കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തിലാണ് പുരാതനശില്‍പക്ഷേത്രമായ കോട്ടുക്കല്‍ ഗുഹാക്ഷേത്രം. ആയൂര്‍ എന്ന സ്ഥലം അടുത്തായതിനാല്‍ ആയ് രാജവംശവുമായി ഈസ്ഥലത്തിന് ബന്ധമുണ്ടെന്ന് കരുതാം. ആയ് രാജവംശത്തിന്റെ ഭക്തി സമ്പ്രദായവും പല്ലവ രാജവംശത്തിന്റെ ശില്‍പമാതൃകയും ഇവിടത്തെ ചരിത്രസ്മാരകങ്ങളാണ്. പല പതിറ്റാണ്ടുകളുടെ പരിശ്രമം ഇതിനുവേണ്ടി വന്നിട്ടുണ്ടാകും. കല്‍തൃക്കോവില്‍ ഗുഹാക്ഷേത്രമെന്ന പേരിലും ഇത് പ്രസിദ്ധമാണ്.
കോട്ടുക്കലെ നൂറുമേനി വിളയുന്ന നെല്‍പാടം. ആ പാടത്തെ പകുത്തുകൊണ്ട് നീണ്ടപാത. വയലിനരികില്‍ പച്ച തലപ്പാവ് വച്ച് ഇളം കാറ്റില്‍ നൃത്തം ചെയ്യുന്ന തെങ്ങോലകള്‍. അവിടെ നിന്ന് നോക്കിയാല്‍ ഒരു വലിയ പാറ. സ്നാനം കഴിഞ്ഞശേഷം കിടന്ന് വിശ്രമിക്കുന്ന ഗജവീരനാണെന്നോ തോന്നൂ. പാറയിലെ ആ ക്ഷേത്രം കണ്ടാല്‍. അതിസൂക്ഷ്മമായി നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ സമചതുരാകൃതിയിലുള്ള പത്തടി നീളവും എട്ടടി വീതിയുമുള്ള രണ്ടുമുറികള്‍. ഇതില്‍ രണ്ട് ശിവലിംഗങ്ങള്‍. പാറയിലാണ് പീഠവും ലിംഗവും. കിഴക്കോട്ട് ദര്‍ശനം. മുറികളുടെ മദ്ധ്യത്തില്‍ തള്ളി നില്‍ക്കുന്ന സ്ഥലത്ത് ഗണപതി പ്രതിഷ്ഠ. നന്ദികേശ്വരനും ഹനുമാനുമുണ്ട്. ഹനുമാന്റെ കൈയില്‍ ശൂലവുമുണ്ട്. ഇടത്തേ ഭിത്തിയില്‍ ഗണപതി ശില്‍പം. പാറയില്‍ നിര്‍മ്മിച്ച ഓവുചാല്‍ പോലും ചേതോഹരം. മുന്‍പിലുള്ള മണ്ഡപം ആകര്‍ഷകമാണ്. കല്ലില്‍ കൊച്ചിവച്ച പ്രതിമ. ഒരു മനോഹര കവിത. ക്ഷേത്രമുറ്റത്ത് കടുത്തവേനലില്‍ പോലും വറ്റാത്ത കിണര്‍. ഇവിടത്തെ കാറ്റിന്‍ സുഗന്ധം പകരാന്‍ കിണറ്റിനടുത്ത് വേപ്പും തുളസിയും.
ശ്രീ പരമേശ്വരന്റെ ഭൂതഗണങ്ങള്‍ ചുന്നുകൊണ്ടുവന്ന പാറയാണിതെന്നും ശിവഭക്തനായ ഒരു സംന്യാസിക്കുണ്ടായ സ്വപ്നദര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹം ആ ദിവ്യ ശിലയില്‍ ശിവക്ഷേത്രം പണിയിപ്പിച്ചുവെന്നുമാണ് ഐതിഹ്യം. ശിവഭക്തരായ രണ്ടു ദേവാത്മാക്കള്‍ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ക്ഷേത്രസ്ഥാപനം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്ഷേത്രവും ചുമന്നുകൊണ്ട് ആകാശത്തിലൂടെ പോകുമ്പോള്‍ കോഴി കൂവുന്നതുകേട്ട് അരുണോദയം അടുത്തിരിക്കുന്നുവെന്ന് കരുതി ഇവിടെ ക്ഷേത്രം സ്ഥാപിച്ചുവെന്ന് മറ്റൊരു ഐതീഹ്യം. യോഗീശ്വരനെ പൂജിക്കുന്ന ഒരു കല്ല് ക്ഷേത്രമുറ്റത്തും ചുമ്മാട് പാറ എന്നറിയപ്പെടുന്ന മറ്റൊരു പാറ ക്ഷേത്രത്തിന് പിന്നിലുമുണ്ട്. പൂജയും വഴിപാടുകളുമെല്ലാം ഉണ്ട്. കോട്ടുക്കല്‍ ഗുഹാക്ഷേത്രം തീര്‍ത്ഥാടകരമായ ഭക്തര്‍ക്ക് പുണ്യക്ഷേത്രം, ലോക സഞ്ചാരികള്‍ക്ക് സ്വര്‍ഗമാണ്.
– പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: