തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലക്കെതിരായ കേസിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് വ്യക്തമാകുന്നു. ഹൈക്കോടതിവിധിയുടെ പേര് പറഞ്ഞ് പൊങ്കാലതന്നെ അലങ്കോലമാക്കുകയാണ് ലക്ഷ്യം. പൊങ്കാല പൊതു നിരത്തില്‍ മാര്ഗ്ഗതടസ്സമുണ്ടാകുന്നുവെന്ന് സ്ഥാപിക്കുക, പൊങ്കാലക്കെതിരെ കോടതിയെക്കൊണ്ട് പരാമര്‍ശം നടത്തുക എന്നതായിരുന്നു കേസെടുത്തതിന് പിന്നിലെ ഉദ്ദേശ്യം. പാതയോരത്തെ പൊതുയോഗം നിരോധനം സംബന്ധിച്ച കേസ് ആറ്റുകാല്‍ പൊങ്കാലക്ക് ബാധകമല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് അവഗണിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോടതിവിധിയുടെ പേരില്‍ പൊങ്കാലയെ അട്ടിമറിക്കാനുള്ള ശ്രമം നേരത്തെ നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ചില സംഘടനകള്‍ പരസ്യപ്രസ്താവനകളുമായി രംഗത്തുവന്നെങ്കിലും പോലീസ് അവഗണിക്കുകയായിരുന്നു. ഇത്തവണ പൊങ്കാല ദിവസങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാറുള്ള കലാപരിപാടികള്‍ പോലീസ് തടഞ്ഞിരുന്നു. പൊതു നിരത്തില്‍ വേദി കെട്ടുന്നത് അനുവദിക്കാതെയായിരുന്നു ഇത്. അതുകൊണ്ടുതന്നെ പൊങ്കാലയുടെ ആഘോഷപ്പൊലിമയ്ക്ക് മങ്ങലേറ്റിരുന്നു. പോലീസിലെ ചില ഉന്നതരുടെ ബോധപൂര്‍വ്വമായ നീക്കമായിരുന്നു ഇതെന്ന് സൂചനയുണ്ടായിരുന്നു. അതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കേസ്.
പൊങ്കാലയോടനുബന്ധിച്ച് ഗതാഗതതടസ്സമുണ്ടായതുമായി ബന്ധപ്പെട്ട് ഭാവിയില്‍ കോടതിയില്‍ നിന്ന് അന്വേഷണം വന്നാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് കേസെടുത്തതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ സര്‍ക്കാര്‍ തന്നെ ഹൈക്കോടതി വിധി പൊങ്കാലയ്ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് പോലീസ് എന്തിന് സ്വമേധയാ കേസെടുത്തു എന്നതാണ് പ്രസക്തമായ ചോദ്യം.
തമ്പാനൂര്‍, ഫോര്‍ട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫോര്‍ട്ട് പോലീസ് എഫ്ഐആര്‍ തയ്യാറാക്കി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കുകയും ചെയ്തു. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായ കേസ്സുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരം ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.സി. മോഹനനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ കേസ് കോടതിയില്‍ നല്കിയ സാഹചര്യത്തില്‍ ഭാവിയില്‍ പൊങ്കാല സംബന്ധിച്ച് ഹൈക്കോടതിയില്‍ പരാമര്‍ശമുണ്ടാകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും പൊങ്കാലയ്ക്ക് എതിരാകുമെന്ന് വ്യക്തം. പൊതുനിരത്തില്‍ മാര്ഗ്ഗതടസ്സമുണ്ടാക്കുന്നതിനെതിരെ വിധി പറയുമ്പോള്‍ കോടതികള്‍ക്ക് ഏതെങ്കിലും പ്രത്യേക പരിപാടികള്‍ക്ക് ഒഴിവ് നല്‍കുന്നതിന് നിയമതടസ്സമുണ്ടാകും. അങ്ങനെ വരുമ്പോള്‍ പൊങ്കാലയുള്പ്പെടെയുള്ള ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്ക്കുമുള്പ്പെടെ വിധി ബാധകമാകും. ഈയൊരു സാഹചര്യമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് സ്വമേധയാ പൊങ്കാലയ്ക്കെതിരെ കേസെടുത്തതിന്റെ പിന്നിലെന്നാണ് സൂചന. പൊങ്കാലയുമായി ബന്ധപ്പെട്ട് ഇത്തവണ യാതൊരു ഗതാഗത തടസ്സവും നഗരത്തിലുണ്ടായിരുന്നില്ല. പൊങ്കാല സംഘചേരലും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കലുമല്ല. അതിനാല്‍ ഹൈക്കോടതി വിധി ബാധകമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ചുമതലയുള്ള ആഭ്യന്തരവകുപ്പ് തന്നെയാണ് കേസെടുത്തിരിക്കുന്നത്.
പൊങ്കാലക്കെതിരെ ഇത്തവണ റെയില്‍വേയുടെ ഭാഗത്തുനിന്നും നീക്കമുണ്ടായിരുന്നു. പൊങ്കാലയ്ക്ക് എത്തുന്നവരെ ശക്തമായ പരിശോധനയ്ക്ക് വിധേയമാക്കി. വനിതാ തീര്‍ത്ഥാടകര്‍ എന്ന പരിഗണന നല്‍കാതെയായിരുന്നു ഇത്. കൊല്ലത്തേയ്ക്ക് പ്രത്യേക പാസ്സഞ്ചര്‍ ട്രെയിന്‍ ഓടിയെങ്കിലും സൂപ്പര്‍ ഫാസ്റ്റിന്റെ നിരക്കാണ് പൊങ്കാല തീര്‍ത്ഥാടകരോട് ഈടാക്കിയത്. ഇതിനെതിരെ റെയില്‍വേയില്‍ സമ്മര്‍ദ്ദം ചെലുത്താനോ നടപടി സ്വീകരിക്കാനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നില്ല.
പൊങ്കാലക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് ഇന്നലെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യപ്പെട്ട ഡിസിപി വി.സി. മോഹനന് മുമ്പും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. 2001 ജൂലൈയില്‍ തിരുവനന്തപുരത്ത് നടന്ന എബിവിപി പ്രകടനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ നിരവധി കള്ളക്കേസുകള്‍ എടുക്കുകയും കാര്യാലയങ്ങള്‍ ഉള്‍പ്പെടെ റെയ്ഡുചെയ്യുകയും ചെയ്തത് അന്ന് കണ്ടോണ്മെന്റ് എസിയായിരുന്ന മോഹനന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട് ക്രമസമാധാന ചുമതലയില്‍ നിന്നും വര്‍ഷങ്ങളോളം മാറ്റിനിര്‍ത്തപ്പെട്ട മോഹനന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ഡിസിപിയായി ചുമതലയേറ്റത്. പെരുമ്പാവൂരില്‍ ക്ഷേത്രമൈതാനത്ത് പശുവിനെ കൊന്നതിനെതിരെ തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ഹൈന്ദവ സംഘടനാനേതാക്കള്‍ക്കെതിരെ കേസെടുത്ത് മിടുക്ക് കാട്ടാനായിരുന്നു അദ്ദേഹം ആദ്യം ശ്രമിച്ചത്. ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന് നേതാക്കളെ മതവിദ്വേഷം വളര്‍ത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്ത് സര്‍ക്കാരിന്റെ മുന്നില്‍ നല്ലപിള്ള ചമയാന്‍ മോഹനനു കഴിഞ്ഞു.
പൊങ്കാലയോടനുബന്ധിച്ച് മാര്ഗതടസ്സമുണ്ടാക്കിയെന്ന പേരില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചത് മോഹനനാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് ഇന്നലത്തെ സസ്പെന്ഷന്. പൊങ്കാല, മാര്ഗതടസ്സമുണ്ടാക്കാതിരിക്കാന് എല്ലാ ക്രമീകരണങ്ങളും മുന്‍ കൂട്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നതാണ്. ഗതാഗത തടസ്സമുണ്ടായതായി ഒരിടത്തു നിന്നും പരാതികളുമുണ്ടായില്ല. എന്നിട്ടും ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തമ്പാന്നൂര്‍, ഫോര്‍ട്ട് പോലീസ് സ്റേഷനുകളിലായി രണ്ട് കേസുകള്‍ രജിസ്റര്‍ ചെയ്തതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: