ന്യൂദല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കുന്നതിന് എണ്ണശുദ്ധീകരണശാലകള്ക്കുമേല് ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കി. അതേസമയം ഇറാനില്‍ നിന്നും എണ്ണ ഗണ്യമായി ഇറക്കുമതിചെയ്യുന്ന ഇന്ത്യക്കുമേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചൈനക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കണമെന്ന് അമേരിക്ക നിരന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഇറാനുമായുള്ള സഹകരണം തുടരുകയായിരുന്നു. ഇറാന്റെ ആണവ പദ്ധതിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ആവശ്യം. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലെ ബാങ്കുകള്‍ക്ക് യുഎസ് സമ്പദ്വ്യവസ്ഥയുമായുള്ള ബന്ധം ആറുമാസത്തേക്ക് വിച്ഛേദിക്കപ്പെടും.
എന്നാല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവുവരുത്തിയ ജപ്പാനേയും ബ്രിട്ടനേയും മറ്റ് ഒമ്പത് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളേയും ഉപരോധ നടപടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബെല്‍ജിയം, ചെക്റിപ്പബ്ലിക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലാന്റ്, പോളണ്ട്, സ്പെയിന് എന്നീരാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്നത്.
ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈനയും ഇന്ത്യയും . പ്രധാനമായും 23 രാജ്യങ്ങളാണ് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഉപരോധത്തില്‍ ഇളവ് ലഭിക്കുന്ന 11 രാജ്യങ്ങളുടെ പട്ടിക യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റനാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തെഹ്റാനുമായിട്ടുള്ള കരാര്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണെന്ന് ഇന്ത്യ അറിയിച്ചതായും ക്ലിന്റണ് വ്യക്തമാക്കി.
പെട്രോളിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും ജൂണ്‍ 28 മുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഈ മാസം 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യക്ക് ഒരാഴ്ചത്തെ സമയമുണ്ടെന്നും യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടു.
എണ്ണ ഇറക്കുമതിയില്‍ എത്രത്തോളം കുറവ് വരുത്തണമെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല.
അമേരിക്ക ഇന്ത്യക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ റിഫൈനറികളോട് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 15 ശതമാനത്തോളം കുറവുവരുത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് സൗദി അറേബ്യ, ഒപെക്കില്‍ അംഗമായ ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതലായി എണ്ണ ഇറക്കുമതി ചെയ്യുകയാണ് ലക്ഷ്യം.
ഇറാനില്‍ നിന്നും മാംഗ്ലൂര്‍ എണ്ണ ശുദ്ധീകരണശാലയാണ് കൂടുതലായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇറക്കുമതിയില്‍ 44 ശതമാനം കുറവുവരുത്താനാണ് എംആര്‍പിഎല്ലിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: