ഈ ആഴ്ച നിയമസഭയ്ക്കകത്തും പുറത്തും സജീവമായി ചര്‍ച്ച ചെയ്തത് ചോര്ച്ചക്കഥകളാണ്. മാര്‍ച്ച് 19ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം. പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചോര്‍ന്നെന്ന് പ്രതിപക്ഷവും സ്ഥാനാര്‍ഥികളും. മദ്യമൊഴുക്കി മയക്കി കിടത്തി വോട്ടു ചോര്‍ത്തുകയാണ് ഭരണകക്ഷി ചെയ്തതെന്ന് പ്രതിപക്ഷം വിലയിരുത്തിയിട്ടുണ്ട്. ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പു ചുമതല എക്സൈസ് മന്ത്രിക്കായതിനാല്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സ്വാഭാവികമായും തോന്നാം. പ്രതിപക്ഷത്തും ഭരണപക്ഷത്തും അല്ലാത്ത ബിജെപിയും വോട്ടു നഷ്ടപ്പെട്ടതിന്റെ പേരില്‍ വിലപിക്കുകയാണ്. അതിനെ കുറിച്ചന്വേഷിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. “ജയത്തിന് ആയിരം അപ്പന്മാരുണ്ടാകും. തന്തയില്ലാത്തത് തോല്‍വിക്ക്” ആണെന്ന് പണ്ടാരോ പറഞ്ഞു വച്ചതില്‍ ആശ്വസിക്കാം. വോട്ടു ചോര്‍ച്ചയുടെ ആയുസ് തീര്‍ന്നു. ബജറ്റ് ചോര്‍ച്ച അങ്ങനെയല്ല. അതിന് ദീര്‍ഘായുസ്സാണ്. ബജറ്റ് അങ്ങനെ ചോരാവുന്നതാണോ ?
കേരളത്തില്‍ ബജറ്റ് ചോര്‍ച്ച ആദ്യ നിയമസഭയില്‍ തന്നെ സംഭവിച്ചു. ഇ.എം.എസ് നയിച്ച ആദ്യമന്ത്രിസഭയില്‍ ധനകാര്യമന്ത്രി സി.അച്യുതമേനോന് ബജറ്റവതരിപ്പിക്കാന്‍ നിയമസഭയിലേക്കെത്തിയത് ബജറ്റ് നിര്‍ദേശങ്ങളടങ്ങിയ പത്രം വായിച്ച ശേഷമാണ്. പോരെ പൂരം ! ബജറ്റവതരണം നടന്നില്ല. സഭ ബഹളത്തില്‍ മുങ്ങി. താനെ പിരിയുകയും ചെയ്തു. നാണക്കേടു കൊണ്ട് നിവര്‍ന്നു നില്ക്കാന് പോലും ഭരണകക്ഷിക്കും മന്ത്രിമാര്‍ക്കും കഴിഞ്ഞില്ല. 1957 ജൂണ്‍ 7നായിരുന്നു സംഭവം. കെ.ബാലകൃഷ്ണന് പത്രാധിപരായിരുന്ന കൗമുദി പത്രത്തിലായിരുന്നു ബജറ്റ് പ്രത്യക്ഷപ്പെട്ടത്. പത്രം ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം അക്ഷരാര്‍ഥത്തില്‍ അലറി വിളിച്ചു. പിന്നെങ്ങനെ സഭ നടക്കും ! ബജറ്റവതരിപ്പിക്കുന്ന ചടങ്ങ് അലങ്കോലപ്പെടുത്തിയ ചരിത്രമേ ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരിക്കുന്നു. ഓര്മശക്തിയുള്ളവരാരും പ്രതിപക്ഷത്തില്ലെന്നതാണ് ഉമ്മന്‍ചാണ്ടിക്ക് സൗകര്യമായത്. ഉണ്ടായിരുന്നെങ്കില്‍ ഉരുളയ്ക്കുപ്പേരി പോലെ ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്കാന് രംഗത്തു വന്നേനെ.
ആദ്യ നിയമസഭയുടെ കാലത്ത് കമ്മ്യൂണിസ്റ്റുകാരും ആര്‍എസ്പിയും തമ്മിലുള്ള കുടിപ്പക തീര്‍ക്കാന്‍ കണ്ടു പിടിച്ച മാര്‍ഗമായിരുന്നു ബജറ്റു ചോര്‍ച്ച. സര്‍ക്കാര്‍ പ്രസില്‍ നിന്നും ബജറ്റിന്റെ പ്രൂഫ് കൈമാറി എന്നാണ് ആരോപണം. പ്രസിലെ ആര്‍എസ്പി യൂണിയന് നേതാവിനു നേരെയാണ് അന്ന് വിരല്‍ ചൂണ്ടിയത്. കൗമുദിയുടെ തലസ്ഥാന ലേഖകന്‍ ജി.വേണുഗോപാലാണ് ബജറ്റ് ചോര്‍ത്തി വാര്‍ത്തയാക്കിയത്. തുടര്‍ന്ന് കേസായി. നിയമ നടപടിയായി. കൈനകരി പത്മനാഭപിള്ള, കെ.ബാലകൃഷ്ണന്, ജി.വേണുഗോപാല്‍ എന്നിവരും പ്രസ് യൂണിയന് നേതാവ് പി.ശേഖരപിള്ളയുമായിരുന്നു പ്രതിപ്പട്ടികയില്‍. പറവൂര്‍ ടി.കെ.നാരായണപിള്ള, കെ.ജി.കുഞ്ഞുകൃഷ്ണപിള്ള, ശാസ്തമംഗലം ഗോവിന്ദപ്പിള്ള, എ.ജയന്തന് നായര്‍ തുടങ്ങിയ പ്രഗത്ഭരായ അഭിഭാഷക നിര പ്രതികള്‍ക്കു വേണ്ടി വാദിക്കാന്‍ അണിനിരന്നു. ഗവണ്മെന്റ് പ്രസ് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും സെക്യൂരിറ്റി മേധാവികളും പ്രസില്‍ നിന്ന് ബജറ്റ് ചോര്ന്നിട്ടേ ഇല്ല എന്ന നിലപാട് സ്വീകരിച്ചത് പി.ശേഖരപിള്ളയ്ക്ക് തുണയായി. പക്ഷേ പത്രപ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാനായില്ല. ബജറ്റിന്റെ കണക്കും വിവരങ്ങളും കൃത്യമായിരുന്നതിനാല്‍ തെറ്റിദ്ധരിപ്പിച്ചു എന്നതിന്റെ പേരില്‍ ശിക്ഷയില്ല. പക്ഷേ ബജറ്റ് മുന്‍കൂര്‍ പ്രസിദ്ധപ്പെടുത്തി എന്ന കുറ്റത്തിന് കൈനകരി കുമാരപിള്ള, കെ.ബാലകൃഷ്ണന്, ജി.വേണുഗോപാല്‍ എന്നിവര്‍ക്ക് 45 രൂപ പിഴ ശിക്ഷയാണ് അന്ന് വിധിച്ചത്.
വീണ്ടും ബജറ്റു ചോര്‍ച്ച കേട്ടത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന ആദ്യത്തെ മന്ത്രിസഭയുടെ കാലത്താണ്. അന്ന് വി.വിശ്വനാഥമേനോനായിരുന്നു ധനകാര്യമന്ത്രി. 1988 മാര്‍ച്ച് 18നായിരുന്നു ബജറ്റവതരണം നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 15ന്റെ മനോരമ പത്രത്തില്‍ ബജറ്റിന്റെ മുഖ്യപ്രഖ്യാപനങ്ങളെല്ലാം പ്രധാനവാര്‍ത്തയായി പ്രത്യക്ഷപ്പെട്ടു. ജോയി ശാസ്താംപടിക്കലാണ് വാര്‍ത്ത ചോര്‍ത്തിയത്. മൂന്നു ദിവസത്തെ ഇടവേള കിട്ടിയതിനാല്‍ ബജറ്റ് ചോര്ന്നിട്ടേ ഇല്ലെന്ന് ധനകാര്യമന്ത്രിക്ക് ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞു. അണിയറയില്‍ തിരുത്തിയ ബജറ്റ് നിശ്ചിത ദിവസം അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ പിന്നീട് ബജറ്റ് ചോര്‍ന്നിരുന്നു എന്നും ചോര്‍ന്ന ഭാഗം തിരുത്തിയാണ് സഭയിലെത്തിച്ചതെന്നും വിശ്വനാഥമേനോന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാര്‍ച്ച് 19ന് സമാനമായ തിരുത്തലുകള്‍ വരുത്താന്‍ ധനകാര്യമന്ത്രി കെ.എം.മാണിക്ക് സാധിച്ചത് കോട്ടയം പത്രത്തിന്റെ തലപ്പത്തുള്ളവരുടെ സമയോജിതമായ സഹായം കൊണ്ടാണെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സംസ്ഥാനങ്ങളില്‍ പല സ്ഥലങ്ങളിലും ബജറ്റ് ചോര്‍ച്ച ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും കേന്ദ്രബജറ്റ് ചോര്‍ച്ചയെ കുറിച്ച് കേട്ടിട്ടില്ല. ലോക്സഭയില്‍ രണ്ടു ബജറ്റാണ് അവതരിപ്പിക്കുന്നത്. പൊതു ബജറ്റും റെയില്‍വേ ബജറ്റും. പ്രസിഡന്റു ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുടെ പൊതു ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങുകയാണ് പതിവ്. കേരള ബജറ്റ് മൂന്നു തവണ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയ ചരിത്രമുണ്ട്. കേന്ദ്രബജറ്റ് ശരിക്കും പറഞ്ഞാല്‍ തയ്യാറാക്കുന്നത് തടവറയില്‍ വച്ചാണ്. ആറു മാസം മുമ്പു തന്നെ ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം. സംസ്ഥാനങ്ങളില്‍ നിന്ന് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിക്കും. കൂടാതെ വിദഗ്ധരുമായും വിവിധ സംഘടനകളുമായും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തും. എല്ലാം വിശദമായി പരിശോധിച്ച് ബജറ്റിന്റെ അന്തിമ സൃഷ്ടിക്കായി ശ്രമം തുടങ്ങും. അതീവ രഹസ്യവും നിര്ണായകവുമല്ലാത്ത കണക്കുകളും മറ്റും ഫെബ്രുവരിയില്‍ തന്നെ അച്ചടിച്ചു തുടങ്ങും. ബജറ്റവതരണത്തിന് ഒരാഴ്ച മുമ്പാണ് അതീവ രഹസ്യമുള്ള കണക്കും കാര്യങ്ങളും തയ്യാറാക്കാന്‍ രഹസ്യ സങ്കേതം രൂപപ്പെടുന്നത്. ഇന്ത്യയുടെ അധികാരകേന്ദ്രമായ റെയ്സിനാ ഹില്‍സിലെ നോര്‍ത്ത് ബ്ലോക്കില്‍ ഒരു ഭൂഗര്‍ഭ അറയുണ്ട്. അവിടെയാണ് ധനകാര്യമന്ത്രാലയത്തിന്റെ ബജറ്റ് പ്രസ് സ്ഥിതി ചെയ്യുന്നത്. ഈ പ്രസ് ബജറ്റവതരണത്തിന്റെ ഒരാഴ്ച മുമ്പ് അടച്ചു പൂട്ടും. ബജറ്റ് തയ്യാറാക്കാനുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അകത്തു കയറ്റിയ ശേഷമാണ് ഈ പൂട്ടല്‍ പ്രക്രിയ നടക്കുന്നത്. ലോക്സഭയില്‍ ധനകാര്യമന്ത്രി ബജറ്റു പ്രസംഗം പൂര്‍ത്തിയാക്കി എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഇവരെ തുറന്നു വിടൂ. അതുവരെ ജോലിയും ഉറക്കവും കുളിയും ഭക്ഷണവും വിശ്രമവുമെല്ലാം അതിനകത്തു തന്നെ. മൊബെയില്‍ ഫോണ്‍ അകത്ത് അനുവദിക്കില്ല. അത്യാവശ്യത്തിന് പുറത്തു ബന്ധപ്പെടാന്‍ സാധിക്കും. പക്ഷേ ഇടനിലക്കാരന്റെ സഹായത്തോടെ മാത്രം.
നേരത്തെ ബജറ്റവതരണം വൈകിട്ട് 5 മണിക്കായിരുന്നു. ബജറ്റ് രഹസ്യം സൂക്ഷിക്കാനാണിതെന്ന് പരക്കെ വിശ്വസിച്ചു പോന്നു. പക്ഷേ അതായിരുന്നില്ല ഈ സമയക്രമം എന്ന് വ്യക്തമായത് വാജ്പേയ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. ഇന്ത്യയില്‍ വൈകിട്ട് 5 മണിയാകുമ്പോള്‍ ലണ്ടനില്‍ രാവിലെ 11.30. പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിക്കുന്നത് ലണ്ടണിലെ പാര്‍ലമെന്റംഗങ്ങള്‍ക്ക് കേള്‍ക്കുന്നതിനു വേണ്ടിയാണ് ഈ സമയക്രമം നിശ്ചയിച്ചിരുന്നത്. വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയാണ് 5മണി എന്ന സമയം മാറ്റി ബജറ്റവതരണം രാവിലെ 11 മണിക്കാക്കിയത്. ഇതിന് മുഴുവന്‍ പാര്‍ലമെന്റംഗങ്ങളും പിന്തുണയും നല്കി. 1999 ഫെബ്രുവരി 27നായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനു ശേഷം അരനൂറ്റാണ്ടിലേറെ ബ്രിട്ടീഷുകാര്‍ നിശ്ചയിച്ചു പോന്ന സമയത്തിന് ബജറ്റവതരിപ്പിക്കുന്ന നാണക്കേട് പേറേണ്ടി വന്നു എന്നതാണ് സത്യം.
ഇന്ത്യന്‍ ബജറ്റിന്റെ പിതൃത്വം സ്കോട്ട്ലാന്റുകാരനായ സര് ജെയിംസ് വിത്സണാണ്. 1853ല്‍ ബ്രിട്ടന്റെ ധനകാര്യമന്ത്രിയായ ജെയിംസ് വിത്സണ് ഒന്നാം സ്വാതന്ത്ര്യ സമരത്തോടെയാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ നികുതി സമ്പ്രദായത്തിന് വ്യക്തമായ രൂപം നല്കിയ അദ്ദേഹം ബജറ്റിന്റെ നടപടിക്രമങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. ബജറ്റവതരണം ഫെബ്രുവരിയില്‍ ചര്‍ച്ചയും അംഗീകാരവും മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷാരംഭം ഏപ്രിലില്‍ എന്നിങ്ങനെ നിശ്ചയിച്ചതും വെള്ളിനാണയങ്ങള്‍ക്കു പകരം കറന്‍സി സമ്പ്രദായം ഏര്‍പ്പെടുത്തിയതും ജെയിംസ് വിത്സണണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് 1947 നവംബര്‍ 26ന് ആദ്യ ധനകാര്യമന്ത്രി ആര്.കെ.ഷണ്മുഖം ചെട്ടിയാണ് അവതരിപ്പിച്ചത്. എഴുതിത്തയ്യാറാകാത്ത ബജറ്റ് പ്രസംഗം ലോക്സഭയില്‍ അവതരിപ്പിച്ചത് മലയാളിയായ ജോണ്‍ മത്തായിയാണ്. 1950ലെ ബജറ്റവതരണത്തിന് ഒരു കടലാസു പോലും കയ്യില്‍ കരുതാതെ കയ്യും വീശി പാര്‍ലമെന്റില്‍ വന്ന് നേരത്തെ നിശ്ചയിച്ചുറപ്പിച്ചത് ഒരു വരി പോലും തെറ്റിക്കാതെ ജോണ്‍ മത്തായി അവതരിപ്പിച്ചത് പലരെയും അമ്പരപ്പിച്ചു. നമ്മുടെ പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു ജോണ്‍ മത്തായിയുടെ ബജറ്റ് പ്രസംഗം. അത് ഇന്നേ വരെ മറ്റാരും തിരുത്തിക്കുറിച്ചിട്ടുമില്ല.
കേരളത്തില്‍ പത്തു ബജറ്റവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചതിന് കെ.എം.മാണിയെ അനുമോദിക്കുമ്പോള്‍ കേന്ദ്രത്തില്‍ ഈ അനുമോദനത്തിന് അര്‍ഹന്‍ ഒരേ ഒരാളെ ഉള്ളൂ. മൊറാര്‍ജി ദേശായിയാണത്. അദ്ദേഹം പത്തു ബജറ്റുകളാണ് അവതരിപ്പിച്ചത്.
ബജറ്റ് ചോര്‍ച്ചയോ ? അതിലത്ര കാര്യമൊന്നുമില്ലെന്നാണ് കെ.എം.മാണി പ്രസ്താവിച്ചത്. പ്രതിപക്ഷത്തായിരുന്നെങ്കില്‍ കാണാമായിരുന്നു മാണിയുടെ മേനി. ഭരണഘടനയും സഭയുടെ നടപടി ചട്ടങ്ങളും കീഴ്വഴക്കങ്ങള് ‘ശക്തര്‍ ആന്റ് കൗള്‍’ തുടങ്ങിയ തടിച്ച പുസ്തകങ്ങളുമെല്ലാമെടുത്ത് കെ.എം.മാണി അമ്മാനമാടുമായിരുന്നു.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: