കാഞ്ഞങ്ങാട് : പാക്കിസ്ഥാന് നിര്‍മ്മിതമായ കള്ളനോട്ടുകള്‍ ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി എത്തിക്കുന്നത് സ്വന്തം പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് വ്യാജപാസ്പോര്‍ട്ടും കൈനിറയെ കള്ളപണവും നല്കി കാരിയര്‍മാരായി ഉപയോഗിച്ചാണെന്ന് സൂചന. അപരിചിതരുടെ പാസ് പോര്‍ട്ടില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കിയ വ്യാജപാസ്പോര്ട്ടുമായാണ് ഇത്തരക്കാരായ പലരും ഇന്ത്യയില്‍ വന്നിറങ്ങിയത്. ഗള്‍ഫ് റാക്കറ്റാണ് ഇവരെ നാട്ടിലേക്കയക്കുന്നത്. കൂടെ കൈനിറയെ കള്ളനോട്ടുകളും കൈമാറും. ഗള്‍ഫില്‍ സ്പോണ്സര്മാരുമായുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും കാരണം വലയുന്ന പലരേയും വ്യാജപാസ്പോര്‍ട്ട് റാക്കറ്റ് സമീപിച്ച് വ്യാജപാസ്പോര്‍ട്ടില്‍ ഇവരെ കേരളത്തിലും കര്‍ണാടകയിലും വിമാനമിറങ്ങാന്‍ സഹായിക്കുകയുമാണ് ചെയ്യുന്നത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരാണ് ഇവരുടെ കെണിയില്‍വീഴുന്നത്. പാസ്പോര്‍ട്ട് പിടിച്ചുവെച്ചെന്ന് കാണിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളെ സമീപിച്ചാല്‍ പല നൂലാമാലകളുമുണ്ട്. കൃഷ്ണമണി, വിരലടയാളങ്ങള്‍ ഇവിടെ രേഖപ്പെടുത്തും. നാട്ടിലെത്താനുള്ള എമര്‍ജന്‍സി ടിക്കറ്റ് മാത്രമാകും ഇതുവഴി ലഭിക്കുക. ഇത്തരക്കാരെ കരുതല്പട്ടികയില് പെടുത്തുമെന്നതിനാല്‍ മറ്റ് തൊഴില്‍ നേടാനും പ്രയാസമാകും. ഈ പ്രശ്നങ്ങള്‍ മറികടക്കും വിധമാണ് ഗള്‍ഫ് റാക്കറ്റിണ്റ്റെ പ്രവര്‍ത്തനം. ഗള്‍ഫിലെ സൗദി അറേബ്യന്‍ റാക്കറ്റാണ് ഈ അനധികൃത പ്രവര്‍ത്തനത്തില്‍ ഏറെ മുന്നിലുള്ളത്. വിസക്കായി ഏതെങ്കിലും ചെറുകിട സ്പോണ്‍സര്‍മാരെ ഏജണ്റ്റുമാര്‍ ചാക്കിട്ടുപിടിക്കും. അതിനാല്‍ നാട്ടിലെത്തി ഗള്‍ഫിലേക്ക് തിരിച്ചുപോയാലും ആള്‍മാറാട്ട പാസ്പോര്‍ട്ട് രേഖപ്പെടുത്തിയ ആള്‍ക്ക് ജോലി സാധ്യതയുണ്ട്. ഈ കുറ്റം ചെയ്യുന്നവരുടെ യഥാര്‍ത്ഥ പാസ്പോര്‍ട്ട് അനാഥാവസ്ഥയില്‍ ആദ്യ തൊഴില്‍ സ്ഥാപനത്തിലോ മറ്റോ ഉണ്ടായിരിക്കും. ഈ പാസ്പോര്‍ട്ടുകളും ഗള്‍ഫ് റാക്കറ്റ് പലപ്പോഴായി കൈക്കലാക്കിയിട്ടുണ്ടെന്ന് ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യാന്തര ബന്ധമുള്ള കള്ളനോട്ട് വിതരണ സംഘത്തിലെ മുഖ്യകണ്ണി, ദുബായില്‍ പിടിയിലായ കാഞ്ഞങ്ങാട് മുട്ടുന്തല അബ്ദുള്ള ഹാജിയുമായി ചങ്ങാത്തം സ്ഥാപിച്ച ചിലരും വ്യാജ പാസ്പോര്‍ട്ട് റാക്കറ്റില്‍ സജീവമാണെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: