നിരോധിത സംഘടനയായ ‘സിമി’യടക്കം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം തീവ്രവാദ സംഘടനകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിനായി പോലീസ് സേനയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും വിവിധ കുറ്റാന്വേഷണ സംഘങ്ങള്‍ക്കും ഒരു പുതിയ അറിവല്ല.
കേരളത്തില്‍ ഈയടുത്തകാലത്ത് വലിയ കോലാഹലങ്ങള്ക്കിടയായ ‘ഇ-മെയില്‍’ ചോര്‍ത്തല്‍ വിവാദം വിരല്‍ചൂണ്ടുന്നത് ഈ വസ്തുതയുടെ ആധികാരികതയിലേക്കാണ്. ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഒരു ‘സിമി’ പ്രവര്‍ത്തകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പോലീസന്വേഷണം പുരോഗമിക്കവേ ഭീകരപ്രവര്‍ത്തകന്റെ ഇ-മെയില്‍ ഐഡിയില്‍നിന്നും പുറത്തേയ്ക്കും തിരിച്ചും കൈമാറ്റം ചെയ്യപ്പെട്ട സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് ആസ്ഥാനത്തുനിന്നും ഒരു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് നല്കിയ ഉത്തരവാണ് ഈ വിവാദങ്ങള്‍ക്കെല്ലാം ഇടയാക്കിയത്. മുന്‍ രാജ്യസഭാംഗവും വ്യവസായ പ്രമുഖനുമായ ഒരു മുസ്ലീം ലീഗ് നേതാവ്, മുന്‍ രാജ്യസഭാംഗവും സിമിയുടെ ആദ്യകാല ദേശീയ നേതാവും നിലവില്‍ കേരള നിയമസഭയിലെ അംഗവുമായ മുസ്ലീംലീഗിന്റെ ഒരു അഖിലേന്ത്യാ സെക്രട്ടറി അടക്കം 38 മുസ്ലീംലീഗ് നേതാക്കള്‍ ഏതാനും പത്രപ്രവര്‍ത്തകര്‍, ചില ഉന്നത വ്യവസായപ്രമുഖര്‍, ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും അഭിഭാഷകരുമടങ്ങുന്ന പ്രൊഫഷണലുകള്‍, ചില മത സാമുദായിക സാംസ്ക്കാരിക സംഘടനാ പ്രവര്‍ത്തകര്‍ അടക്കം 258 പേരുടെ ഇ-മെയില്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ നടത്തിയ നീക്കമാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തുവരാന്‍ പിന്നീട് കാരണമായ വിവാദത്തിന്റെ തുടക്കം: വിവരം പോലീസ് ആസ്ഥാനത്തുനിന്നുതന്നെ ചോരുകയും ജമാ അത്തെ ഇസ്ലാമിയുടെ മുഖവാരികയായ മാധ്യമം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. നോട്ടപ്പുള്ളികള്‍ എന്ന തലക്കെട്ടില്‍ കേരള മുസ്ലീങ്ങളുടെ സ്വകാര്യതയിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒളിഞ്ഞുനോക്കുകയാണെന്നായിരുന്നു വിജു വി.നായര്‍ എന്ന അമുസ്ലീം നാമധാരിയെക്കൊണ്ടു തന്നെ ജമാഅത്തെ ഇസ്ലാമി നേതൃത്വം ‘മാധ്യമ’ത്തിലെഴുതിപ്പിച്ച വാര്‍ത്തയുടെ ഉള്ളടക്കം.
ചില മുഖ്യധാരാ പത്ര-ദൃശ്യമാധ്യമങ്ങള്‍ പൊടുന്നനെ വാര്‍ത്തകളും അന്തിച്ചര്‍ച്ചകളും നിരത്തി സംഭവം കൊഴുപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനടക്കമുള്ള ഇടതുനേതാക്കളും സെബാസ്റ്റ്യന്‍ പോളിനെപ്പോലുള്ള മനുഷ്യാവകാശ മുഖംമൂടിയുള്ള സാംസ്ക്കാരിക നായകന്മാരും ഇത് വ്യക്തി സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമെന്ന് വിശേഷിപ്പിച്ച് ആദ്യഘട്ടത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. പൊതുസമൂഹത്തില്‍ മതേതര വാദിയായി അറിയപ്പെടുന്ന എംഇഎസ് തലവന്‍ ഡോ.ഗഫൂര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. മുസ്ലീം സമുദായം ‘ഗുജറാത്ത്’ മാതൃകയില്‍ കേരളത്തിലും വേട്ടയാടപ്പെടുകയാണെന്ന് വിലപിച്ചു. എന്നാല്‍ തങ്ങളുടെ പ്രമുഖരായ നേതാക്കളുടെ ഇ-മെയില്‍ ചോര്‍ത്താന്‍ പോലീസ് ശ്രമിച്ചിട്ടും മുസ്ലീംലീഗ് നേതൃത്വം തള്ളാനോ കൊള്ളാനോ വയ്യാതെ അര്‍ത്ഥഗര്‍ഭമായ മൗനം പാലിച്ചു. വിവാദങ്ങള്‍ക്കിടയില്‍ കേസന്വേഷണം അട്ടിമറിക്കുകയെന്ന പതിവുരീതി മുസ്ലീംലീഗ് നേതാക്കള്‍ ഇക്കാര്യത്തിലും ആവര്‍ത്തിച്ചു.
പോലീസ് ആസ്ഥാനത്തെ കമ്പ്യൂട്ടര്‍ സെന്ററിന്റെ ചുമതലയിലുള്ള ബിജു സലീം എന്ന ഒരു സബ് ഇന്‍സ്പെക്ടറായ പോലീസ് ഉദ്യോഗസ്ഥനാണ് ഈ വിവരങ്ങള്‍ മാധ്യമം പത്രത്തിനും ജമാ അത്തെ ഇസ്ലാമി നേതൃത്വത്തിനും ഇ-മെയില്‍ പരിശോധിക്കപ്പെടുന്ന ഉന്നതമുസ്ലീം നേതാക്കള്‍ക്കും ചോര്‍ത്തി നല്‍കിയത്. ഈ വസ്തുത പുറത്തുവരാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും പോലീസ് ആസ്ഥാനവും ജാഗ്രതയോടെ പെരുമാറി. വിവരമറിഞ്ഞ ഉടനെ പോലീസുദ്യോഗസ്ഥന് അവധിയെടുത്തു മുങ്ങുകയും ചെയ്തു. ഇപ്പോള്‍ അറസ്റ്റിലായ ബിജു സലീം ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ഈ താക്കോല്‍ സ്ഥാനത്ത് നിയമിതനായത്. തിരുവനന്തപുരത്തും കോഴിക്കോട്ടും എ.ആര്.ക്യാമ്പില്‍ ജോലി ചെയ്യവേ ഈ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് മേധാവികള്‍ ഉദ്യോഗസ്ഥനെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പോലീസില്‍ മുസ്ലീം തീവ്രവാദികളെ സംഘടിപ്പിക്കുക എന്ന സിമിയുടെ ദൗത്യം ഏറ്റെടുത്തിട്ടുള്ള സേനാംഗങ്ങളുടെ പട്ടികയിലുള്ള വ്യക്തിയാണ് ബിജു സലീം. തന്റെ മുസ്ലീം നാമധേയം സര്‍വീസ് കാലയളവിലുടനീളം മറച്ചുവെച്ച് ഹിന്ദുവായി അറിയപ്പെടാന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധവച്ചിരുന്നു. ബിജു സലീമിന് നല്കിയ സസ്പെന്ഷന് ഉത്തരവില്‍പ്പോലും ബിജു സലീം എന്ന മുഴുവന്‍ പേര് ഉണ്ടായിരുന്നില്ല.
നേരത്തെ തന്നെ സംശയാസ്പദനീക്കങ്ങള് നടത്തിയ ഈ പോലീസുദ്യോഗസ്ഥനെ ഈ സുപ്രധാന തസ്തികയില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ശുപാര്‍ശ പ്രകാരമാണെന്നുള്ളതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സത്യം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഐടി കാര്യങ്ങള്‍ നോക്കുന്ന സ്റ്റാഫംഗവും കൊച്ചിയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകനും വ്യവസായപ്രമുഖനുമായ ഒരു യുവനേതാവിന്റെ താല്‍പ്പര്യപ്രകാരമാണ് ഈ നിയമനം നടന്നത്. ഈ വ്യവസായ പ്രമുഖനാണ് അടുത്തകാലത്ത് ആലുവാ ശിവരാത്രി മണപ്പുറം വളച്ചുകെട്ടി സ്വകാര്യാവശ്യത്തിന് ഉപയോഗിക്കാന്‍ കുത്സിത നീക്കം നടത്തിയത്. ഇതിനോടകം പോലീസിലെ നിരവധി ഔദ്യോഗിക രഹസ്യരേഖകള്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ ഈ പോലീസുദ്യോഗസ്ഥന് ചോര്ത്തിക്കൊടുത്തിട്ടുണ്ടെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഇപ്പോള്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ ഞങ്ങള്‍ നേരത്തെ ഉന്നയിച്ച വസ്തുതകളെല്ലാം അക്കമിട്ടു നിരത്തുകയും ചെയ്യുന്നുണ്ട്. അബ്ദുള്‍ നാസര്‍ മദനിയെ വേട്ടയാടാന്‍ കേരളത്തില്‍ നീക്കം നടക്കുന്നുണ്ടെന്ന മറ്റൊരു വാര്‍ത്തയും മദനിയുടെ പേരില്‍ വിവിധ ജില്ലകളില്‍ നിലവിലുള്ള കേസ്സിന്റെ വിശദാംശങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തെടുത്ത് ബിജു സലീം മാധ്യമത്തിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയിരുന്നു. കോഴിക്കോടും തിരുവനന്തപുരത്തുംവെച്ച് ബിജുസലീമും ജമാഅത്ത് നേതാക്കളും തമ്മില്‍ ഇത് സംബന്ധിച്ച ഗൂഢാലോചന നടത്തിയ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ട ബിജു സലീം ഒരു പരല്‍മീന്‍ മാത്രമാണെന്ന സത്യം അന്വേഷണ ഏജന്‍സികള്‍ മറച്ചുവെക്കുകയാണ്. ഇതുസംബന്ധിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഏകദേശം 60ലധികം പോലീസ് ഉദ്യോഗസ്ഥര്‍ ഈ ഭീകരവാദ ചങ്ങലയില്‍ ഭാഗമായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരും നാല് സിഐമാരും നിരവധി എസ്ഐമാരുമടക്കം തീവ്രവാദ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവരുമോ എന്ന ഭയത്തിലാണ് കേരളാ പോലീസ് ആസ്ഥാനം. മാറാട് കൂട്ടക്കൊലയുടെ പ്രാഥമിക അന്വേഷണഘട്ടത്തില്‍ത്തന്നെ ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന് നടത്തിയ നീക്കങ്ങള്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് നേരിട്ട് ബോധ്യപ്പെട്ടതാണ്. തടിയന്റവിട നസീര്‍ പ്രതിയായ ഭീകരവാദ റിക്രൂട്ട്മെന്റ് കേസിലെ സുപ്രധാന പ്രതികള്‍ പലരും വിദേശത്തേക്ക് കടന്നുകളഞ്ഞത് പോലീസിന്റെ സഹായത്തോടുകൂടിയായിരുന്നു. മൂവാറ്റുപുഴ കൈവെട്ടുകേസിലെ പ്രധാന പ്രതിയെ രക്ഷപ്പെടുത്തിയും ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഒരു പോലീസുദ്യോഗസ്ഥന്റെ സഹായത്തോടുകൂടിയായിരുന്നു.
നൂറിലധികം പിടിക്കപ്പെടേണ്ട തീവ്രവാദികളുടെ ഒരു ലിസ്റ്റ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിലേക്കയച്ച സംഭവം ഒരു മുന്‍ ഡിജിപിയുടെ ഓഫീസില്‍നിന്ന് ഏതാനും വര്ഷംമുന്പ് ചോര്‍ന്നത് പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. പിന്നീട് ബിഎസ്എഫില്‍ വലിയ സ്ഥാനങ്ങള്‍ ലഭിച്ച അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് വാര്‍ത്ത ചോരുകയും ഒരു പ്രമുഖ മലയാള പത്രം അത് പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ പ്രതികള്‍ പലരും വിദേശത്തേക്ക് കടന്നു. പാനായിക്കുളം സിമിക്യാമ്പില് പങ്കെടുത്ത 18 തീവ്രവാദികളെ ആലുവ പോലീസ് വിട്ടയച്ചതും (പിന്നീട് രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ അവരില്‍ പലരേയും പിടികൂടി) പോലീസിലെ തീവ്രവാദ ബന്ധത്തിന്റെ തെളിവായിരുന്നു. തീവ്രവാദ കേസുകളുടെ അന്വേഷണഘട്ടത്തിന്റെ ഏതവസരത്തിലും പോലീസില്‍നിന്ന് വിവരങ്ങള്‍ പ്രതികള്‍ക്കു ചോര്ന്നുലഭിക്കുന്നുണ്ടെന്ന് പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നുണ്ട്. ദുബായില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ നരിക്കാട്ടേരി സ്ഫോടനം നടന്ന ദിവസം കരിപ്പൂരില്‍ വിമാനമിറങ്ങിയ നാല് തീവ്രവാദികള്‍ അപ്രതീക്ഷിതമായി ബോംബ് പൊട്ടിയതുകൊണ്ട് തിരിച്ച് മുംബൈയിലേക്ക് കടന്നതും ഈ രഹസ്യചോര്‍ച്ചയുടെ ഫലമാണെന്നതാണ് സത്യം. കാഞ്ഞങ്ങാട് കലാപക്കേസിലേയും മിലിട്ടറി മാതൃകയിലുള്ള സൈനിക പരേഡിലേയും പല പ്രതികളും രാജ്യം വിട്ടുകഴിഞ്ഞു.
സര്‍വീസില്‍നിന്ന് വിരമിച്ച ചില മുതിര്‍ന്ന പോലീസുദ്യോഗസ്ഥരും തീവ്രവാദികള്‍ക്കും പരിശീലനം നല്‍കുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പിലും നാദാപുരത്തും നടന്ന തീവ്രവാദി അക്രമങ്ങള്‍ക്കു പരിശീലനം നല്കിയതും ഇത്തരം റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥന്മാരായിരുന്നു. ചെറിയ തുറയില്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് അക്രമം നടത്തിയ തീവ്രവാദി അക്രമത്തിനു പിന്നിലും ചില പോലീസുദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും റോക്കറ്റ് ലോഞ്ചറുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയത് പോലീസിലെ തന്നെയുള്ള അഞ്ചാം പത്തികളുടെ സഹായത്തോടെയായിരുന്നു.
ഇ-മെയില്‍ കേസ്സിനെ സംബന്ധിച്ച് മുഴുവന്‍ വസ്തുതകളും പുറത്തുവരാതിരിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. സിമി പ്രവര്ത്തകന് മുസ്ലീം പ്രമാണിമാര്‍ക്ക് കൈമാറിയ സന്ദേശത്തിന്റെ ഉള്ളടക്കം എന്തായിരുന്നു? തിരിച്ച് ഈ നേതാക്കള്‍ തീവ്രവാദിക്ക് എന്തു സന്ദേശമാണ് നല്‍കിയത്? മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ശുപാര്‍ശ നല്കിയ വ്യക്തിയുടെ താല്‍പ്പര്യം ഇക്കാര്യത്തില്‍ എന്തായിരുന്നു? മാധ്യമം പത്രത്തിന്റെ ഉടമസ്ഥരും ജമാ അത്തെ ഇസ്ലാമി നേതാക്കളും തമ്മിലുള്ള ഗൂഢാലോചന എന്തായിരുന്നു? ഇതിനോടകം പോലീസില്‍നിന്നും ചോര്‍ന്ന രഹസ്യങ്ങള്‍ എന്തൊക്കെ? ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ ഈ കേസ്സില്‍ ബാക്കി നില്‍ക്കുകയാണ്. ഒരു ബിജു സലീമിനെ അറസ്റ്റ് ചെയ്തതുകൊണ്ടുമാത്രം തീരുന്നതാണോ ഈ സുപ്രധാന കേസ്സിന്റെ അന്വേഷണം? നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരശക്തികളുടെ കയ്യിലെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടിയാണെടുക്കാന്‍ പോകുന്നതെന്നറിയാന്‍ ഓരോ ദേശസ്നേഹിയും കാത്തിരിക്കുകയാണ്.
കെ. സുരേന്ദ്രന് (ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: