അങ്കമാലി: ചാലക്കുടി ഇടതുകര കനാലിലൂടെ തുമ്പൂര്‍മുഴി ചെക്ക് ഡാമില്‍നിന്നും വെള്ളം ആവശ്യത്തിന് തുറന്നുവിണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്കി. വെള്ളം തുറന്നുവിടാത്തതുമൂലം അങ്കമാലി ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമവും കൃഷിനാശവും പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പിന്റെയും ജലസേചനവകുപ്പിന്റെയും സംയുക്തയോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്നും കൃഷിനാശവും കുടിവെള്ളക്ഷാമവും പരിഹരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു് എംഎല്‍എ മാരായ അഡ്വ. ജോസ് തെറ്റയില്‍, ബി. ഡി. ദേവസി, പ്രൊഫ. സി. രവിന്ദ്രനാഥ്, ടി. എന്‍. പ്രതാപന്, തോമസ് ഉണ്ണിയാടന് തുടങ്ങിയവര്‍ വൈദ്യുതി വകുപ്പ് മന്ത്രിയ്ക്കും ജലസേചനവകുപ്പ് മന്ത്രിയ്ക്കും നിവേദനം സമര്‍പ്പിച്ചു.
ചാലക്കുടി ഇടതുകര കനാലിലൂടെ തുമ്പൂര്‍മുഴി ചെക്ക് ഡാമില്‍നിന്നും വെള്ളം ആവശ്യത്തിന് തുറന്നു വിടാത്തതുമൂലം അങ്കമാലി ചാലക്കുടി പുതുക്കാട് കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലങ്ങളിലെ കൃഷികളെല്ലാം ഉണങ്ങി നശിക്കുകയും കിണറുകളില്‍ വെള്ളം ഇല്ലാത്തതുമൂലം ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയുമാണ്. കനാലിലൂടെ വെള്ളം തുറന്നുവിട്ടില്ലെങ്കില്‍ വേനല്‍ക്കാലം ശക്തമാകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ഈ പ്രദേശത്തെ കൃഷികളെല്ലാം നശിക്കുകയും ചെയ്യുന്നതുകൊണ്ട് ഈ പ്രദേശത്തെ ജനങ്ങളും കര്‍ഷകരും ഇതിനെതിരെ പ്രക്ഷോഭത്തിലേക്ക് തിരിയും. പല പ്രദേശങ്ങളിലും ഇപ്പോള്‍തന്നെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥന്മാരുടെ ദീര്‍ഘവീക്ഷണമില്ലായ്മയും ഉത്തരവാദിത്തരഹിതവുമായ പ്രവര്‍ത്തനങ്ങളാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് എംഎല്‍എ മാര്‍ പറഞ്ഞു.
പെരിങ്ങല്‍കുത്ത് ജനറേറ്റിംഗ് സ്റ്റേഷനില്‍ പകല്‍സമയത്ത് 2 ജനറേറ്ററുകളും വൈകിട്ട് ബാക്കി ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ പകല്‍സമയത്ത് തുമ്പൂര്‍മുഴിയില്‍ വെള്ളം വരുന്നത് കുറവും രാത്രി വരുന്നത് കൂടുതലുമാണ്. ഇതുമൂലം സമതുലിതമായ വെള്ള വിതരണം വടതുകര, ഇടതുകര കനാലുകളില്‍ നടത്താന്‍ കഴിയുന്നില്ല. അതിനാല്‍ പെരിങ്ങല്‍കുത്തില്‍ രാത്രിയിലും പകലും മൂന്ന് വീതം ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വെള്ളം കവിഞ്ഞൊഴുകി പോകുന്നത് ഒഴിവാക്കുകയും കനാലുകളില്‍ നല്ല രീതിയില്‍ വെള്ളം ഒഴുക്കാനും കഴിയും. പെരിങ്ങല്‍കുത്തില്‍ ആകെയുള്ള 7 ജനറേറ്ററുകളില്‍ ഒരെണ്ണം അറ്റകുറ്റപണി നടക്കുന്നതിനാല്‍ 6 എണ്ണമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.
45 എംസിഎം ജലമെങ്കിലും തുടര്‍ച്ചയായി തുമ്പൂര്‍മുഴിയില്‍ ലഭ്യമായാല്‍ മാത്രമേ ചാലക്കുടി റിവര്‍ ഡൈവേര്ഷന് സ്കീം പ്രകാരമുള്ള പ്രദേശങ്ങളില്‍ ഒരുവിധം തൃപ്തികരമായി ജലവിതരണം നടത്താന്‍ കഴിയുകയുള്ളൂ. ആയതിനാല്‍ പെരിങ്ങല്‍കുത്തിലെ വൈദ്യുതി ജനറേറ്ററുകള്‍ അങ്കമാലി, ചാലക്കുടി, പുതുക്കാട്, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട നിയോജകമണ്ഡലങ്ങളില്‍ വെള്ളം ലഭ്യമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയിട്ടുള്ളതെന്ന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: