ന്യൂദല്‍ഹി: ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച് എതിര്‍പ്പുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. ഇന്നലെ ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും ചീഫ് സെക്രട്ടറിമാരുടേയും യോഗത്തിലാണ് സംസ്ഥാനങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്. ഛത്തീസ്ഗഢ്, ഗുജറാത്ത്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ആഭ്യന്തര സെക്രട്ടറി ആര്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള യോഗത്തിലാണ് മൂന്ന് സംസ്ഥാനങ്ങളും വിയോജിപ്പ് പ്രകടിപ്പിച്ചത്. ഭീകരവിരുദ്ധ കേന്ദ്രം വരുന്നതോടുകൂടി, സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുമെന്നും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ അത് തകര്‍ക്കുമെന്നും സംസ്ഥാനങ്ങള്‍ വാദിച്ചു. കൂടാതെ, ഭീകരവിരുദ്ധ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമായാല്‍ സംസ്ഥാന പോലീസ് ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്ത് ഒതുങ്ങിപ്പോകുമെന്നും സംസ്ഥാന പ്രതിനിധികള്‍ ആരോപിച്ചു.
തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്, അതേസമയം, പുതിയ ഭീകരവിരുദ്ധ കേന്ദ്രം വരുമ്പോള്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുവാനുള്ള അധികാരം നല്‍കേണ്ടതിന്റെ ആവശ്യകതയില്ലെന്നും സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി.
ഭീകരവിരുദ്ധ യൂണിറ്റുകളുടെ തലവനും യോഗത്തില്‍ പങ്കെടുത്തു.നേരത്തെ തന്നെ നിരവധി മുഖ്യമന്ത്രിമാര്‍ ഭീകരവിരുദ്ധ കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തകര്‍ക്കുമെന്നാണ് എല്ലാവരുടേയും വാദം. ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ നേരത്തെ തന്നെ ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച് എതിര്‍പ്പുമായി മുന്നോട്ടുവരുന്ന സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രതീക്ഷിക്കുന്നത്. ഭീകര വിരുദ്ധ കേന്ദ്രം സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രം ആരാഞ്ഞില്ലെന്നും നേരത്തെ പല മുഖ്യമന്ത്രിമാരും കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: