ഭാരത മനസ്സിന് വിശ്വാസപ്രമാണം മതത്തിന്റെ അപ്രധാനമായ ഒരു ഘടകമാണ്. വിശ്വാസമുള്ള ആത്മാവാണ്, ദൈവശാസ്ത്രത്തിന്റെ നിയമമല്ല പ്രധാനം. ഹിന്ദുമതം എന്നും പ്രധാന്യം നല്‍കിപ്പോന്നത് വ്യക്തിയുടെ ഘടനയ്‌ക്കും കൂട്ടായ ജീവിതത്തിനും ആകുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തെപ്പോലും മതേതരമായിട്ടോ അല്ലെങ്കില്‍ മതപരവും ആത്മീയവുമായ ജീവിതത്തിന് അന്യമായിട്ടോ പരിഗണിച്ചിട്ടില്ല. ‘അജ്ഞന്മാരായ ജനലക്ഷം’ ഉള്‍പ്പെടെയുള്ള ഇന്ത്യയിലുള്ള ജനങ്ങള്‍ക്കുള്ള മെച്ചം ഇതാണ്; ആന്തരികമായ സത്യത്തോട് അടുക്കുന്നതിനുള്ള ശിക്ഷണം നൂറ്റാണ്ടുകളായി ലഭിച്ചുകൊണ്ടിരിക്കെ അവരെ സത്യത്തില്‍ നിന്ന് അകറ്റുന്ന സാര്‍വലൗകികമായ അജ്ഞതയുടെ കട്ടി താരതമ്യേന കുറവാണ്. ദൈവം, ആത്മാവ്, എന്നിവയോടും ജീവാത്മാവ്, പരമാത്മാവ് എന്നിവയോടും ഉള്ളബന്ധം, അതിനെപ്പറ്റിയുള്ള സര്‍വപ്രധാനമായ ഒരുദര്‍ശനം അവര്‍ക്ക് സുസാധ്യമാണ്. ജനലക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മറ്റ് നാടുകളിലുള്ള പരിഷ്കൃത ജനതയ്‌ക്ക് ഇക്കാര്യം ഇത്രയ്‌ക്ക് സാധ്യമല്ല. മറ്റേതു നാട്ടിലാണ് സമുന്നതവും സന്യാസപ്രധാനവും പ്രയാസം നിറഞ്ഞതുമായ ബുദ്ധോപദേശങ്ങള്‍ ഇത്ര പെട്ടെന്ന് സ്വീകരിക്കപ്പെടുകയും സാധാരണക്കാരന്റെ മനസ്സിന് ഇണങ്ങുകയും ചെയ്യുക? വേറെ ഏതുനാട്ടിലാണ് തുക്കാറാമിന്റെ പാട്ടുകള്‍, അല്ലെങ്കില്‍ രാമപ്രസാദിന്റെയോ കബീറിന്റെയോ പാട്ടുകള്‍, സിഖ് ഗുരുവിന്റെയോ തമിഴ് സന്യാസിയുടെയോ തീവ്രമായ ഭക്തിയും അഗാധമായ ആത്മീയ ചിന്തയും കലര്‍ന്ന ഉപദേശങ്ങള്‍, ഇവ ഇത്രപെട്ടെന്ന് പ്രതിധ്വനിച്ച് മതസാഹിത്യവുമായി പ്രചാരമാരംഭിക്കുക? ശക്തമായ ഈ പ്രസരണം ആത്മീയമായ വഴിയോട് വളരെ അടുത്തിരിക്കുന്ന ഒരു ജനതയോട് സൂചിപ്പിക്കുന്നത്, രാഷ്‌ട്രത്തിന്റെ സമ്പൂര്‍ണ മനസ്സ് ഏറ്റവും ഉത്കൃഷ്ടമായ സദാ സജീവവും പരമോന്നതമായ ആത്മീയ സംസ്കാരമുള്ളതും ആയ സമൂഹത്തിന്റെ ലക്ഷണമാണ്, ആ ശിക്ഷണത്തിന്റെ പരിണിതഫലമാണ് അത് എന്ന് തീര്‍ച്ചയാക്കാം.
ഏറെക്കാലം പാശ്ചാത്യരുടെ മനോഭാവം മനുഷ്യവര്‍ഗത്തിനാകെ ഒരു മതം മതിയെന്നുള്ള അശാസ്ത്രീയവും ആക്രമണോദ്യുക്തവും ആയ നിഗമനത്തെ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു. അത്തരമൊരു മതം എത്രത്തോളം ഇടുങ്ങിയതാവുമോ അത്രത്തോളം ശക്തിയോടെയാവും സാര്‍വലൗകികമാകാന്‍ വേണ്ടിയുള്ള അതിന്റെ പ്രസരണം. അതിന് ഒരുകൂട്ടം വിശ്വാസപ്രമാണവും ഒരു ആചാരരീതിയും ചടങ്ങുകളുടെ ഒരു വ്യൂഹവും, വിലക്കുകളുടെയും നിയമങ്ങളുടെയും ഒരു വമ്പിച്ച നിരയും, ഒരു മതഭരണപ്രഖ്യാപനവും ഉണ്ടായിരിക്കും. ഒരേയൊരു യഥാര്‍ത്ഥമതം എന്ന സങ്കുചിതമായ വ്യാജപ്രചരണം ആണ് മുഖമുദ്ര. അതിനെ അനുസരിച്ചില്ലെങ്കില്‍ ശിക്ഷിക്കും, ഉപദ്രവിക്കും; മരണം കഴിഞ്ഞ് ദൈവവും ഉപേക്ഷിച്ച്, നിത്യനിരകത്തില്‍തള്ളും. മനുഷ്യചിന്താ വൈകല്യത്തിന്റെ ഈ ചിതംകെട്ട സൃഷ്ടി, ഇത്രയേറെ അസഹിഷ്ണുതയുടെ മൂലം, ഇത്രയേറെ ക്രൗര്യവും അജ്ഞതയുടെ പിടിവാശിയും ആക്രമണകാരിയായ മതാന്ധതയും ലോകത്ത് ഇളക്കിവിട്ടല്ലോ. ഇന്ത്യയുടെ സുദൃഢവും എന്നാല്‍ അനുകൂലന സന്നദ്ധവും ആയ മനസ്സിനെ സ്വാധീനിക്കാന്‍ അതിന് ഒരിക്കലും കഴിഞ്ഞില്ല. മനുഷ്യന് ലോകത്തിന്റെ ഏതുഭാഗത്തും മനുഷ്യസാധാരണമായ വീഴ്ചകള്‍ പറ്റാറുണ്ട്. അനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ വിശേഷിച്ചും ചില വാശിയും ഇടുങ്ങിയ മനസ്ഥിതിയും എല്ലായിടത്തുമുണ്ട്. ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്… എന്നാല്‍ ഇതൊന്നും തന്നെ അതിന് യൂറോപ്പില്‍ കൈവന്ന വ്യാപകമായ പടര്‍ന്നുപിടിക്കലുമായി ഒത്തുനോക്കുമ്പോള്‍ സാരമില്ല. വാദപ്രതിവാദങ്ങളുടെ കൂട്ടത്തിലാണ്, ആ രംഗത്തിലുള്ള മനുഷ്യദ്രോഹത്തിലേക്ക് അത് കടനനുകയറുന്ന അവസ്ഥ എത്രയോ ദുര്‍ലഭമാണ്. യൂറോപ്പിന്റെ ചരിത്രത്തിലാണെങ്കില്‍ സുദീര്‍ഘമായ ചോരപ്പാടുകളുടെയും നിന്ദ്യമായ പീഡനത്തിന്റെയും കറുത്തപാട് സര്‍വത്ര വ്യാപിച്ചിരിക്കുന്നു. ഉയര്‍ന്ന തരത്തിലുള്ള സംശുദ്ധമായ ഒരു ആത്മീയ അവബോധം എന്നും ഇവിടെ ഇടപെടുകയും ഇന്ത്യയിലെ അത്തരം പാപത്തില്‍ നിന്ന് രക്ഷിക്കുകയുമുണ്ടായി. പൊതുജനമനോഭാവത്തെ ഇത് സൗമ്യമായി സ്വാധീനിച്ചു. മനുഷ്യന്റെ മനസ്സും സ്വഭാവവും ബൗദ്ധിക താല്‍പര്യങ്ങളും വിവിധങ്ങളും അപരിമിതങ്ങളും ആകയാല്‍ ചിന്തയ്‌ക്കും ആരാധനയ്‌ക്കും പൂര്‍ണമായ വ്യക്തി സ്വാതന്ത്ര്യം നല്‍കുകയാണ്. അനന്തതയോട് അടുക്കുന്ന കാര്യത്തില്‍ വ്യക്തിക്ക് സ്വന്തം തിരഞ്ഞെടുപ്പ് അനുവദിക്കുന്നതാണ് ഇത്തമമെന്ന് ഇന്ത്യന്‍മതം എപ്പോഴും അറിഞ്ഞിരുന്നു.
– ശ്രീ അരവിന്ദന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: