യുപിഎ സര്‍ക്കാരും പ്രധാനമന്ത്രിയും ഒടുവില്‍ മുന്‍ റെയില്‍വേ മന്ത്രിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ മുമ്പില്‍ മുട്ടുമടക്കി, മുകുള്‍ റോയിയെ റെയില്‍വേ മന്ത്രിയാക്കുകയും സാധാരണക്കാര്‍ക്കെതിരെ പുറപ്പെടുവിച്ച നീതിരഹിതമായ നിരക്ക് വര്‍ധന പിന്‍വലിക്കുകയും ചെയ്തിരിക്കുകയുമാണ്. വര്‍ധിച്ച സെക്കന്റ്ക്ലാസ്, സ്ലീപ്പര്‍ നിരക്കുകള്‍ പിന്‍വലിക്കാനാണ് മമതാ ബാനര്‍ജിയും കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായത്. ടിക്കറ്റ് വരുമാനത്തില്‍ മുഖ്യ സംഭാവന നല്‍കുന്നത് സെക്കന്റ് ക്ലാസ്, സ്ലീപ്പര്‍ യാത്രക്കാരാണ്. റെയില്‍വേ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മുതല്‍ യാത്രാക്കൂലി വര്‍ധനക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുകയും ഈ ബജറ്റ് ജനവിരുദ്ധ ബജറ്റാണെന്ന ആക്ഷേപമുയരുകയും ചെയ്തു. കേരളത്തിനാണ് ഈ ബജറ്റ് ഏറ്റവും വലിയ തിരിച്ചടി നല്‍കിയത്. ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ആഘാതമായി ചരക്ക് കൂലി വര്‍ധിപ്പിച്ചതിന് തൊട്ടുപുറകെയായിരുന്നു ഏറ്റവുമധികം ട്രെയിന്‍ യാത്രക്കാരുള്ള കേരളത്തിന് യാത്രാക്കൂലി വര്‍ധിച്ചതും. കിലോമീറ്ററിന് പത്ത് പൈസ മുതല്‍ മുപ്പത് പൈസ വരെയായിരുന്നു വര്‍ധന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തി, കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ശിലാസ്ഥാപനം നടത്താന്‍ വന്ന റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും ഒരു പരിഗണനയും റെയില്‍വേ ബജറ്റില്‍ നല്‍കിയിരുന്നില്ല.
പഴകിയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയും രണ്ട് മെമു ട്രെയിനുകള്‍ അനുവദിക്കുകയും നിലവിലുള്ള ചില പദ്ധതികള്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്യുകയും മാത്രമാണ് മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി ചെയ്തത്. റെയില്‍ സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ത്രിവേദി പക്ഷേ കേരളത്തില്‍ ട്രെയിന്‍ യാത്രകളില്‍ നടക്കുന്ന സ്ത്രീ പീഡനത്തിന് പരിഹാരം നിര്‍ദ്ദേശിക്കുകയോ സുരക്ഷ ഉറപ്പാക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല കേരള സര്‍ക്കാര്‍ ട്രെയിന്‍ യാത്രാ സുരക്ഷയ്ക്കായി ട്രെയിനില്‍ നിയോഗിക്കുന്ന പോലീസുകാര്‍ക്ക് പാസ് നല്കാന് പോലും തയ്യാറായില്ല. കേരളാ പോലീസ് സീസണ് ടിക്കേറ്റ്ടുത്താണ് യാത്ര ചെയ്യുന്നത്. ഈ ജനവിരുദ്ധ ബജറ്റിനെതിരെ ദിനേശ് ത്രിവേദിയുടെ പാര്‍ട്ടി അധ്യക്ഷയായ മമത ബാനര്‍ജി ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് അദ്ദേഹത്തിന് റെയില്‍വേ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും പകരം മുകുള്‍ റോയ് റെയില്‍ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതും. മുകുള്‍ റോയ് ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവേ വര്‍ധിപ്പിച്ച യാത്രാ നിരക്കുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഫസ്റ്റ്, എസി, സെക്കന്റ് എസി എന്നീ നിരക്ക് വര്‍ധന പിന്‍വലിച്ചിട്ടില്ല.
സാധാരണക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവിച്ചെങ്കിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് മൂന്ന് രൂപയില്‍നിന്ന് അഞ്ച് രൂപയാക്കിയത് പിന്‍വലിച്ചതായി അറിയിച്ചില്ല. മമതയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവന്ന യുപിഎ സര്‍ക്കാരിലെ മന്ത്രി മുകുള്‍ റോയ് സ്വതന്ത്ര താരിഫ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്ന നിര്‍ദ്ദേശം തള്ളി. അതോടൊപ്പം റെയില്‍വേ വരുമാനം വര്‍ധിപ്പിക്കാന്‍ സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തത്തോടെ ശ്രമിക്കുമെന്നും പരസ്യവരുമാനം വര്‍ധിപ്പിക്കുമെന്നും റെയില്‍വേയുടെ കൈവശമുള്ള സ്ഥലങ്ങള്‍ ലക്ഷ്യബോധത്തോടെ ഉപയോഗപ്രദമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഓവര്‍ബ്രിഡ്ജ്, ടെലി കമ്മ്യൂണിക്കേഷന്‍ പരിഷ്ക്കരണം മുതലായവയും ട്രെയിനിലെ ശുചീകരണം ഉറപ്പ് വരുത്തുന്ന നടപടിയും ആളില്ലാ ലെവല്‍ക്രോസുകള്‍ കുറയ്ക്കുമെന്ന വാഗ്ദാനങ്ങളും നിറവേറ്റുമെന്നും പ്രഖ്യാപനമുണ്ട്. ഒരുലക്ഷം പേര്‍ക്ക് റെയില്‍വേയില്‍ ജോലിയെന്നത് പുരോഗമിക്കുന്നുണ്ടെന്നും ഒഴിവുകള്‍ നികത്തി റെയില്‍വേയിലെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നുമാണ് മറ്റൊരു പ്രഖ്യാപനം. റെയില്‍വേ ടിക്കറ്റ് വര്‍ധന പിന്‍വലിച്ചതൊഴിച്ചാല്‍ കേരളത്തിന് ഗുണകരമായ മറ്റൊരു പ്രഖ്യാപനവും മുകുള്‍ റോയിയും നടത്തിയിട്ടില്ല. കേരളത്തിന് നിരാശ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: