നമ്പര്‍ 12 തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓഫ് ദ റെക്കോര്‍ഡായി മാത്രം അഭിമുഖം നല്‍കാറുള്ള രാഹുല്‍ ഗാന്ധിക്ക് ഒടുവില്‍ ആ രീതി മാറ്റേണ്ടിവന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം വിശദീകരിക്കാന്‍ രാഹുല്‍ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പരിഹാസ്യമായ പരാജയത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസില്‍തന്നെ ഒറ്റപ്പെട്ടുപോയേക്കുമെന്ന ഭീതികൊണ്ടാണ് വാര്‍ത്താലേഖകരെ നേരിടുകയെന്ന സാഹസത്തിന് മുതിര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചില നല്ല പാഠങ്ങള്‍ നല്‍കുന്നുവെന്നും പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും രാഹുല്‍ വാര്‍ത്താലേഖകരോട് വിശദീകരിച്ചു. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ചു. പരാജയമായാലും വിജയമായാലും തെരഞ്ഞെടുപ്പുകള്‍ ഓരോ പാഠങ്ങള്‍ നല്‍കുന്നുവെന്നാണ് സോണിയ പറഞ്ഞത്.
അധികാരമോഹംകൊണ്ട് അന്ധരായിപ്പോയ ഈ അമ്മയും മകനും പരാജയങ്ങളില്‍നിന്ന് യാതൊരു പാഠവും പഠിക്കുന്നില്ല എന്നതാണ് സത്യം. നിയസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനോടുള്ള ഇരുവരുടേയും പ്രതികരണങ്ങള്‍ തന്നെ അതിന് തെളിവാണ്. യുപിയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ അതേ ശ്വാസത്തില്‍ വ്യക്തമാക്കിയത് പാര്‍ട്ടിക്ക് അവിടെ അടിസ്ഥാന ഘടകങ്ങളില്ലെന്നാണ്. വിലക്കയറ്റവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവും നേതാക്കള്‍ പെരുകിയതുമാണ് തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്നാണ് സോണിയ കണ്ടെത്തിയത്. യുപിയിലെ കോണ്‍ഗ്രസിന്റെ മൃതദേഹത്തോടുപോലും ക്രൂരത കാണിക്കുന്നതാണ് സോണിയയുടേയും രാഹുലിന്റേയും പ്രസ്താവനകള്‍.
പരാജയത്തിന്റെ പാപഭാരത്തില്‍നിന്ന് മകനെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രതയാണ് സോണിയ പ്രകടിപ്പിച്ചത്. യുപിയിലെ പരാജയത്തിന് കാരണം വിലക്കയറ്റമാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അതിന്റെ ഉത്തരവാദിയായി ചൂണ്ടിക്കാട്ടുകയാണ് സോണിയ ചെയ്തത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പഴിക്കുന്ന സോണിയ മകന് രാഹുലാണ് അത് നടത്തിയതെന്ന കാര്യം മറച്ചുപിടിക്കുന്നു. പ്രതികൂല സാഹചര്യത്തെ നേരിടേണ്ടിവരുമ്പോള്‍ അസത്യം പറയാനുള്ള സഹജസ്വഭാവമാണ് സോണിയ ഇവിടെയും പ്രകടിപ്പിക്കുന്നത്.
യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം രാഹുല്‍ ഗാന്ധിയുടെ വണ്മാന് ഷോ ആയിരുന്നു. രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നിലധികം വീതം 221 സമ്മേളനങ്ങളിലാണ് രാഹുല്‍ പ്രസംഗിച്ചത്. 48 ദിവസങ്ങളിലായി 200 കിലോമീറ്റര്‍ വീതം പിന്നിടുന്ന18 വാഹന പ്രചാരണ ജാഥകളാണ് നടത്തിയത്. യുപിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ണമായി രാഹുല്‍ഗാന്ധിയുടെ നിയന്ത്രണത്തിലായിരുന്നു. സ്ഥാനാര്‍ത്ഥികളാക്കിയ 354 പേരില്‍ 154 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരായിരുന്നു. ഇക്കാരണത്താല്‍ മറ്റ് പാര്‍ട്ടികള്‍ സീറ്റ് നിഷേധിച്ചവരെപ്പോലും രാഹുല്‍ സ്ഥാനാര്‍ത്ഥികളാക്കി. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുകയായിരുന്നു. പട്ടിയാല മണ്ഡലം വര്‍ഷങ്ങളായി നോക്കിനടത്തിയിരുന്നയാളെ അവസാനനിമിഷം മാറ്റി ദല്‍ഹിയില്‍നിന്ന് സ്ഥാനാര്‍ത്ഥിയെ ഇറക്കുമതി ചെയ്തു. ഫലം പുറത്തുവന്നപ്പോള്‍ അയാള്‍ അഞ്ചാം സ്ഥാനത്തായി. മുസ്ലീം സംവരണ പ്രഖ്യാപനത്തിലൂടെ പ്രചാരണരംഗം വര്ഗീയവല്ക്കരിച്ചതിന് പുറമെ സാം പിട്രോഡയെ വിശ്വകര്മജനായി പ്രചാരണയോഗങ്ങളില്‍ അവതരിപ്പിച്ച് സ്വത്വരാഷ്ട്രീയം പയറ്റാനും രാഹുല്‍ മറന്നില്ല.
ഇതിന്റെയൊക്കെ സ്വാഭാവിക പരിണാമമായിരുന്നു കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയം. 2007 ല്‍ 22 സീറ്റ് നേടാന്‍ കഴിഞ്ഞ പാര്‍ട്ടിക്ക് ഇക്കുറി 28 സീറ്റ് ലഭിച്ചു എന്ന് ചില മാധ്യമങ്ങളും നേതാക്കളും ലജ്ജയില്ലാതെ അവകാശപ്പെടുന്നുണ്ടെങ്കിലും സത്യം മറ്റൊന്നാണ്. 2007 ല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ മുന്‍ പ്രധാനമന്ത്രി ചരണ്‍സിംഗിന്റെ മകന് അജിത് സിംഗിനെ കേന്ദ്രമന്ത്രിസഭയിലെടുത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആര്‍എല്‍ഡിയുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അജിത് സിംഗിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ സീറ്റ് ഒറ്റയക്കത്തില്‍ ഒതുങ്ങുമായിരുന്നു. ആര്‍എല്‍ഡിക്ക് ഒമ്പത് സീറ്റ് ലഭിച്ചു എന്നത് ഇതിന് തെളിവാണ്. 85 സംവരണമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിന് ജയിക്കാനായത് വെറും അഞ്ചില്‍. രാഹുല്‍ അഭിമാന പ്രശ്നമായി ഏറ്റെടുത്ത് പ്രചാരണം നടത്തിയ, കര്‍ഷകര്‍ക്കുനേരെ പോലീസ് വെടിവെയ്പ്പ് നടന്ന ഭട്ട-പര്‍സുല്‍ ഉള്‍ക്കൊള്ളുന്ന ജവാര്‍ മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമായി. ഭട്ട ഗ്രാമത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 176 വോട്ട്.
കഴിഞ്ഞ 22 വര്‍ഷമായി അധികാരത്തിന് പുറത്താണെങ്കിലും ഉത്തര്‍പ്രദേശ് തങ്ങളുടെ കുത്തകയാണെന്ന നാട്യമാണ് സോണിയാ കുടുംബം വെച്ചുപുലര്‍ത്തുന്നത്. അമേഠി-റായ്ബറേലി ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുലും സോണിയയും ജയിക്കുന്നതാണ് ഇതിന് കാരണം. ഈ മിഥ്യാ ധാരണയും ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. അമേഠി, റായ്ബറേലി, സുല്‍ത്താന്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ വരുന്ന 15 നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. 2007 ല്‍ 10 സീറ്റില്‍ ജയിച്ചിരുന്നു. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലത്തില്‍ ഒരിടത്തുപോലും ജനങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തുണച്ചില്ല. യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം സോണിയാ കുടുംബത്തിന്റെ കുടുംബസംഗമം തന്നെയായിരുന്നു. എന്നാല്‍ രാഹുലിന് പുറമെ സോണിയയും മകള്‍ പ്രിയങ്കയും മരുമകന് റോബര്‍ട്ട് വാധ്രവരെ യുപിയില്‍ തമ്പടിച്ചു. സോണിയ പരാജയപ്പെട്ടിടത്ത് രാഹുല്‍, രാഹുല്‍ പരാജയപ്പെട്ടാല്‍ പ്രിയങ്ക എന്നായിരുന്നു സ്തുതിപാഠകര്‍ അവകാശപ്പെട്ടിരുന്നത്. രാഹുലിന്റെ കഴിവുകേട് സഹിക്കാനാവാത്തതുപോലെ പ്രിയങ്കയുടെ സൗന്ദര്യത്തില്‍ മയങ്ങില്ലെന്നും യുപിയിലെ ജനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് ജനങ്ങള്‍ നല്കിയ തിരിച്ചടി കുടുംബവാഴ്ചയുടെ മരണമണിയാണ്.
യുപിയിലേത് രാഹുലിന്റെ കന്നിപ്പരാജയമാണെന്ന മട്ടിലാണ് സോണിയാ കോക്കസ് കാര്യങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ അരങ്ങേറ്റം കുറിച്ച 2004 മുതല്‍ പരാജയങ്ങളുടെ പരമ്പരയാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം എന്നത് മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല. 2007 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സോണിയക്കൊപ്പം രാഹുലും പ്രചാരണരംഗത്തുണ്ടായിരുന്നു. ആകെയുള്ള 403 സീറ്റില്‍ അന്ന് നേടാനായത് 22 സീറ്റ്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരവും രാഹുലായിരുന്നു. ലഭിച്ചത് 25 സീറ്റ്. 2010 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും 2011 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രചാരണം രാഹുലിനെ കേന്ദ്രീകരിച്ചായിരുന്നു. ബീഹാറില്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് തറപറ്റി. രാഹുല്‍ പ്രചാരണം നടത്തിയ 22 മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാനായത് ഒന്നില്‍മാത്രം. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ രാഹുല്‍ നടത്തിയ ശ്രമങ്ങളായിരുന്നു 2007 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പും 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പും 2010 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും. മൂന്നിടത്തും ദയനീയമായ തോല്‍വിയാണ് സംഭവിച്ചത്. ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യമുണ്ടായിട്ടും രാഹുല്‍ പ്രചാരണത്തിനെത്തിയ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചത് അഞ്ച് സീറ്റില്‍ മാത്രം. ബീഹാറിലേയും തമിഴ്നാട്ടിലേയും തെരഞ്ഞെടുപ്പ് ഫലത്തിന്റെ തനിയാവര്‍ത്തനമാണ് കോണ്‍ഗ്രസിനേയും രാഹുലിനേയും സംബന്ധിച്ച് യുപി തെരഞ്ഞെടുപ്പ് ഫലം.
രണ്ടായിരത്തിയേഴിലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ മുങ്ങുകയാണ് രാഹുല്‍ഗാന്ധി ചെയ്തത്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ വീഴ്ച തന്റെ ശ്രമം പരാജയപ്പെടുത്തിയെന്ന വിശദീകരണവുമായാണ് കുറച്ചുദിവസം കഴിഞ്ഞ് പ്രത്യക്ഷപ്പെട്ടത്. ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പരിഹാസ്യനായപ്പോള് വിശദീകരണവുമായെത്തിയത് സോണിയയാണ്. ‘നഷ്ടാവശിഷ്ടങ്ങളില്‍നിന്ന് പാര്‍ട്ടിയെ പടുത്തുയര്‍ത്തും’ എന്നായിരുന്നു അവകാശവാദം. യുപിയിലെ വോട്ടര്‍മാര്‍ നിഷ്ക്കരുണം അടിച്ചോടിച്ച മകനെ രക്ഷിക്കാന്‍ സോണിയ ഇപ്പോള്‍ നടത്തുന്ന വിശദീകരണം അവരുടെ രാഷ്ട്രീയ സദാചാരമില്ലായ്മയ്ക്ക് തെളിവാണ്. പരാജയങ്ങള്‍ക്ക് പാര്‍ട്ടി സംവിധാനത്തെ പഴിക്കുമ്പോള്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കേണ്ട ചുമതല ആര്‍ക്കാണെന്ന കാര്യം സോണിയയും രാഹുലും ബോധപൂര്‍വം വിസ്മരിക്കുകയാണ്. 2007 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടുവെന്ന് പറഞ്ഞ രാഹുല്‍ഗാന്ധിക്ക് അഞ്ച് വര്‍ഷം ലഭിച്ചിട്ടും സംഘടന കെട്ടിപ്പടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം അടിവരയിട്ട് കാണിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിനാണ് സോണിയ പ്രാധാന്യം കല്‍പ്പിച്ചത്. മകനെ പ്രധാനമന്ത്രി പദത്തിലേയ്ക്കാനയിക്കാനുള്ള സുവര്‍ണാവസരമായാണ് അവര്‍ യുപി തെരഞ്ഞെടുപ്പിനെ കണ്ടത്.42 കാരനായ മകനെ ഇനിയും ‘യുവരാജാവായി’ കൊണ്ടു നടക്കുന്നത് ബുദ്ധിയായിരിക്കില്ലെന്ന് സോണിയക്ക് മനസ്സിലായിട്ടുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി പദത്തില്‍ മകനെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. 81 ലോക്സഭാ മണ്ഡലങ്ങളുള്ള യുപിയില്‍ ആരെയെങ്കിലും കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ നിയതമായ ഒരു ജനവിധി ഇല്ലാതെ തന്നെ മകനെ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് പിന്‍വാതിലിലൂടെ പ്രവേശിപ്പിക്കാമെന്നതായിരുന്നു സോണിയയുടെ അജണ്ട. അത് സമ്പൂര്‍ണമായി പരാജയപ്പെട്ടതിന് യുപിയിലെ ജനങ്ങളോട് നന്ദി പറയാം. 1999 ല്‍ ‘272 പേരുടെ പിന്തുണ’ ഒപ്പിച്ച് സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതി കെ.ആര്.നാരായണനെ സന്ദര്‍ശിച്ച് അവകാശവാദമുന്നയിച്ച സോണിയയുടെ പദ്ധതി പൊളിച്ചത് മുലായം സിംഗായിരുന്നു. പിന്തുണയ്ക്കാമെന്ന വാഗ്ദാനം മുലായം പിന്‍വലിക്കുകയായിരുന്നു. ഇപ്പോഴിതാ, മുലായത്തിന്റെ പാര്‍ട്ടി യുപിയില്‍ അധികാരത്തിലെത്തുമ്പോള്‍ സോണിയയുടെ മകന്റെ പ്രധാനമന്ത്രിപദമോഹവും പൊലിയുന്നു. സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശത്തോടെ ഒരു അന്തിക്രിസ്തുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തുടക്കമായിരുന്നു. കോണ്‍ഗ്രസിനെ നിരന്തരമായ തെരഞ്ഞെടുപ്പ് പരാജയങ്ങളിലേയ്ക്ക് നയിച്ച് അത് മറ്റാരുമല്ലെന്ന് രാഹുല്‍ ഗാന്ധി സ്ഥിരീകരിച്ചിരിക്കുന്നു.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: