കൊച്ചി: ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ എണ്ണത്തില്‍ 239.41 ശതമാനത്തിന്റെ വര്‍ധന. ഈ സാമ്പത്തിക വര്‍ഷം 11803 കുടുംബങ്ങളാണ് 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷമിത് 4930 കുടുംബങ്ങളായിരുന്നു. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി കെ.വി.തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഈ കണക്ക് അവതരിപ്പിച്ചത്.
ഈ സാമ്പത്തിക വര്‍ഷം ജില്ലയിലെ 33 ഗ്രാമപഞ്ചായത്തുകള്‍ ഒരു കോടിരൂപയിലധികം പദ്ധതിയില്‍ ചെലവഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഴു പഞ്ചായത്തുകളാണ് ഒരു കോടി ചെലവഴിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 157 കോടി രൂപയുടെ തൊഴില്‍ ബജറ്റിനാണ് അംഗീകാരം നല്‍കിയിട്ടുളളത്. 60.43 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് 1.17 ലക്ഷം കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കാനും ജില്ല ലക്ഷ്യമിടുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പറവൂര്‍ ബ്ലോക്കിലെ കോട്ടുവളളി ഗ്രാമപഞ്ചായത്ത് 1.33 കോടി രൂപ ചെലവഴിച്ച് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം കൂവപ്പടി ബ്ലോക്കിലെ കൂവപ്പടി ഗ്രാമപഞ്ചായത്ത് 2.48 കോടി രൂപ ചെലവഴിച്ചാണ് ഒന്നാമതെത്തിയത്. ബ്ലോക്കുതലത്തില്‍ 10.47 കോടി രൂപ ചെലവഴിച്ച അങ്കമാലിയാണ് മുന്നില്‍.
ഈ സാമ്പത്തിക വര്‍ഷം തൊഴില്‍ ആവശ്യപ്പെട്ട കുടുംബങ്ങളുടെ എണ്ണത്തില്‍ 119.57 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. മുന്‍ വര്‍ഷം 81427 കുടുംബങ്ങള്‍ തൊഴില്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം ഇത് 97360 ആയി ഉയര്‍ന്നു. ഇതില്‍ 96675 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ 81182-നെ അപേക്ഷിച്ചിത് 119.08 ശതമാനം കൂടുതലാണ്.
മുന്‍ വര്‍ഷം 3194009 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച സമയത്ത് ഇക്കുറി 4967901 ആയി ഉയര്‍ന്നു. 155.54 ശതമാനത്തിന്റെ വര്‍ധനയാണിത്. കഴിഞ്ഞ 22 വരെ ജില്ലയില്‍ 8069.50 ലക്ഷം രൂപയാണ് പദ്ധതിയില്‍ ആകെ ചെലവഴിച്ചത്. മുന്‍വര്‍ഷമിത് 4632.72 ലക്ഷമായിരുന്നു.
തൊഴിലാളികള്‍ക്കു വേതനമായി നല്കിയ തുകയില്‍ ഇക്കുറി 179.45 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 4214.22 ലക്ഷം രൂപ ചെലവഴിച്ച സ്ഥാനത്ത് ഇക്കുറി 7562.62 ലക്ഷം രൂപയാണ് വേതനമായി നല്‍കിയത്. സാധനഘടകമായി ഇക്കുറി 227.41 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിലും 112.65 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. മുന്‍വര്‍ഷമിത് 201.88 ലക്ഷമായിരുന്നു. എന്നാല്‍ ഭരണപരമായ ചെലവ് മുന്‍വര്‍ഷത്തെ 4.83 ശതമാനത്തില്‍ നിന്ന് 3.58 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
യോഗത്തില്‍ എംഎല്‍എ മാരായ ഹൈബി ഈഡന്, ഡൊമനിക് പ്രസന്റേഷന്, ജോസ് കെ മാണി എംപിയുടെ പ്രതിനിധി ടോണി കെ.തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ റാണി മത്തായി, മേരി ആന്റണി, ഏലിയാമ്മ ഐസക്, ജി.സുധാംബിക ടീച്ചര്‍, ഷെര്‍ളി സ്റ്റീഫന്‍, അഡ്വ.ഷാജി, സി.കെ.അയ്യപ്പന്‍കുട്ടി, സൗജത് അബ്ദുള്‍ ജബ്ബാര്‍, കെ.കുഞ്ഞിമുഹമ്മദ്, പോള്‍ ഉതുപ്പാന്, എം.വി.ഐസക്, ഡപ്യൂട്ടി കളക്ടര്‍ കെ.പി.മോഹന്‍ദാസ് പിളള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: