കൊളംബോ: ശ്രീലങ്കക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിച്ച ഇന്ത്യക്ക് മറുപടിയുമായി ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദാ രാജപക്സെ. പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങള്‍ തീവ്രവാദത്തിന്റെ അനന്തരഫലങ്ങളെയോര്ത്ത് ദുഃഖിക്കേണ്ടിവരുമെന്ന് രാജപക്സെ അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങള്‍ പ്രമേയത്തിനനുകൂലമായി വോട്ടുചെയ്തു. എന്നാല്‍ ശ്രീലങ്കയില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ ഐക്യരാഷ്ട്രസഭയോ മറ്റുള്ളവയോ ഇടപെടുന്നത് നിരോധിക്കുമെന്നും ഇത്തരത്തിലുള്ള വിമര്‍ശനാത്മകമായ ഭേദഗതികള്‍ നടപ്പിലാക്കുന്നത് തടയുന്നത് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പരമാധികാരത്തെ ഭീഷണിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ പുരോഗമന പ്രവര്‍ത്തനങ്ങളും പുനരേകീകരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലങ്കക്കെതിരായ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്ത 15 രാജ്യങ്ങളെയും വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന എട്ട് രാജ്യങ്ങളെക്കുറിച്ചും രാജപക്സെ പരാമര്‍ശിച്ചു.
അതേസമയം പ്രമേയത്തെ പിന്തുണക്കുന്നതിനുവേണ്ടി മറ്റ് രാജ്യങ്ങളെ യുഎസും മറ്റ് ശക്തരായ രാഷ്ട്രങ്ങളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍. പെരിസ് വ്യക്തമാക്കി. എല്‍ടിടിഇക്കെതിരായ 26 വര്‍ഷം നീണ്ട യുദ്ധം 2009 ലാണ് ലങ്കന്‍ സൈന്യം അവസാനിപ്പിച്ചത്. എന്നാല്‍ ലങ്കക്കെതിരെ ചുമത്തിയിരിക്കുന്ന യുദ്ധകുറ്റങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പ്രമേയത്തെ ശ്രീലങ്ക എതിര്‍ക്കുകയാണുണ്ടായത്.
എന്നാല്‍ ഈ സംഭവങ്ങള്‍ അന്വേഷിക്കണമെന്ന അന്തര്‍ദേശീയ ആവശ്യത്തിന് ലങ്കന്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ഉണ്ടായാല്‍ അത് ലങ്കന്‍ സര്‍ക്കാരിന് സുഖപ്രദമായ ഒന്നായിരിക്കില്ലെന്നും പ്രസിഡന്റ് മഹീന്ദ രാജപക്സെ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്കെതിരെ ആയിരിക്കും അന്വേഷണം നടക്കുകയെന്നും പത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ലങ്കക്കെതിരായ യുഎന്‍ പ്രമേയത്തിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. രാജ്യത്തെ ഭീകരവാദത്തില്‍നിന്നും സ്വതന്ത്രമാക്കിയെന്ന മുദ്രാവാക്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് പ്രക്ഷോഭകര്‍ പ്രകടനം നടത്തുന്നത്. ലങ്കക്കെതിരായ പ്രമേയം ഇന്ത്യന്‍ പിന്തുണയോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പാസായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: