കാലം ഈശ്വരന് തന്നെ. രണ്ടിനും സമാനത കല്‍പ്പിച്ചവരാണ് ഭാരതീയ ഋഷീശ്വരന്മാര്. അനന്തമാണ് കാലസ്വരൂപം. ഈശ്വരതത്വവും അതുതന്നെ. ശ്വേതാശ്വേതരോപനിഷത്തില് പറഞ്ഞതുപോലെ രണ്ടും ‘അണോരണീയവും മഹതോമഹീയ’വുമാണ്. കാലത്തിന്റെ ഈശ്വരതുല്യതയ്ക്ക് ഭഗവദ്ഗീതയും പ്രമാണമാണ്. വിഭൂതിയോഗത്തില്‍ ‘കാലഃ കാലയതാമഹം’ (ഗണനപ്രക്രിയയില് ഞാന്‍ കാലമാകുന്നു) എന്ന് ഭഗവാന് സ്വയമരുളുന്നു. ‘കാലത്തെ ആരാനും കണ്ടോ’ എന്നു ചോദിച്ചാല്‍ ‘ഇല്ല’ എന്നായിരിക്കും ബഹുഭൂരിപക്ഷത്തിന്റേയും മറുപടി. കാണാന്‍ കഴിയാത്ത പലതും നാം അനുഭവത്തിലൂടെ അറിയുകയാണ് ചെയ്യുന്നത്. വൈദ്യുതിയെ നാം നേരിട്ടുകാണുന്നില്ല. എന്നാല്‍ വൈദ്യുതദീപം പ്രകാശിക്കുമ്പോള്‍ നാം വൈദ്യുതിയുടെ സാന്നിദ്ധ്യം അനുഭവിക്കുന്നതുപോലെ. കാലത്തേയും ഇപ്രകാരം ഊഹിച്ചെടുക്കാവുന്നതാണ്. പ്രകൃതിയിലെ എല്ലാ ചലനങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും കാലമാണ് സാക്ഷി. രണ്ടിനും കാലശക്തി കൂടിയേ തീരൂ.
കാലത്തെ അളന്നു തിട്ടപ്പെടുത്തുവാനുള്ള ശ്രമം മാനവരാശിയുടെ ചരിത്രത്തോളം പഴക്കമുള്ളതാണ്. മേറ്റ്ല്ലാ തുറകളിലുമെന്നപോലെ ഇവിടേയും പാശ്ചാത്യഭാരതീയവീക്ഷണങ്ങളില് പ്രകടമായ വ്യതിയാനമുണ്ട്. വ്യക്തികളേയും സംഭവങ്ങളേയും അടിസ്ഥാനപ്പെടുത്തി കാലനിര്‍ണയം ചെയ്യലാണ് പാശ്ചാത്യരീതി. എന്നാല്‍ ഭാരതീയര്‍ പ്രകൃതിചലനങ്ങള്‍ സൂക്ഷ്മനിരീക്ഷണം നടത്തി അതിന്റെ താളക്രമം കണ്ടെത്തുകയും ആ ചലനങ്ങളെ ആധാരമാക്കി കാലഗണനയ്ക്ക് തുനിയുകയുമാണ് ചെയ്തത്.
ഭാരതീയരുടെ കാലഗണനയുടെ വ്യാപ്തി അതിശയകരമാണ്. നമ്മുടെ പുരാണങ്ങളില്‍ കാലഗണനയുടെ പ്രമാണങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ‘ത്രുടി’ എന്ന അല്പകാലംതൊട്ട് കല്പാന്തമെന്ന ‘പരാര്‍ദ്ധം’ വരെ പരന്നു കിടക്കുന്നു ആ ശൃംഖല. പരാര്ദ്ധത്തിന് ഒന്നിനുശേഷം പതിനെട്ടു പൂജ്യങ്ങളുള്ളത്ര സംഖ്യ വരുന്ന വര്‍ഷമാണ് ഏകകമെങ്കില് ത്രുടി എന്ന ‘കാലം’ മൂന്നു പരമാണുക്കള്ക്കിടക്ക്(ത്രസരേണു) പ്രകാശരശ്മി വ്യാപിക്കുവാന്‍ എടുക്കുന്ന സമയമാണ്.
പ്രകാശം 3 ലക്ഷം കി. മീ. സഞ്ചരിക്കാനെടുക്കുന്ന സമയമായ ഒരു സെക്കണ്ടുമായി തട്ടിച്ചുനോക്കിയാല്‍ നമ്മുടെ ഋഷീശ്വരന്മാരുടെ സൂക്ഷ്മതയുടെ അഗാധത ബോധ്യമാവും!
‘പരാര്‍ദ്ധ’മാണ് കാലഗണനയുടെ ബൃഹത്തായ ഏകകമായി കല്‍പ്പിച്ചിട്ടുള്ളത്. ഇത് ബ്രഹ്മാവിന്റെ ഒരു പകലാണെന്നും ‘പ്രാകൃതപ്രളയ’ത്തിന്റെ പകുതിയാണെന്നും പറഞ്ഞിരിക്കുന്നു. ഇത് നീണ്ട് ബ്രഹ്മായുസ്സുവരെ സൂചിപ്പിച്ചശേഷം ഇത്തരത്തില്‍ ‘പരബ്രഹ്മായുസ്സ്’ ഗണിക്കാനാവില്ല എന്നും പറഞ്ഞിരിക്കുന്നു.
ഇത്രയും വസ്തുനിഷ്ഠമായി കാലത്തെ നിരൂപിച്ച ഭാരതീയര്‍ ലൗകികജീവിതത്തിനു പ്രയോഗികമായ ഗണിതസിദ്ധാന്തം ആവിഷ്ക്കരിച്ചിട്ടുണ്ട്. അത് ഗ്രഹങ്ങളുടെ സഞ്ചാരതാളത്തെ അടിസ്ഥാനപ്പെടുത്തിയാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ അവയുടെ ഭ്രമണസഞ്ചാരത്തിനിടയ്ക്ക് ഒരു പ്രത്യേക സമയത്ത് ഒരു നേര്‍രേഖയില്‍ എത്തിച്ചേരുന്നതായി നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയിരുന്നു. ഈ പ്രത്യേക സമയത്തെ ‘യുഗാദി’- ഒരു യുഗത്തിന്റെ ആരംഭം എന്നവര്‍ നിശ്ചയിച്ചു. ഈ സുദിനത്തെ ആധാരമാക്കി ഭാരതീയമായ ശാലിവാഹന-ശകവര്ഷാദികള് പുതുവത്സരദിനമായി ആചരിച്ചു. ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രഥമാ ദിനമായ ഈ ‘വര്‍ഷപ്രതിപദ’ ഭാരതീയര്‍ തങ്ങളുടെ ജീവിതമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന ആചാരമാക്കി ആഘോഷിച്ചുവന്നു.
രാമായണത്തില്‍ ഈ സുദിനം ശ്രീരാമപട്ടാഭിഷേകദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ശൂരപരാക്രമിയായിരുന്ന വിക്രമാദിത്യമഹാരാജാവും മാതൃഭൂമിയുടെ ശത്രുക്കളായി വന്ന ശകന്മാരെ പൂര്‍ണ്ണമായി വിജയിച്ചതിന്റെ സ്മരണ നിലനിര്‍ത്താന്‍ ഈ സുദിനം വര്‍ഷാരംഭദിനമായി ആചരിച്ചുവന്നു. ശാലീവാഹനനും തന്റെ പ്രജകളുടെ ക്ഷാത്രവീര്യവും ദേശീയജാഗ്രതയും നിലനിര്‍ത്താന്‍ ഈ ദിവസം ആചരിച്ചിരുന്നു. ചിലര്‍ ആത്മീയോന്നതിക്കായും ഈ സുദിനം ആചരിച്ചിരുന്നു. വേപ്പിലയും ശര്‍ക്കരയും ചേര്‍ത്ത ‘മധുരപലഹാരം’ പ്രതീകമായി ദേവിക്ക് പ്രസാദമായി സമര്‍പ്പിച്ചിരുന്നു. ജീവിതത്തിന്റെ കയ്പ്പും മധുരവും സമചിത്തതയോടെ ഉള്‍ക്കൊണ്ടാല്‍ ജീവിതം നിരാശാപൂര്ണമാവാതെയും മദക്കൊഴുപ്പിനടിമയാകാതെയും മുന്നോട്ടുനയിക്കാനാവുമെന്ന സന്ദേശം ഈ ആചാരം നല്കുന്നു.
ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഈ സുദിനത്തിന് മറ്റൊരു മാനം കൂടിയുണ്ട്. സ്വയംസേവകര്‍ക്ക് ആദ്യസര്സംഘചാലക് പ്രണാം അര്‍പ്പിക്കുവാനുള്ള സുവര്‍ണ്ണാവസരമായും പരമപൂജനീയ ഡോക്ര്ജിയുടെ ദീപ്തസ്മരണ പുതുക്കുവാനും ഈ ദിവസം ആചരിക്കുന്നു. ചൈത്രശുക്ലപ്രഥമ (ഈ വര്‍ഷം മീനം 10, മാര്‍ച്ച് 23.) സംഘസ്ഥാപകനായ പൂജനീയ ഡോക്ടര്‍ജിയുടെ ജന്മദിനമായത് യാദൃച്ഛികമായി കരുതാനാവില്ല. ധര്മപുനഃസ്ഥാപനത്തിന് ഭഗവാന് അനുകൂലസമയവും രൂപവും തെരഞ്ഞെടുക്കുന്നുവെന്ന് ഗീതയില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ചൈത്രമാസം വസന്തഋതുവിന്റെ തിരനോട്ടത്തെ സൂചിപ്പിക്കുന്നു.
പ്രകൃതി അനുകൂലമായ ഈ അവസരം ഭാവിസുരക്ഷയ്ക്കായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ ഓര്‍മിപ്പിക്കുന്നു. അവസരം പ്രയോജനപ്പെടുത്തുന്നവര്‍ വിജയിക്കുകയും പാഴാക്കുന്നവര്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഭൂതകാലാനുഭവങ്ങള്‍ വര്‍ത്തമാനത്തിന്റെ കരുത്തും ഭാവിയിലേയ്ക്കുള്ള നിക്ഷേപവുമാക്കി മാറ്റാന്‍ ധീരന്മാര് ശ്രമിക്കുന്നു. ഗതകാലപരാജയങ്ങള് പുനരാവര്ത്തിക്കാതിരിക്കാനും വിജയങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്താനും ഈ പ്രക്രിയ കൂടിയേ തീരൂ.
കൊച്ചുകേശവന്റെ ബാല്യകാലം ദാരിദ്ര്യത്തിന്റേയും മഹാമാരിയുടേയും കൈപ്പിടിയിലമര്ന്നിരുന്നു. മാതാപിതാക്കളുടെ പരിലാളനയില്‍ വളരാന്‍ പ്ലേഗുരോഗം അനുവദിച്ചില്ല. ഈ കെടുതികള്‍ക്കിടയിലും കേശവന്റെ ഭാവവും പെരുമാറ്റവും ഒരു മഹാദൗത്യത്തിന്റെ സൂചന നല്‍കിയിരുന്നു. ‘ഒരുപിടി കപ്പല്‍ യാത്രികര്‍ക്ക് ഭാരതത്തെപ്പോലെയുള്ള ഒരു മഹാരാജ്യത്തെ കീഴടക്കാനായതെന്തുകൊണ്ട്’ എന്ന ബാലനായ കേശവന്റെ ചോദ്യത്തിനുമുന്നില്‍ ചൂളാത്ത സാമൂഹ്യപ്രവര്‍ത്തകര്‍ അന്നില്ലായിരുന്നു. ഗോറിയെന്നൊരു കൊള്ളക്കാരന് പത്തൊമ്പതുപ്രാവശ്യം ഒരേ ജനതയെ വെല്ലുവിളിക്കാന്‍ ഇടയായ ചരിത്രം അവിശ്വസനീയമല്ലേ? ഭാരതത്തിലേയ്ക്കൊരു വഴി കണ്ടുകിട്ടുന്നത് പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലൊരു മഹാപ്രതീക്ഷയായിരുന്നുവെന്ന് അവര്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കാമുനമ്പുകഴിഞ്ഞ് സിന്ധുസാഗര(അറബിക്കടല്‍)ത്തിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ ആ മുനമ്പിന് ‘പ്രതീക്ഷയുടെ മുനമ്പെ’ന്ന് അവര്‍ പേരിട്ടത് ഒരുപാട് നഗ്നസത്യങ്ങളെ വിളിച്ചോതുന്നില്ലേ? പാശ്ചാത്യര്‍ക്ക് ഭാരതം ഒരു കാമധേനുവായിരുന്നു.
വിദ്യാര്ത്ഥിയാരിക്കെതന്നെ ഇതിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും കേശവന് തയ്യാറായി. ‘വന്ദേമാതരം’ മുഴക്കി അധികൃതരെ വെല്ലുവിളിക്കുവാനും കേശവന് മടിയില്ലായിരുന്നു. അക്കാലത്ത് സജീവമായിരുന്ന എല്ലാ ദേശീയപ്രസ്ഥാനങ്ങളിലും ആത്മാര്‍ത്ഥതയോടെ പങ്കെടുക്കുകയും ഏറ്റെടുത്ത എല്ലാ ചുമതലകളും വിജയസോപാനത്തിലെത്തിക്കുകയും ചെയ്തിരുന്നു. ദേശീയപ്രസ്ഥാനങ്ങളുടെ മുന്‍ നിരയില്‍ വെട്ടിത്തിളങ്ങിയ കേശവനെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കഴുകന്‍കണ്ണുകള്‍ വട്ടമിട്ടുപറന്നിരുന്നു.
എല്ലാ വിധത്തിലും ദേശീയപ്രസ്ഥാനങ്ങളില്‍ പങ്കാളിയായിരിക്കെതന്നെ തന്റെ അനുഭവങ്ങളുടേയും ചിന്തയുടേയും വെളിച്ചത്തില്‍ മനസ്സിന്റെ ഉള്ളറകളില്‍ ചില സ്പഷ്ടചിത്രങ്ങള് രൂപമെടുക്കാന്‍ തുടങ്ങി. യുവതലമുറ ഒന്നടങ്കം സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിലേയ്ക്ക് കൂപ്പുകുത്തുന്ന അനുഭവം അന്നുണ്ടായിരുന്നു. പക്ഷെ കാറ്റടങ്ങുമ്പോള്‍ തിരമാല എന്ന കണക്കെ ആ ചെറുപ്പക്കാര്‍ നിരാശാഗര്ത്തത്തിലാണ്ടു. ആ തിരമാലകളില്നിന്നകന്ന് അഗാധസമുദ്രത്തിലേയ്ക്ക് നിത്യതപസ്സിനായി യുവകേശവന് ആഴ്ന്നിറങ്ങി. “നൂറു ചെറുപ്പക്കാരെ തരൂ, ഞാന്‍ ഭാരതത്തിന്റെ മുഖച്ഛായ മാറ്റാം” എന്ന വിവേകാനന്ദവചനം ബധിരകര്‍ണങ്ങളില്‍ പതിച്ച കാലമായിരുന്നു അത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഡോക്ടര്‍ ഹെഡ്ഗേവാര്‍ പദ്ധതിയിട്ടു. അങ്ങനെ കൊല്‍ക്കത്തയിലെ നാഷണന്‍ മെഡിക്കല്‍ കോളേജില്‍നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഉടന്‍ ബര്‍മയില്‍ ജോലി ലഭിച്ചുവെങ്കിലും അത് സ്വീകരിക്കാതെ രാഷ്ട്രനഭസ്സില് മിന്നിത്തിളങ്ങാന്‍ ആ യുവതാരകം തയ്യാറെടുത്തു. 1925ലെ വിജയദശമി ദിവസം തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ ബീജാവാപം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു.
ഡോക്ടര്‍ ഹെഡ്ഗേവാര്‍ ഒരു മൗലികസത്യം തിരിച്ചറിഞ്ഞിരുന്നു. സ്വാതന്ത്ര്യം എത്രതന്നെ അനിവാര്യവും സുപ്രധാനവുമാണെങ്കിലും അത് രാഷ്ട്രജീവിതത്തിലെ ഒരു ഘടകം മാത്രമേ ആവുന്നുള്ളൂ. ഒരു രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും മറ്റു പല ഘടകങ്ങളും കൂടിയേതീരൂ. ഈ സമഗ്രവീക്ഷണമാണ് രാഷ്ട്രത്തിന്റെ പരമവൈഭവം ലക്ഷ്യമിട്ട ശാഖാപ്രവര്‍ത്തനത്തിന് ഡോക്ടര്‍ജിയെ പ്രേരിപ്പിച്ചത്. ഈ ദേശീയഗുണങ്ങളുടെ അഭാവത്തില്‍ സ്വാതന്ത്ര്യം കേവലം ജലരേഖ മാത്രമായിരിക്കുമെന്ന് ഡോക്ടര്‍ ഹെഡ്ഗേവാര്‍ തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവ് അദ്ദേഹത്തെ യുഗപുരുഷപദവിയിലേയ്ക്കുയര്ത്തുകയും ചെയ്തു. മറ്റുള്ളവരെല്ലാം കേവലം സാമൂഹ്യപ്രവര്‍ത്തകരായി കരിയിലപോലെ കാറ്റിന്റെ ഗതിയനുസരിച്ച് മുന്നോട്ടും പിന്നോട്ടും പാറിക്കളിച്ചു.
സ്വാതന്ത്ര്യം മാത്രം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങള്‍ സ്വാതന്ത്ര്യാനന്തരം ഛിന്നഭിന്നമാവുകയും രാഷ്ട്രദ്രോഹപ്രവര്ത്തനത്തില്പോലും പങ്കാളികളാവുകയും ചെയ്തപ്പോള്‍ ആര്‍എസ്എസ് എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് മുന്നോട്ടുപോയത് ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ വീക്ഷണമേന്മയാണ്. ചികിത്സിക്കുമ്പോള്‍ രോഗത്തോടൊപ്പം രോഗിയേയും വിലയിരുത്തണമെന്ന് ഡോക്ടറായ അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. രോഗിയുടെ നില അറിയാതെ ചികിത്സിച്ചാല്‍ ചിലപ്പോള്‍ ഔഷധംതന്നെ വിഷമായിത്തീര്ന്നേക്കാം. രോഗിയുടെ ജീവന് നിലനില്‍ക്കുന്നതുവരെ മാത്രമേ ‘രോഗം’ ചികിത്സിക്കപ്പെടേണ്ടതുള്ളൂ.
ജീവന് നഷ്ടപ്പെട്ടശേഷമുള്ള ചികിത്സ ‘മരണാനന്തരശുശ്രൂഷ’യാവും. ഈ അളവുകോല്‍ രാഷ്ട്രത്തിലേയ്ക്കും വ്യാപിപ്പിച്ചതാണ് ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ വിജയരഹസ്യങ്ങളിലൊന്ന്. ഈ രാഷ്ട്രം ഹിന്ദുരാഷ്ട്രമാണെന്നും അത് മറന്നുള്ള ഒരു പ്രവര്‍ത്തനവും ഈ നാട്ടില്‍ വിജയിക്കുകയില്ലെന്നും അദ്ദേഹം തിരിച്ചറിയുകയും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ആത്മവിസ്മൃതിയിലാണ്ടിരുന്ന പലരും ‘ഇത് ഹിന്ദുരാഷ്ട്രമാണെന്ന് ആര് പറഞ്ഞു?’ എന്ന ചോദ്യമുന്നയിച്ചു. ‘ഞാന്‍, ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ പറയുന്നു’ എന്ന അദ്ദേഹത്തിന്റെ മറുപടിക്കു പിന്നിലെ ആത്മവിശ്വാസം തുടര്സംശയങ്ങളെ വേരോടെ പിഴുതെറിയുന്നതായിരുന്നു.
വിവേകാനന്ദസ്വാമികള്‍ സൂചിപ്പിച്ചു; ഭാരതത്തിന്റെ ആത്മാവ് മതമാണ്. ഡോക്ടര്‍ജിയും ഈ വഴിക്ക് ചിന്തിച്ചു. ഈ രാഷ്ട്രത്തിന്റെ നട്ടെല്ല് ഹിന്ദുത്വമാണ്. അതിന്റെ പിന്‍ബലമില്ലാതെ ഭാരതത്തിന് ഉയിര്ത്തെഴുന്നേല്ക്കുവാന് ആവില്ല. അത് ഈ നാടിന്റെ ജീവനാണ്. ഈ ജീവന് നിലനിര്‍ത്താനുള്ള ‘ഗ്ലൂക്കോസ്’ ചികിത്സയാണ് ഡോക്ടര്‍ ഹെഡ്ഗേവാര്‍ ആദ്യം പ്രയോഗിച്ചത്. രാഷ്ട്രം നിലനില്ക്കാന് ഭൗതികസാഹചര്യങ്ങളുടെ അഭിവൃദ്ധിമാത്രം മതി എന്ന ആശയത്തോട് യോജിക്കാന്‍ അദ്ദേഹത്തിനായില്ല.
ചിന്തയും വാക്കും പ്രവൃത്തിയും സമഞ്ജസമായി വെയ്ക്കാന്‍ ഡോക്ടര്‍ ഹെഡ്ഗേവാര്‍ ശ്രദ്ധിച്ചുപോന്നു. വാക്കിലോ പ്രവൃത്തിയിലോ കാപട്യമോ ‘ജാഡ’യോ തെല്ലും നിഴലിച്ചില്ല. സത്യത്തിലും ആത്മവിശ്വാസത്തിലും അധിഷ്ഠിതമായി മുന്നോട്ടു പോവുകയും സഹപ്രവര്‍ത്തകരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു. പ്രസിദ്ധിപരാങ്മുഖതയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയുടെ മറ്റൊരു പ്രത്യേകത. കര്‍മ്മം വ്യക്തിയുടേത്, നേട്ടം സമാജത്തിന്റേത് എന്നതായിരുന്നു രീതി.
ജീവിതത്തെ യജ്ഞമാക്കി രാഷ്ട്രദേവതയ്ക്ക് സമര്‍പ്പിക്കുക. രാഷ്ട്രത്തെ ഇഷ്ടദേവതാ സ്ഥാനത്ത് പ്രതിഷ്ഠിച്ച് സര്വാര്പ്പണഭാവത്തോടെ മുന്നേറുക എന്നതാണ് ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ മാതൃകയില്‍നിന്നും നമുക്ക് സ്വാംശീകരിക്കാനുള്ളത്.
എം. മുകുന്ദന് മാസ്റ്റര്‍ (ആര്‍എസ്എസ് പ്രാന്ത സഹബൗദ്ധിക്ക് പ്രമുഖാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: