ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്വമേധയാ കേസെടുത്ത സംഭവം മുഴുവന്‍ ഈശ്വരവിശ്വാസികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മണക്കാട് മുതല്‍ പഴവങ്ങാടി വരെയുള്ള പൊതുനിരത്തില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും സഞ്ചാര തടസം സൃഷ്ടിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഇതുസംബന്ധിച്ച് എഫ്ഐആര്‍ നല്‍കിയിരുന്നു. ഐപിസി 188, 253 പ്രകാരമാണ് 1000 ഓളം വരുന്ന കണ്ടാലറിയാവുന്നര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുവഴികള്‍ കൈയേറിയും തിരക്കേറിയ റോഡുകള്‍ കൈയേറി ചുടുകട്ടകള്‍ നിരത്തി അടുപ്പു കൂട്ടിയതുവഴി ഗതാഗതം തടസപ്പെട്ടുവെന്നും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. പൊങ്കാലയിടാന്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ എത്തിയിരുന്നതിനാല്‍ ആരെയും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എഫ്ഐആറില്‍ പറയുന്നു. ശുദ്ധ അസംബന്ധവും അഹന്ത നിറഞ്ഞതുമായ നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പറയാതിരിക്കാനാവില്ല. ഭരണത്തിലിരിക്കുന്നവരുടെ അറിവോ സമ്മതമോ നിര്‍ദ്ദേശമോ ഇല്ലാതെ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ഇമ്മാതിരി കൃത്യത്തിന് മുതിരുമെന്നും തോന്നുന്നില്ല. ആറ്റുകാല്‍ പൊങ്കാല ഇന്ന് ലോകശ്രദ്ധ നേടിയതാണ്. ഗിന്നസ് ബുക്കില്‍വരെ സ്ഥാനം നേടിയ മഹാത്ഭുതമായി പൊങ്കാല മാറിയിട്ടുണ്ട്.
ഇത്തവണ 35 ലക്ഷത്തോളം സ്ത്രീകളാണ് പൊങ്കാലയ്ക്കെത്തിയത്. ഇങ്ങനെ വ്രതശുദ്ധിയോടെ വിശ്വാസപൂര്‍വ്വം സ്ത്രീകള്‍ ഒത്തുകൂടുന്ന ഒരു ഉത്സവവും ഒരു മതത്തിനും ലോകത്ത് വേറെയില്ല. ആരോരുമറിയാതെ ആരെയും അറിയിക്കാതെ കുറെ സ്ത്രീകള്‍ വന്ന് നടുറോഡില്‍ അടുപ്പുകൂട്ടി പൊങ്കാല അര്പ്പിക്കുകയായിരുന്നില്ല. ദശാബ്ദങ്ങളായി ലക്ഷക്കണക്കിന് ഭക്തര്‍ ഒത്തുകൂടുന്ന ഉത്സവത്തിന് ഒത്താശ ചെയ്യുന്നത് സര്‍ക്കാരാണ്. ഇതിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യങ്ങള്‍ ചെയ്യുന്നത് സര്‍ക്കാറാണ്. അതിനുവേണ്ടി ഈ വര്‍ഷം 12 കോടി രൂപയുടെ ഭരണാനുമതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടാണ് ആലോചനായോഗത്തില്‍ എത്തിയിരുന്നത്. മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചതിന് കേസ്സെടുക്കുന്നെങ്കില് മുഖ്യമന്ത്രിയുടെ പേരില്‍ പ്രേരണാകുറ്റത്തിനല്ലേ കേസ്സെടുക്കേണ്ടത് ? വിവിധ ഘട്ടങ്ങളില്‍ നടന്ന യോഗങ്ങളില്‍ റവന്യൂ, ദേവസ്വം, നഗരകാര്യം, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ക്കും നഗരസഭാ അധ്യക്ഷയും നിരവധി ജനപ്രതിനിധികളും ഉദ്യോസ്ഥ പ്രമുഖരുമെല്ലാം പങ്കെടുത്തിട്ടുണ്ട്. മാത്രമല്ല വ്രതമെടുത്ത് പൊങ്കാല അര്‍പ്പിക്കാനെത്തിയ ആയിരക്കണക്കിന് പ്രമുഖരുടെ കൂട്ടത്തില്‍ പോലീസ് ഐജി വരെ ഉണ്ടായിരുന്നല്ലോ! എന്നിട്ടും ആരുടെയും പേരെടുത്ത് പറയാതെ ആയിരം പേരെ എന്ന് കണക്ക് വച്ച് എഫ്ഐആര്‍ നല്‍കുകയാണ് ചെയ്തത്. ഇതിന് പിന്നില്‍ കേസ്സെടുത്ത് പ്രോസിക്യൂട്ട് ചെയ്യുക എന്നതിലുപരി പൊങ്കാലക്കെത്തുന്നവരെ ആശങ്കയില്‍ നിര്‍ത്തുക എന്ന ഉദ്ദേശ്യമുണ്ട്.
ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന് ഇത് ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു ? പ്രതിഷേധം ശക്തമായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകുമായിരുന്നോ ? പൊങ്കാല അലങ്കോലപ്പെടുത്താന്‍ ഇത്തവണ ശ്രമിച്ചുനോക്കിയത് റെയില്‍വേയാണ്. തിരുവനന്തപുരത്തെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പൊങ്കാലക്കെത്തുന്ന സ്ത്രീകളെ കവാടങ്ങളടച്ച് പരിശോധനക്ക് വിധേയമാക്കണമെന്ന് ശഠിക്കുകയുണ്ടായി. അത് നടക്കാതിരുന്നപ്പോഴാണ് ഇപ്പോള്‍ പോലീസിന്റെ നടപടി. കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആര്‍ അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒടുവില്‍ പറഞ്ഞു. കേസെടുത്ത സംഭവത്തില്‍ പൊലീസിന് വീഴ്ച വന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. കേസെടുത്തത് അറിഞ്ഞ് നിരവധി പേര് തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും ചാനലുകളിലൂടെ പ്രതികരിച്ചവരാരും തന്നെ ഇക്കാര്യം വിളിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് ആക്ഷേപമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധ പ്രസ്താവനകള്‍ പുറപ്പെടുവിച്ച കാലത്തെല്ലാം ബന്ധപ്പെട്ടവരെ വിളിച്ച് അനുവാദം വാങ്ങിയിട്ടാണോ എന്നറിയില്ല. കേസ്സെടുത്തവരുടെ അനുമതി തേടി പ്രതിഷേധത്തിനും ചര്‍ച്ചയ്ക്കും പോകാത്തത് വലിയൊരു കുറ്റമായി വ്യാഖ്യാനിക്കുന്നത് കഷ്ടംതന്നെ.
കേരളത്തില്‍ ഉത്സവങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ട്. ബീമാപള്ളിയില്‍ ഉറൂസിന് പതിനായിരക്കണക്കിനാളുകള്‍ എത്താറുണ്ട്. സകലമാന പള്ളികളിലും പെരുന്നാളും ഘോഷയാത്രകളുമുണ്ട്. ഒരു സ്ഥലത്തും ഇതുപോലെ കേസ്സെടുത്തതായി കേട്ടിട്ടില്ല. പിന്നെന്തെ ആറ്റുകാല്‍ പൊങ്കാലയെ മാത്രം വിവാദത്തിലും വ്യവഹാരത്തിലുമെത്തിക്കണമെന്ന് സര്‍ക്കാറിന് തോന്നി ? നേരത്തെ ശബരിമലയായിരുന്നു ഉന്നം. ശബരിമലയില്‍ ലക്ഷക്കണക്കിന് അയ്യപ്പന്മാര് എത്തുന്നത് എങ്ങിനെയൊക്കെ തടസ്സപ്പെടുത്താമെന്ന് നോക്കി. അമിത യാത്രാനിരക്ക് ഈടാക്കി. വൈദ്യുതിയും ശുദ്ധജലവും ശുചിത്വവും ഉറപ്പുവരുത്താതിരിക്കാനും ശ്രമിച്ചു. ധര്‍മ്മശാസ്താവിന്റെ പൂങ്കാവനത്തില്പ്പെട്ട സ്ഥലംപോലും അന്യാധീനപ്പെടുത്താനോ കൈക്കലാക്കാനോ ശ്രമിച്ചുനോക്കി. നിലയ്ക്കലില്‍ ഇല്ലാത്ത കുരിശ്ശിന്റെ പേരില്‍ കലാപത്തിനിറങ്ങിയതിന്റെ ഉദ്ദേശ്യവും വ്യക്തമായിരുന്നു. അത്തരക്കാര്‍ക്ക് ഒത്താശനല്കിയത് മുമ്പ് യുഡിഎഫ് ഭരണത്തിലായിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും നാമം ജപിച്ചും അടങ്ങി ഒതുങ്ങി കഴിയുന്നവരോട് എന്തുമാകാമെന്ന ധിക്കാരമാണ് ആറ്റുകാല്‍ പൊങ്കാലക്കെത്തിയവരെ കേസില്‍പ്പെടുത്താനുള്ള ശ്രമം. ഇതില്‍ പരിതപിക്കുകയല്ല കരുതലോടെ ഇരിക്കുകയാണാവശ്യം. കേസ്സെടുക്കില്ല, എഫ്ഐആര്‍ പിന്‍വലിക്കും എന്നൊക്കെയുള്ള സാന്ത്വനവാക്കുകള്‍ രണ്ടടി മുന്നോട്ടുകുതിക്കാനുള്ള ഒരടി പിന്നോക്കം പോകലാണെന്ന് മനസ്സിലാക്കണം. വിശ്വാസത്തെയും വിശ്വാസികളെയും നശിപ്പിക്കാന്‍ ആരെങ്കിലും മോഹിക്കുന്നുവെങ്കില്‍ അത് വ്യാമോഹമായേ പര്യവസാനിക്കുകയുള്ളൂ എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: