്‍ണ്ണത സൃഷ്ടിക്കുന്ന സമീപനം ഒഴിവാക്കുകയും വേണം.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: