ആലുവ: ആലുവായിലേക്ക് അംപ്യൂളുകളെത്തുന്നത് സുല്‍ത്താന്‍ബത്തേരിയിലെ ഒരു ഏജന്റ് വഴിയാണെന്ന് വെളിപ്പെട്ടു. കഴിഞ്ഞ ദിവസം കളമശ്ശേരി വനിതാ പോളിടെക്നിക്കിന് സമീപത്തുനിന്നും നൂറോളം ആംപ്യൂളുകളുമായി പിടിയിലായ ആലുവ തായിക്കാട്ടുകര സ്വദേശി സിദ്ധിഖിനെ (25) ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേകസ്ക്വാഡാണ് ഇയാളെ പിടികൂടിയത്. സുല്‍ത്താന്‍ ബത്തേരിയിലെ മുഖ്യ ഏജന്റിനെ കണ്ടെത്തുന്നതിന് അന്വേഷണം അങ്ങോട്ടേക്കും വ്യാപിപ്പിക്കും. കളമശ്ശേരിയിലെ ഒറ്റപ്പെട്ട റോഡുകളിലും മറ്റും വച്ചാണ് സന്ധ്യമയങ്ങിയാല്‍ ആംപ്യൂളുകള്‍ കുത്തിവച്ചുനല്കുന്നത്. 350 രൂപ മുതല്‍ 500 രൂപവരെയാണ് ആംപ്യൂളിന് ഇയാള്‍ ഈടാക്കിയിരുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മയക്കുമരുന്നെത്തിക്കുന്ന കൂടുതല്‍ പേരെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കളമശ്ശേരി, ആലുവ മേഖലയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും ഇയാള്‍ പതിവായി മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ട്. ആലുവ നഗരത്തിലെ ചില ഒട്ടോഡ്രൈവര്മാരും മയക്കുമരുന്ന് ഉപയോഗിച്ചാണ് വാഹനമോടിക്കുന്നത്. ഇവരെ നിരീക്ഷിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: