കാരുണ്യം തുളുമ്പുന്ന മുഖഭാവത്തോടെ ഒരു കമ്മ്യൂണിസ്റ്റുകാരന്. അതായിരുന്നു സി.കെ. ചന്ദ്രപ്പന്. ഒട്ടും കരുണകാട്ടാത്ത രോഗം അദ്ദേഹത്തിന്റെ ജീവന്അപഹരിച്ചു. മനുഷ്യസ്നേഹത്തെക്കുറിച്ച് വാചാലരാവുകയും വിദ്വേഷത്തിന്റെ വിഷവിത്ത് പാവുകയും ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന പൊതുധാരണ കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്ക്കുണ്ട്. എന്നാല്‍ വാക്കും പ്രവര്‍ത്തിയും ഒരു പോലെ പരിശുദ്ധമായി കണ്ട കമ്മ്യൂണിസ്റ്റായിരുന്നു ചന്ദ്രപ്പനെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. ശക്തമായി പ്രതികരിക്കുമ്പോഴും നാക്കും വാക്കും മൃദുവായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. തന്നെ ആദ്യമായി പാര്ലമെന്റിലെത്തിച്ച തലശ്ശേരിയും ചുറ്റുവട്ടവും സംഘര്ഷത്തിലമര്ന്നപ്പോള് ഏറെ സമ്മര്‍ദ്ദമനുഭവിച്ച നേതാവായിരുന്നു ചന്ദ്രപ്പന്. അക്രമങ്ങളും കൊലപാതകങ്ങളും ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നുറച്ച് വിശ്വസിച്ചു ചന്ദ്രപ്പന്, സംഘര്‍ഷത്തിനിടയിലും സാത്വികനായ സഖാവായി ചന്ദ്രപ്പന് പെരുമാറാന്‍ കഴിഞ്ഞിരുന്നു. എന്നതാണദ്ദേഹത്തിന്റെ പ്രത്യേകത.
40 വര്‍ഷം മുമ്പ് സ്ഥാനാര്‍ത്ഥിയായി ചന്ദ്രപ്പന് തലശ്ശേരിയില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ജാതി തിരയാനാണ് എതിര്‍ചേരി ശ്രദ്ധിച്ചത്. കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചന്ദ്രപ്പനോട് ചെങ്കൊടി ഉപേക്ഷിച്ച് മൂവര്ണക്കൊടിയേന്താനായിരുന്നു പഴയ സഖാക്കള്‍ നിര്‍ദ്ദേശിച്ചത്. എന്നിട്ടും നല്ല ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലും പിന്നീട് നിയമസഭയിലും ജയിച്ച ചന്ദ്രപ്പന്റെ സംഭാവനകള്‍ എന്നെന്നും സ്മരിക്കും. സിപിഐ നേതാക്കളായിരുന്ന എന്‍.ഇ ബലറാം, കെ. വി. സുരേന്ദ്രനാഥ്, പി. രവീന്ദ്രന് എന്നിവരെ പോലെ വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന ചന്ദ്രപ്പന്റെ ശൈലി നിയമസഭാംഗങ്ങള്‍ കൗതുകപൂര്‍വ്വവും അസൂയയോടെയുമാണ് ശ്രദ്ധിച്ചിരുന്നത്.
ഇടത് മുന്നണിയില്‍ നിന്നും സോഷ്യലിസ്റ്റ് ജനതയും കേരളാ കോണ്‍ഗ്രസും പുറത്തുപോയ സംഭവത്തില്‍ സിപിഎമ്മിനോട് അദ്ദേഹം ഇടഞ്ഞിരുന്നു. മുന്നണിയില്‍ വല്യേട്ടന് മനോഭാവം വച്ചുപുലര്‍ത്തിയ സിപിഎമ്മുമായി നിരന്തരം കലഹിച്ചു. അതിന്റെ മനപ്രയാസം സിപിഎം നേതാക്കള്‍ പ്രകടിപ്പിക്കാതിരുന്നതുമില്ല.
വെളിയം ഭാര്ഗ്ഗവന് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് 2010 നവംബര്‍ 14ന് ചന്ദ്രപ്പന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്. അതിന് ശേഷമാണ് ഇടതുമുന്നണിയില്‍ സിപിഐ-സിപിഎം തര്‍ക്കം ശക്തമായത്. തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജിക്കുന്നതിലും ഭരണത്തിലിരുന്നപ്പോള്‍ നയപരമായ തീരുമാനങ്ങളെടുക്കുമ്പോഴും ഏകപക്ഷീയമായ നടപടി കൈക്കൊണ്ടിരുന്ന സിപിഎമ്മിനെ തുറന്നെതിര്‍ക്കാന്‍ മടിച്ചില്ല. മുന്‍കാല നേതാക്കളെ പോലെ സിപിഎമ്മിന്റെ ഏറാന്‍ മൂളികളായിരിക്കാന് ചന്ദ്രപ്പന് ഒരുക്കമായിരുന്നില്ല.
ലാവ്ലിന് കേസിനെ സിപിഎം നേരിട്ട രീതിയില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രശ്നം നിയമപരമായി നേരിടണമെന്നാണ് ചന്ദ്രപ്പന് പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാരന് സംശുദ്ധത തെളിയിക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നും ഏറ്റവും ഒടുവില്‍ സിപിഎം സമ്മേളനത്തെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. സിപിഎം സമ്മേളനം നടത്തുന്നത് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സഹായത്തോടെയാണെന്ന പരാമര്‍ശമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ സിപിഎം സമ്മേളന വേദിയില്‍ വ്യക്തിപരമായി അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു.
ഇപി ജയരാജനെ പോലുള്ളവര്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വ്യക്തിപരമായ വിമര്‍ശനം നടത്താന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. സിപിഎമ്മുമായി ആശയ സമരത്തില്‍ ഒട്ടും മടിച്ചു നിന്നതുമില്ല.
കൊല്ലം സമ്മേളനത്തില്‍ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും സെക്രട്ടറിയാകാന്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്ന ചന്ദ്രപ്പന് ഒടുവില്‍ അണികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വീണ്ടും സെക്രട്ടറി പദവി ഏറ്റെടുത്തത്. സ്നേഹത്തിന്റെയും സമവായത്തിന്റെ ആശയാദര്ശനത്തിന്റെയും മേന്മ രാഷ്ട്രീയക്കാരില്‍ നിന്നകലുന്നു എന്ന പരിഭവം ശക്തിപ്പെടുകയാണ്. ഇതിനിടയില്‍ ഇതെല്ലാം ഒത്തിണങ്ങിയ നേതാവിന്റെ ആകസ്മിക വേര്‍പാട് സംശുദ്ധ രാഷ്ട്രീയം ആഗ്രഹിക്കുന്ന എല്ലാവര്ക്കും ദുഃഖമാണുണ്ടാക്കുന്നത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: