തൃപ്പൂണിത്തുറ: ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഒരുകൊല്ലത്തോളമായി പ്രവര്‍ത്തനം നിലച്ച ഫ്രീസര്‍ നന്നാക്കി പ്രവര്‍ത്തിപ്പിക്കാന്‍ ഇനിയും നടപടിയായില്ല. താലൂക്ക് ആശുപത്രിയില്‍ അതാത് ദിവസം പോസ്റ്റുമോര്‍ട്ടം നടത്തേണ്ടവയുള്പ്പെടെയുള്ള മൃതദേഹങ്ങള്‍ 24 മണിക്കൂറോളം മാത്രമേ ഇപ്പോള്‍ സൂക്ഷിച്ചുവെക്കാനാവൂ. ഇവിടെയെത്തുന്ന അപകടങ്ങളില്പ്പെട്ടതടക്കമുള്ള മൃതദേഹങ്ങള്‍ പലതും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇത് തൃപ്പൂണിത്തുറ മേഖലയുടെ കിഴക്ക്-തെക്ക് പ്രദേശങ്ങളിലെ ആവശ്യക്കാരായ ആളുകള്‍ക്കെല്ലാം ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. 3.80 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിട്ടും ഫ്രീസര്‍ നന്നാക്കി സ്ഥാപിച്ച് മോര്‍ച്ചറി പ്രവര്‍ത്തിപ്പിക്കുന്നതിന് തൃപ്പൂണിത്തുറ നഗരസഭയും ആരോഗ്യവകുപ്പും അനാസ്ഥ കാണിക്കുന്നതാണ് മോര്‍ച്ചറി അടച്ചുപൂട്ടാന്‍ കാരണമായത്.
മന്ത്രി കെ.ബാബു എംഎല്‍എയായിരിക്കെ ലഭ്യമാക്കിയ ഫണ്ട് ഉപയോഗിച്ചാണ് ഏതാനും കൊല്ലങ്ങള്‍ക്ക് മുമ്പ് ഫ്രീസര്‍ സൗകര്യമുള്ളതും നാല് മൃതദേഹങ്ങള്‍ വരെ സൂക്ഷിക്കാന്‍ പറ്റുന്നതുമായ ആധുനിക മോര്‍ച്ചറി പണി കഴിപ്പിച്ചത്. അപകടങ്ങളിലും മറ്റും പെട്ട് തൃപ്പൂണിത്തുറ ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവര്‍ ആശുപത്രിയില്‍ മരിച്ചാല്‍പ്പോലും ആ മൃതദേഹം എറണാകുളം സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കാന്‍ മരിച്ചയാളുടെ ബന്ധുക്കള്‍ നിര്‍ബന്ധിതരാവുന്ന സ്ഥിതി ഏറെ ബുദ്ധിമുട്ടുകള്‍ക്കും പണച്ചെലവിനും ഇടയാക്കുന്നുണ്ട്.
ഫ്രീസര്‍ നന്നാക്കാന്‍ പറ്റില്ലെന്നും പറ്റുമെന്നുമുള്ള അഭിപ്രായങ്ങളും ഇതിനിടെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ലൂഡി ലൂയിസ് എംഎല്‍എയുടെ ഫണ്ടില്‍നിന്നാണ് ഫ്രീസര്‍ നന്നാക്കുന്നതിന് 3.80 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതെന്ന് അറിയുന്നു. ഇത് ഉപയോഗിച്ച് ഫ്രീസര്‍ നന്നാക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലാത്ത അവസ്ഥയാണുള്ളത്. അതേസമയം, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഫ്രീസര്‍ സൗകര്യങ്ങളുള്ള മോര്‍ച്ചറി അത്യന്താപേക്ഷിതവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: