കാഞ്ഞങ്ങാട് : മൂന്ന് വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണം സംബന്ധിച്ച അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ജില്ലയിലെ ബദിയഡുക്ക, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും മുംബൈ, മംഗലാപുരം, ബാംഗ്ളൂറ് തുടങ്ങിയ സ്ഥലങ്ങളിലേയും ചില ട്രാവല്‍ ഉടമകളാണ് പാസ്പോര്‍ട്ട് തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ ടീമിനു സൂചന ലഭിച്ചു. പാസ്പോര്‍ട്ട് ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍, ചില പോലീസ് ഓഫീസര്‍മാര്‍, ചില ട്രാവല്‍ ഉടമകള്‍ പോസ്റ്റ്മാന്മാര് തുടങ്ങിയവര്‍ ചേര്‍ന്ന ഗൂഢസംഘമാണ് എല്ലാവിധ രേഖകളും വ്യാജമായി നിര്‍മ്മിച്ച് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് ആയിരത്തിലധികം വ്യാജപാസ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ചതെന്നാണ് സൂചന. ഒരു പാസ്പോര്‍ട്ടിന് കാല്‍ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നതായും ആക്ഷേപമുണ്ട്. വ്യാജ രേഖകള്‍ നല്കി ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈപ്പറ്റിയവരില്‍ ൯൦ ശതമാനവും ദേശദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തീവ്രവാദികളും കള്ളനോട്ടിടപാടുകാരും, മയക്കുമരുന്നു കടത്തുകാരുമൊക്കെയാണെന്നും, പറയപ്പെടുന്നു. ഇതില്‍ ചിലര്‍ ഇണ്റ്റര്‍പോള്‍ അന്വേഷിക്കുന്ന അന്താരാഷ്ട്ര ക്രിമിനലുകളാണെന്നും സംസാരമുണ്ട്. മംഗലാപുരത്തെയും ബാംഗ്ളൂരിലെയും ചില ട്രാവല്‍ ഉടമകള്‍ വഴി പാസ്പോര്‍ട്ട് സംഘടിപ്പിച്ചവരില് ഏതാനും പേര് അന്താരാഷ്ട്ര പോലീസ് അന്വേഷിക്കുന്ന കൊടും ക്രിമിനലുകളാണത്രെ. ഈ സാഹചര്യത്തിലാണ് കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പാസ്പോര്‍ട്ട് തട്ടിപ്പ് കേസില്‍ ട്രാവല്‍ ഉടമകളാണ് യഥാര്‍ത്ഥ കക്ഷികളെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: