ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നത്തേതുപോലെ വൃത്തികെട്ടതും അഴിമതി നിറഞ്ഞതുമായൊരു കേന്ദ്രസര്ക്കാരുണ്ടായിട്ടില്ല. നരസിംഹറാവു സര്‍ക്കാര്‍ എത്ര ഭേദം എന്ന് തോന്നിപ്പോകും വിധമാണ് ഈ സര്‍ക്കാറിന്റെ ഓരോ നയവും. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ ജനദ്രോഹത്തില്‍ ഒരു കുറവും വരുത്തുന്നുമില്ല. കേവല ഭൂരിപക്ഷമില്ലാതിരുന്ന നരസിംഹറാവു പാര്‍ലമെന്റംഗങ്ങള്‍ക്ക് കാശുകൊടുത്ത് കൂറുമാറ്റി ഭൂരിപക്ഷം ഒപ്പിക്കുന്ന നികൃഷ്ട സമീപനം സ്വീകരിച്ചെങ്കില്‍ ഇന്നത്തെ സര്‍ക്കാര്‍ പാര്‍ട്ടികളെ മൊത്തമായി വിലക്കെടുക്കാനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ജീവനക്കാരുടെ അവസ്ഥയാണ് മന്മോഹന്സിംഹ് സര്‍ക്കാറിന്റേത്. ഇന്നലെ നടന്നെ വോട്ടെടുപ്പ് തന്നെ അതിന്റെ ഒന്നാന്തരം ഉദാഹകരണമാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രകടിപ്പിച്ചുള്ള പ്രമേയത്തിന്റെ ഭേദഗതി തള്ളാന്‍ ഇന്നലെ വോട്ടെടുപ്പായിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകിടം മറിക്കുന്ന പ്രസംഗത്തിലെ പരാമര്‍ശം നീക്കണമെന്നായിരുന്നു ഭേദഗതി. ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങുമെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതി വോട്ടെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രതിപക്ഷം ഉയര്‍ത്തിയ വിഷയം ഗുരുതരമാണ്. അത് ജനകീയ കോടതിയില്‍ വിചാരണയ്ക്കെത്തുക തന്നെ ചെയ്യും. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത യുപിഎ സര്‍ക്കാര്‍ സമാജ്വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭേദഗതിയെ അതിജീവിച്ചത്.
ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരെ വലിയ വായില്‍ വിമര്‍ശനമുന്നയിച്ച മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് സമയത്ത് ഇറങ്ങിപ്പോയി സര്‍ക്കാരിനെ രക്ഷിക്കുകയായിരുന്നു. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ 97 അംഗങ്ങളുടെ പിന്തുണ മാത്രമാണ് യുപിഎ സര്‍ക്കാരിനുള്ളത്. രാജ്യത്തിന്റെ ഫെഡറല്‍ ഘടനക്ക് മാറ്റം വരില്ലെന്നും അടുത്ത ഘട്ടത്തില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമേ നടപടിയെടുക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞെങ്കിലും അതൊന്നും വിശ്വാസയോഗ്യമല്ല. സിപിഎം, ബിജെപി എന്നീ കക്ഷികളാണ് ഭേദഗതികള്‍ കൊണ്ടുവന്നത്. 82 പേര് അനുകൂലിച്ചപ്പോള്‍ 105 പേര് എതിര്‍ത്തു. ശ്രീലങ്കന്‍ വിഷയത്തിലും നാല് പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇടതുപക്ഷവും എന്‍ഡിഎയും വാക്കൗട്ട് നടത്തിയതിനാല്‍ എഐഎഡിഎംകെയുടെ എതിര്‍പ്പിനിടയിലും സര്‍ക്കാര്‍ വിജയിച്ചു. പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യത്തില്‍ രക്ഷപ്പെട്ടുനില്‍ക്കുന്ന സര്‍ക്കാറില്‍ നടക്കുന്ന കാര്യങ്ങളൊന്നും അന്തസ്സുള്ളതുമല്ല. പാര്‍ലമെന്റിന്റെ ചരിത്രത്തിലില്ലാത്ത അവസ്ഥായാണ് ഇപ്പോള്‍ റെയില്‍വേ ബജറ്റുമായി ഉടലെടുത്തിട്ടുള്ളത്. ബജറ്റ് അവതരിപ്പിച്ച മന്ത്രിയല്ല ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി നല്കാന് പോകുന്നത്. ബജറ്റ് അവതരിപ്പിച്ച മന്ത്രി ദിനേശ് ത്രിവേദിക്ക് മന്ത്രിസ്ഥാനം ഇട്ടെറിഞ്ഞ് പോകേണ്ടി വന്നു. പകരം മന്ത്രിയായി മുകുള്‍ റോയി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇതുപോലൊരു ക്ഷീണവും നാണക്കേടും പ്രധാനമന്ത്രിക്ക് ഉണ്ടാകാനില്ല.
ത്രിവേദിയും മുകുള്‍റോയിയും തൃണമൂല്‍ കോണ്‍ഗ്രസ്സുകാരാണ്. റെയില്‍വേ നിരക്ക് കൂട്ടിയതില്‍ അമര്‍ഷം പ്രകടിപ്പിച്ചാണ് ത്രിവേദിയുടെ രാജി മമത ആവശ്യപ്പെട്ടത്. നിരക്ക് കൂട്ടിയ മന്ത്രിയെ കൊണ്ടുതന്നെ കുറപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിനുപകരം പ്രധാനമന്ത്രിയെ ഒന്നു വിറപ്പിക്കാനാണ് മമത ലക്ഷ്യമിട്ടത്. പകരം മന്ത്രി മുകുള്‍ റോയി നേരത്തെ പ്രധാനമന്ത്രിയെ ധിക്കരിച്ച സഹമന്ത്രിയായിരുന്നു. റെയില്‍വേയുടെ സഹമന്ത്രിയായിരുന്നു നേരത്തെ റോയി. അസമില്‍ റെയില്‍വേ അപകടം നടന്നപ്പോള്‍ അടിയന്തരമായി അപകടസ്ഥലം സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം റോയ് തൃണവല്‍ഗണിക്കുകയായിരുന്നു. അല്പമെങ്കിലും ആത്മാഭിമാനമുണ്ടായിരുന്നെങ്കില്‍ ഇയാളെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. താന്‍ തീര്‍ത്തും ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് തെളിയിച്ച മന്മോഹന് സിംഗിന് ലഭിച്ച മറ്റൊരു പ്രഹരമാണ് മുകുള്‍ റോയിയുടെ കാബിനറ്റ് മന്ത്രി സ്ഥാനം. ഇത്രയും ദുര്‍ബലമായ മുന്നണിയിലും സര്‍ക്കാരിലും ഘടക കക്ഷികളാക്കാന്‍ കോണ്ഗ്രസ്സുകാര് പാര്‍ട്ടികളെ തേടിക്കൊണ്ടിരിക്കുകയാണ്. മുലായം സിംഗിനെ എങ്ങിനെയെങ്കിലും പാട്ടിലാക്കാനാണ് നീക്കം. രാഹുലിന്റെ മാനേജരെ പോലെ പെരുമാറുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്വിജയ് സിംഗ് അങ്ങനെയൊരാഗ്രഹം പ്രകടിപ്പിച്ചെങ്കിലും തത്ക്കാലം അങ്ങോട്ടില്ലെന്നാണ് മുലായത്തിന്റെ നിലപാട്.
എന്നാല്‍ പാര്‍ലമെന്റില്‍ അല്പംകൂടി കരുത്ത് നേടിയില്ലെങ്കില്‍ കാര്യങ്ങള്‍ പരുങ്ങലിലാകുമെന്ന് വ്യക്തമായ സ്ഥിതിക്ക് എന്തും ചെയ്യാന്‍ കോണ്‍ഗ്രസ് ഒരുങ്ങിക്കഴിഞ്ഞു. കരുത്ത് നേടിയാല്‍ കൂടുതല്‍ ജനദ്രോഹത്തിനാണ് അവര്‍ മുതിരുക. പാചകവാതകത്തിന്റെയും പോട്രോളിയത്തിന്റെയും വിലകൂട്ടുന്നതിനുള്ള കരട് തയ്യാറായിക്കഴിഞ്ഞു. ഇത്തവണ ഡീസല്‍വിലയും കൂട്ടുമെന്നുറപ്പായി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പിരിയാന്‍ കാക്കുകയാണ് സര്‍ക്കാര്‍. 2010 ജൂണിലാണ് പെട്രോളിന്റെ വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് ചാര്‍ത്തിക്കൊടുത്തത്. രാജ്യാന്തര വില വ്യതിയാനത്തിനൊത്തെന്ന ന്യായം പറഞ്ഞ് നിരവധി തവണ വിലകൂട്ടി. എന്നിട്ടും നഷ്ടത്തിന്റെ കണക്കാണ് കമ്പനികള്‍ നിരത്തുന്നത്. അത് നികത്താനുള്ള നീക്കത്തിന്റെ ഭാഗമായി വീണ്ടും വിലകൂട്ടുകയാണ് ലക്ഷ്യം. നഷ്ടം നികത്താനാണെന്ന പേരില്‍ കോടികളാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം നഷ്ടം നികത്താനെന്ന പേരില്‍ 65000 കോടി രൂപയാണ് നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷം 40000 കോടി നല്‍കാനാണ് പ്രഖ്യാപനം. അടിക്കടി വിലകൂട്ടിയിട്ടും കേന്ദ്രം വന്‍ തുക നല്‍കിയിട്ടും ഇനിയും വില കൂട്ടാന്‍ ആലോചിക്കുന്നത് കടുത്ത ജനദ്രോഹമാണ്. പൊയ്ക്കാലില്‍ നില്ക്കുന്ന ഈ സര്‍ക്കാറിന് ഇത് ചെയ്യാനെന്തധികാരമെന്ന് ഓരോ പൗരനും ചിന്തിക്കുകയും ചോദിക്കുകയും ചെയ്യേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: