വാഷിംഗ്ടണ്‍: ശ്രീലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന് അനുവാദം നല്കിയ പ്രമേയത്തോട് യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് അമേരിക്ക. കൃത്യമായ പ്രവര്‍ത്തനപദ്ധതി ശ്രീലങ്ക നടപ്പിലാക്കണം. യുഎന്‍ വിദഗ്ദ്ധരോടും മറ്റ് അന്താരാഷ്ട്രാ സമൂഹത്തോടും ശ്രീലങ്കന്‍ അധികൃതര്‍ യോജിച്ച് പ്രവര്‍ത്തിക്കണം. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ശോഭനമായ ഭാവി നല്‍കുന്നതിനും സമാധാനവും സ്ഥിരതയും പ്രദാനം ചെയ്യുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് യുഎന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ വക്താവ് ടോമി വീറ്റര്‍ പറഞ്ഞു. ശ്രീലങ്കയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ടോമി വീറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയിലെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ യുഎന്നില്‍ അവതരിപ്പിച്ച പ്രമേയത്തിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പിന്തുണ കിട്ടിയിരുന്നു. ഇന്ത്യയും പ്രമേയത്തിന് അനുകൂലമായിരുന്നു. ശ്രീലങ്ക അനുരഞ്ജനത്തിന്റെ പാതയില്‍ വരണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ ന്യൂലാന്റ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രീലങ്കയോട് ആവശ്യപ്പെടുന്നത് അവരുടെ ജനങ്ങളോട് കൃത്യമായി ബന്ധപ്പെടുവാനാണ്. അതേസമയം അന്താരാഷ്ട്ര സമൂഹം ലക്ഷ്യമാക്കുന്നത് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്നാണ്.
കൃത്യമായ പ്രര്‍ത്തന പദ്ധതി തയ്യാറാക്കി യുഎന്‍ നിര്‍ദ്ദേശങ്ങള്‍ ശ്രീലങ്ക നടപ്പില്‍ വരുത്തണമെന്നും ന്യൂലാന്റ് വാര്‍ത്താലേഖകരോട് പറഞ്ഞു.
ഇതിനിടെ പ്രമേയത്തിന് അനുകൂല വോട്ട് ചെയ്ത ഇന്ത്യന്‍ ഭരണകൂടത്തിന് ശ്രീലങ്കന്‍ മാധ്യമങ്ങളഉടെ വിമര്‍ശനം. വെറും ഒരു വോട്ടിനാണ് പ്രമേയം അംഗീകരിച്ചതെന്നും 23 രാജ്യങ്ങള്‍ വോട്ടിങ്ങിനെ എതിര്‍ത്തെന്നും ദ ഡെയ്ലി ന്യൂസ് പറയുന്നു.
ചില്ലുമേടകളിലിരുന്ന് കല്ലെറിയുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അസമത്വത്തിനെതിരെയുള്ള പരാജയമെന്ന് ‘ദ ഐലന്‍ഡ്’ വിമര്‍ശിക്കുന്നു. യുഎസ് സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ അനുകൂല വോട്ട് രേഖപ്പെടുത്തിയതെന്നും പത്രം കൂട്ടിച്ചേര്‍ത്തു. സാര്‍ക്ക് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മിക്ക രാജ്യങ്ങളും യുഎന്‍ സുരക്ഷാസമിതിയിലെ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചത് ഉചിതമായില്ലെന്നും പത്രം പറയുന്നു. വോട്ടെടുപ്പിനെ തള്ളിക്കളയണമെന്നും ചില മാധ്യമങ്ങള്‍ ആവശ്യപ്പെട്ടു. എല്‍ടിടിഇ-ലങ്കന്‍ സേന പോരാട്ടത്തില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ശ്രീലങ്കക്കെതിരെ യുദ്ധ കുറ്റം ചുമത്തണമെന്ന് നിര്‍ദ്ദേശിക്കുന്നതാണ് പ്രമേയം. വ്യാഴാഴ്ച ജെയിനെവയില്‍ നടന്ന വോട്ടെടുപ്പില്‍ 15 നെതിരെ 24 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. അതേസമയം, വോട്ടെടുപ്പില്‍നിന്ന് എട്ട് രാജ്യങ്ങള്‍ വിട്ടുനിന്നു. ചൈനയും റഷ്യയും പ്രമേയത്തിന് പിന്തുണ നല്‍കിയില്ല. എന്നാല്‍ പ്രമേയത്തിന് പിന്തുണ നല്‍കുമെന്ന് നേരത്തെതന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: