കാവാലമുക്കിലെ ഗോപാലേട്ടന്റെ ദേവീ വിലാസം ചായക്കടയിലെ ‘ഇവിടെ രാഷ്ട്രീയം പാടില്ലെ’ന്ന നീലമഷിയിലെഴുതിയ ബോര്‍ഡ് ഇപ്പോഴാരും ശ്രദ്ധിക്കാറില്ല; ബോര്‍ഡ് ചായക്കടയുടെ മരത്തൂണില്‍ എഴുതി തൂക്കിയ ഗോപാലേട്ടന് പോലും. പിറവം മണ്ഡലം കിലോമീറ്ററുകള്‍ അകലെയും നാല് ജില്ലകള്‍ക്ക് അപ്പുറത്തുമാണെങ്കിലും ഉപതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ സ്വന്തം വാര്‍ഡ് തെരഞ്ഞെടുപ്പിന്റെ വാശിയായിരുന്നു ദേവീ വിലാസം ചായക്കടയില്‍ സൃഷ്ടിച്ചിരുന്നത്.
വിഢ്ഡിപ്പെട്ടിയില് ചാനലുകള്‍ വിളമ്പിയ ലൈവായും അല്ലാതെയുമുള്ള സ്റ്റോറികളും എക്സ്ക്ലൊാസെവുകളും തൊട്ടടുത്ത ദിവസം ദേവീ വിലാസത്തില്‍ ചൂടന്‍ ചര്‍ച്ചകളായിട്ടാണ് പരിണമിച്ചിരുന്നത്. പാര്‍ട്ടി പത്രത്തിലും ‘നിഷ്പക്ഷ’ പത്രത്തിലും നീക്കിവെച്ചിരുന്ന പിറവം പേജിലെ ചെറുതും വലുതുമായ വാര്‍ത്തകളും ഉച്ചത്തിലുള്ള വാഗ്വാദങ്ങള്‍ക്ക് വരെ കാരണമായി. ദേവീ വിലാസത്തില്‍ സാധാരണ ഇതൊന്നും അനുവദനീയമല്ല. ആരുടെയെങ്കിലും സംഭാഷണം രാഷ്ട്രീയത്തിലേക്ക് കടന്നാല്‍ ചായ തയ്യാറാക്കുന്നതിനിടയിലായാലും ഗോപാലേട്ടന് ജോലി നിര്‍ത്തിവെച്ച് ക്ഷോഭിക്കും.
പക്ഷെ, പിറവം ഗോപാലേട്ടനെയും രാഷ്ട്രീയ ചര്‍ച്ചയുടെ തിളക്കുന്ന എണ്ണയില്‍ തള്ളിയിടുകയായിരുന്നു. തെരഞ്ഞെടുപ്പ് തീയ്യതി അടുത്തടുത്ത് വന്നതോടെ ദേവീ വിലാസത്തിലെ രാഷ്ട്രീയ ചര്‍ച്ച ചിലവേള ചേരിതിരിഞ്ഞുള്ള കയ്യാങ്കളി വരെ എത്തി. എന്നിട്ടും ഗോപേലേട്ടന് ആരുടെ നേരെയും കണ്ണുരുട്ടിയില്ല. ഒട്ടും ക്ഷോഭിച്ചതുമില്ല.
ഭരണപക്ഷ, പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം പിറവത്തെ ഓരോ വീട്ടുകാരെയും നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന അനുകമ്പാര്‍ഹമായ രംഗം ഏതൊരു പൗരനെയാണ് മനോവ്യഥയിലെത്തിക്കാതിരിക്കുക!! പി.ടി.ഉഷക്ക് മോസ്കോ ഒളിമ്പിക്സില്‍ മെഡല്‍ തലനാരിഴക്ക് നഷ്ടപ്പെട്ടതുപോലെയായിരുന്നുവല്ലോ അച്ചുമാമന് ഇത്തവണ മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടത്. പിറവത്ത് ഭരണപക്ഷം വീണാല്‍ പിറണായിക്കാരന്റെയും അച്ചുമാമന്റെയും തണലില്‍ പ്രതിപക്ഷത്തിന് പ്രസ്താവനകളുടെ മലവെള്ളപ്പാച്ചില്‍ നടത്തി ഉമ്മനെ കസേരയില്‍ നിന്ന് ഉരുട്ടി താഴെയിടാന്‍ കഴിയും. മറിച്ചാണെങ്കില്‍ ഉമ്മനും കൂട്ടര്‍ക്കും കൂടുതല്‍ ഞെളിഞ്ഞ് പിണറായിക്കാരന്റെയും അച്ചുമാമന്റെയും തലയില്‍ കൊട്ടു നാല് കൊടുക്കുകയുമാവാം. അല്ലെങ്കിലും പിണറായി സഖാവിപ്പോള്‍ ശെല്‍വന്റെ വലത്തോട്ടേക്കുള്ള പോക്കില്‍ ഖിന്നനും ക്ഷുഭിതനുമാണല്ലോ.
പിറവത്തെ സമ്മതിദാനം 86 ശതമാനവും കടന്നെന്ന് അറിഞ്ഞതോടെ ദേവീ വിലാസത്തിലെ ചര്‍ച്ചകള്‍ ഏറെക്കുറെ നിശബ്ദമായിരുന്നു. ഗോപാലേട്ടനാകട്ടെ അതുവരെയില്ലാത്ത മൗനത്തിലുമായി. എങ്കിലും ഗോപാലേട്ടന്റെയും മറ്റുള്ളവരുടെയും ആകാംക്ഷയും ഹൃദയമിടിപ്പും ദേവീ വിലാസത്തില്‍ ഫലമറിഞ്ഞ ദിവസം കാലത്ത് 11 മണി വരെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.
146 ന്റെ ഭൂരിപക്ഷം പന്ത്രണ്ടായിരവും കടത്തി പിറവത്തുകാര്‍ വലതന്നെ നിയമസഭയിലെത്തിച്ചപ്പോള് ദേവീ വിലാസത്തില്‍ സന്താപവും സന്തോഷവും ഇടകലര്‍ന്ന് പ്രകടമായി. ജയം ജനങ്ങളുടെ അംഗീകാരമാണെന്ന് ഉമ്മനും അതല്ല മദ്യത്തിന്റേതാണെന്ന് പിണറായിക്കാരനും ഒപ്പം ചേര്‍ന്ന് അച്ചുമാമനും പ്രസ്താവം നടത്തിയപ്പോള്‍ ദേവീവിലാസം വീണ്ടും പഴയ പടിയിലായി. ചായക്കടയുടെ മരത്തൂണിലാടുന്ന ബോര്‍ഡിലെ ‘ഇവിടെ രാഷ്ട്രീയം പാടില്ലെന്ന’ അക്ഷരങ്ങള്‍ ഗോപാലേട്ടന് വീണ്ടും കടുത്ത നീലച്ചായം കൊടുത്ത് തെളിച്ചമുള്ളതാക്കി, പിന്നെ ദീര്‍ഘനിശ്വാസമിട്ടു.
പി.പി.ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: