അതിഥി ദേവതുല്യനാണ്. ആദരിക്കപ്പെടേണ്ടവര്‍. ആതിഥേയന്റെ ഗൃഹത്തില്‍ ഐശ്വര്യം നല്‍കേണ്ടവരാണവര്‍. എന്നാല്‍ വിളിക്കാതെ വന്നു കയറുന്ന അതിഥികള്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. നുഴഞ്ഞു കയറുന്ന അത്തരക്കാരുടെ ശല്യത്തില്‍ ആതിഥേയര്‍ വിഷമിക്കും. പിരാനയുടെയും ആഫ്രിക്കന്‍ മുഷിയുടെയും കാര്യത്തില്‍ സംഭവിച്ചതിതാണ്.
വടക്കേ അമേരിക്കന്‍ വനാന്തരങ്ങളിലും ആമസോണ്‍ തടത്തിലും പേടിസ്വപ്നമായ പിരാനയെ പ്രേതകഥകളിലെ ഡ്രാക്കുളയോടു മാത്രമാണ് ഉപമിക്കാനാവുക. ആവോലി മത്സ്യത്തിന്റെ സാദൃശ്യം. നേരിയ ചുവപ്പുള്ള ശരീരത്തില്‍ ഉളിപോലെ കൂര്‍ത്ത പലനിരപ്പല്ലുകള്‍. രക്തത്തിന്റെ മണം കിട്ടിയാല്‍ ഭ്രാന്തിളകും. ഇരയെ കിട്ടിയാല്‍ കൂട്ടത്തോടെ ആക്രമിക്കും. നിമിഷനേരം കൊണ്ട് മാംസം മുഴുവന്‍ കടിച്ചു കീറും. മനുഷ്യനെയും കുതിരയെയും കഴുതയെയും നിമിഷം കൊണ്ട് കാലപുരിക്കയയ്ക്കും പിരാനക്കൂട്ടം. പിരാനയുടെ തറവാട് വടക്കേ അമേരിക്കയാണെന്ന് പറഞ്ഞല്ലോ. പക്ഷേ, ആര്‍ത്തിമൂത്ത നമ്മുടെ നാട്ടുകാര്‍ പിരാനയെ കേരളത്തിലുമെത്തിച്ചു. അലങ്കാര മത്സ്യം എന്ന വിളിപ്പേരിട്ട് വന്‍തോതില്‍ അവയെ കടത്തിക്കൊണ്ടു വന്നു. മോഹവിലയാണ് പിരാനയ്ക്ക് പലരും നല്‍കിയത്. അവയുടെ താമസമാകട്ടെ രാജകീയമായി സജ്ജീകരിച്ച അക്വേറിയത്തില്‍. പക്ഷേ, അവ അക്വറിയത്തില്‍ നിന്ന് പുറത്തു ചാടിയാലത്തെ അവസ്ഥ ആരും ഓര്‍മിച്ചില്ല.
പിരാനയെ ഇപ്പോള്‍ ഓര്‍മിച്ചതിന് പ്രത്യേക കാരണമുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഒന്‍പതാം തീയതി പ്രമുഖ മലയാള പത്രത്തില്‍ വന്നൊരു വാര്‍ത്തയാണ് കാരണം. പഴയ ഭൂതത്താന്‍ കെട്ടിന്റെ ഭാഗത്തു നിന്ന് മീന്‍പിടുത്തക്കാര്‍ക്ക് ചൂണ്ടയില്‍ ഒരു പിരാന മത്സ്യത്തെ കിട്ടിയെന്നായിരുന്നു വാര്‍ത്ത. ഒപ്പം ചിത്രവുമുണ്ട്. തൊട്ടടുത്ത റസ്റ്റോറന്റില്‍ വില്പനയ്ക്കു കൊണ്ടു വന്ന മത്സ്യത്തെ വിദഗ്ധര്‍ പരിശോധിച്ചതായും പിരാനയാണെന്ന് ഉറപ്പിച്ചാതായും വാര്‍ത്തയുണ്ടായിരുന്നു. ആമസോണ്‍ നദിയിലെ ഭീകരന് ഭൂതത്താന്‍ കെട്ടില്‍ എങ്ങനെയെത്തി ?. ഔദ്യോഗികമായി പിരാനയെ വളര്‍ത്താന്‍ അനുവാദമില്ല. അപകടകാരികളായ അവയെ പണ്ടേ നിരോധിച്ചതുമാണ്.
പിരാനകള്‍ നമ്മുടെ ജല ആവാസ വ്യവസ്ഥയില്‍ ഉണ്ടാക്കിയേക്കാവുന്ന അപകടം കണ്ടറിഞ്ഞ കേന്ദ്ര കൃഷി മന്ത്രാലയമാണ് ചുവന്ന പിരാനകളെ ഉന്മൂല നാശം ചെയ്യാന്‍ ഉത്തരവിട്ടത്. പക്ഷേ, പ്രയോജനം ഉണ്ടായില്ല. വെള്ളപ്പൊക്കത്തിന്റെയും പ്രകൃതി ക്ഷോഭത്തിന്റെയുമൊക്കെ മറവില്‍ അവ അക്വേറിയത്തിന്റെ അടച്ചു കെട്ടില്‍ നിന്ന് പുറത്തു ചാടി ഭൂതത്താന്‍ കെട്ടിലും മറ്റ് ജലാശയങ്ങളിലും എത്തിച്ചേരുകയും ചെയ്തു.
ആഫ്രിക്കന്‍ ക്യാറ്റ് ഫിഷ് എന്ന ഗംഭീര നാമം വഹിക്കുന്ന ആഫ്രിക്കന്‍ മുഷിയുടെ കഥയും ഏതാണ്ടിപ്രകാരമാണ്. അവനും ഇന്ത്യയിലെത്തിയത് അതിഥിയുടെ രൂപത്തിലാണ്. ഇതിനെ വളര്‍ത്തിയാല്‍ കിട്ടുന്ന വന്‍ ലാഭത്തിലായിരുന്നു അന്ന് കര്‍ഷകരുടെ കണ്ണ്. ചെലവ് തുച്ഛമാണ്. വരവ് മെച്ചവും. കേരളത്തിലെയും തമിഴ്നാട്ടിലെയും രാജസ്ഥാനിലെയുമൊക്കെ ജലശേഖരങ്ങളില്‍ ആഫ്രിക്കന്‍ മുഷിയെ ഗവേഷകര്‍ കണ്ടുമുട്ടി. അലഞ്ഞു തിരിയുന്ന പട്ടികളെ തല്ലിക്കൊന്നുവരെ കര്‍ഷകര്‍ മുഷിക്ക് ഭക്ഷണമൊരുക്കി. പരദേശി മത്സ്യങ്ങളുടെ കുത്തൊഴുക്ക് നമ്മുടെ ജല ആവാസവ്യവസ്ഥ തകര്‍ക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഭരത്പൂരിലെ കിയോലാഡോ ദേശീയ പാര്‍ക്കില്‍ പോലും മുഷിയുടെ വര്‍ഗം പെറ്റു പെരുകി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഏതൊ സന്നദ്ധ സംഘടന എന്നോ കാട്ടിയ സേവനത്തിന്റെ പരിണിത ഫലം. തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഇതു തന്നെ അവസ്ഥ. വിദേശ ജീവി വര്‍ഗങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവേശനാനുമതി നല്കുന്ന ഔദ്യോഗിക ഏജന്‍സിയായ നാഷണല്‍ കമ്മിറ്റി ഓണ്‍ എക്സോട്ടിക് സ്പീഷിസ് ആഫ്രിക്കന്‍ മുഷിയെ കൊണ്ടുവന്ന് വളര്‍ത്തുന്നതിന് 1997ല്‍ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ലോകത്തിന്റെ ഏതു ഭാഗത്തു നിന്നായാലും ശരി വിദേശി വര്‍ഗങ്ങളുടെ ആഗമനം തദ്ദേശീയ ജൈവവ്യവസ്ഥ തകര്‍ത്ത ചരിത്രമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തടാകമായ വിക്ടോറിയയുടെ അവസ്ഥതന്നെ ഉദാഹരണം. കെനിയ, ഉഗാണ്ട, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ ഒരു കോടിയേളം മനുഷ്യരുടെ ജീവിതാശ്രയമാണ് വിക്ടോറിയ തടാകം. അവിടെ 1970കളില്‍ മുന്നൂറ് ഇനം നാടന്‍ മീനുകളാണ് ഉണ്ടായിരുന്നത്. തടാകത്തിലെ 99 ശതമാനം മത്സ്യവും തനി നാടനായിരുന്നു അന്ന്. പിന്നെ ഉത്പാദന ക്ഷമത ഏറിയ മത്സ്യങ്ങള്‍ തടാകത്തിലെത്തി പെറ്റു പെരുകി. മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ വിക്ടോറിയയില്‍ നാടന്‍ മത്സ്യങ്ങളുടെ സാന്നിധ്യം കേവലം ഒരു ശതമാനമായി ശേഷിച്ചു. സില്‍വര്‍ കാര്‍ഡ് മത്സ്യങ്ങളെ നിക്ഷേപിച്ച ശേഷം ഗോവിന്ദ സാഗര്‍ തടാകത്തില്‍ കട്ല, മുഷി വംശനാശത്തോടടുത്തതും ഭാരതപ്പുഴയില്‍ തിലോല മീന്‍ കടന്നു വന്നതുമൊക്കെ നമുക്ക് കൂട്ടിവായിക്കാം.
ഇന്ത്യയില്‍ ഇതേവരെ 300ല്‍ പരം വിദേശ ജാനസ്സുകളെ കൊണ്ടുവന്ന് കുടിയിരുത്തിയതായാണ് കണക്ക്. അലങ്കാരം, അക്വേറിയം, സ്പോട്ട് മത്സ്യബന്ധനം, കൊതുക് നിയന്ത്രണം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞാണിവ എത്തുന്നത്. പക്ഷേ, ക്രമത്തില്‍ ഇവ തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ ആധിപത്യം നേടും. അവിടുത്തെ ജൈവ വൈവിധ്യം നശിക്കും. മത്സ്യങ്ങള്‍ക്കു മാത്രമല്ല, അതിഥികളുടെ ആക്രമണ ഭീഷണി. പുതിയ ഇനം പുല്ലുകളും കളകളുമൊക്കെ നമ്മുടെ ആവാസവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ എത്തുന്നുണ്ട്. അറിഞ്ഞും അറിയാതെയൊമൊക്കെ അവ കടല്‍ കടന്നെത്തുന്നു. കടലിലെത്തുന്ന ഭക്ഷ്യ ധാന്യങ്ങള്‍ക്കൊപ്പമെത്തുന്ന ശത്രു സസ്യങ്ങള്‍ ക്രമേണ ആവാസവ്യവസ്ഥയില്‍ ആധിപത്യം നേടിയതിന്റെ ചരിത്രം എത്രവേണമെങ്കലും നമുക്ക് കാണാം.
കമ്യൂണിസ്റ്റ് പച്ചയും ആഫ്രിക്കന്‍ പായലും പാര്‍ത്തിനിയവുമൊക്കെ നമുക്ക് അപരിചിതരല്ലല്ലോ. കുളവാഴ കാണാത്തവരുണ്ടാകില്ല. ഇവ ഞെങ്ങി ഞെരുങ്ങി സൂര്യപ്രകാശത്തെ തടയുന്നു. ജലജീവികള്‍ക്ക് ചൂടു ലഭിക്കാനുള്ള അവസരം ഇല്ലാതാകുന്നു. അവയ്ക്ക് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു വരാനുമാകില്ല. ജലത്തില്‍ പ്രാണവായുവിന്റെ അളവ് അപകടകരമാംവിധം താഴും. സസ്യങ്ങള്‍ ചീയുമ്പോള്‍ വെള്ളത്തിന്റെ ഭൗതിക സ്വഭാവം തന്നെ മാറും. മീന്‍ പിടുത്തക്കാരെ ഇത് കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. മീനുകളുടെ ലഭ്യത വല്ലാതെ കുറയാന്‍ ഇതിടവരുത്തുന്നു. ഇന്ത്യയില്‍ രേഖപ്പെടുത്തപ്പെട്ട 45000 സസ്യങ്ങളില്‍ 1800ഉം 54,430 കീടങ്ങള്‍ അടക്കമുള്ള ആര്‍ത്രോപോഡുകളില്‍ 1100ഉം പരദേശികളാണെന്ന് കണക്കുകള്‍ പറയുന്നു. ഈ അവസ്ഥ അവസാനിപ്പിക്കാന്‍ സമയമായി. അല്ലെങ്കില്‍ പിരാനകളും കുളവാഴകളും ആഫ്രിക്കന്‍ മുഷിയുമൊക്കെ നമ്മുടെ ജൈവ വ്യവസ്ഥ കുട്ടിച്ചോറാക്കുക തന്നെ ചെയ്യും.
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: