ഒരു എംഎല്‍എയുടെ രാജി കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. രാജിക്കു പിന്നില്‍ ഗൂഢാലോചന നടന്നെന്ന് ആക്ഷേപമുയരുന്നു. കോടികള്‍ കോഴ കൊടുത്താണ് രാജി വയ്പ്പിച്ചതെന്ന ആരോപണവും വന്നു കഴിഞ്ഞു. അത് തെളിയിക്കാനുള്ള വെല്ലുവിളിയും മുഴങ്ങുന്നു. കാലുമാറ്റത്തിലും കൂറുമാറ്റത്തിലും കേരളവും മോശമല്ലെന്ന് തെളിയിക്കുന്ന പ്രസ്താവനകളും വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്ന് ഭരണകക്ഷിയിലെ പ്രമുഖരായ പലരും പ്രസ്താവന നടത്തുന്നുണ്ട്. നമ്മുടെ നാടും പുരോഗമിച്ചു എന്നുപറയുന്നതിന് ഇതില്പരം കാര്യങ്ങള്‍ വേണോ ?
നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ് രാജി വച്ചുകൊണ്ട് നടത്തിയ പ്രസ്താവനകള്‍ ഗൗരവമുള്ളതാണ്. സിപിഎമ്മില്‍ അവഗണനയും അനീതിയും സഹിച്ചും കണ്ടും കഴിയേണ്ടിവന്നു എന്നു മാത്രമല്ല പാര്‍ട്ടി നേതാക്കളുടെ വഴിവിട്ട പോക്കും അദ്ദേഹം നിരത്തുന്നുണ്ട്. പുറത്തുപോകാന്‍ പറയുന്ന ന്യായങ്ങളാണെന്ന് വിലയിരുത്താം. പക്ഷേ യഥാര്‍ഥത്തില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ത് രാഷ്ട്രീയമാണ് ? ഗൗരവമുള്ള ചര്‍ച്ചയോ പൊതുവിഷയങ്ങളെ ക്കുറിച്ചുള്ള ആലോചനയോ നടക്കുന്നുണ്ടോ ? നൂലിന്മേലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പ്. അതിന് കമ്പിക്കാലുകളുടെ പിന്ബലമുണ്ടാക്കാനാണോ കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്. എന്തിന്റെ പേരിലായാലും ഒട്ടും ആശാസ്യമല്ല കാര്യങ്ങളൊന്നും. കാലുമാറുന്നവരും കാലുമാറ്റുന്നവരും സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളായി പരിഗണിക്കപ്പെടുകയില്ലതന്നെ.
ആരുടെയും പ്രേരണയിലല്ല സ്വന്തം തീരുമാനപ്രകാരമാണ് എംഎല്‍എ സ്ഥാനവും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗത്വവും രാജിവയ്ക്കുന്നതെന്ന് ശെല്‍വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. യുഡിഎഫിലേക്ക് പോകില്ലെന്നും അതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും പറഞ്ഞ ശെല്‍വരാജ് പിന്നീട് നിലപാടു മാറ്റി. പാര്‍ട്ടി ജില്ലാക്കമ്മറ്റി അംഗത്വം രാജിവച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്ന് ശെല്‍വരാജ് വ്യക്തമാക്കിയതാണ്. പാര്‍ട്ടി സമ്മേളനങ്ങളിലെ വ്യക്തികേന്ദ്രീകൃതമായ ആക്രമണങ്ങളില്‍ മനംമടുത്താണ് രാജിവച്ചതത്രെ. പിബി മാര്‍ഗരേഖ ലംഘിച്ച് ബ്രാഞ്ച് സമ്മേളനം മുതല്‍ സംസ്ഥാന സമ്മേളനംവരെ ഇത്തവണ വ്യക്തികേന്ദ്രീകൃത ആക്രമണമാണ് ഉണ്ടായത്. സംസ്ഥാന സമ്മേളനത്തില്‍ പോലും ഇത്തരത്തില്‍ വ്യക്തികേന്ദ്രീകൃത ആക്രമണമായിരുന്നു നടന്നതെന്ന് പറയുന്നു. നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന ശൈലിയാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതെന്നും പറയുന്നു. ഇതൊന്നും പുതിയ കാര്യങ്ങളല്ല. താന്‍ പാര്‍ട്ടിക്കുള്ളില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് പിണറായി വിജയനോടും വി.എസ്.അച്യുതാനന്ദനോടും പറഞ്ഞിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാക്കുന്ന ശെല്‍വരാജിന് രാജിയാണോ മാര്‍ഗമെന്ന ചോദ്യം പ്രസക്തമാണ്.
കാലുമാറ്റരാഷ്ട്രീയത്തിലൂടെ യുഡിഎഫ് സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും പാര്‍ലമെന്ററി ജനാധിപത്യത്തെ കുരുതികഴിച്ചിരിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആക്ഷേപിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് എംഎല്‍എയുടെ രാജി. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ ഏറ്റവും കുത്സിതമായ കാലുമാറ്റ രാഷ്ട്രീയം സംഘടിപ്പിച്ച് തന്റെ സര്‍ക്കാരിനെ രക്ഷിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ ചിന്ത അപകടകരമാണ്. കൂറുമാറ്റ നിരോധന നിയമം നിലവിലുള്ളതുകൊണ്ട് അതിനെ മറികടക്കാനാണ് എംഎല്‍എയെ വ്യത്യസ്ത രൂപത്തില്‍ പ്രലോഭിപ്പിച്ച് രാജിവയ്പ്പിച്ചതെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. കാലുമാറ്റവും കൂറുമാറ്റവും സംഘടിപ്പിച്ച് അധികാരം പിടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത് കലയാക്കിയവരാണ് കോണ്‍ഗ്രസുകാര്‍. നരസിംഹറാവു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ളവര്‍ ചെയ്യുന്നത് അതാണ്. പല സംസ്ഥാനങ്ങളിലും അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പണ്ട് നമ്പാടന് മാഷിനെ കാലുമാറ്റി കേരളത്തില്‍ കുതിരക്കച്ചവടത്തിന് തുടക്കമിട്ടത് ഇടതുപക്ഷമാണ്. രണ്ടു മുന്നണികളുടെയും രാഷ്ട്രീയം കേരളത്തിന് കളങ്കമെന്നാണ് ഒരിക്കല്‍ കൂടി തെളിയിച്ചത്.
വിഎസിന്റെ നാവ്
ഇന്ത്യയിലെതന്നെ പഴക്കവും പാരമ്പര്യവുമുള്ള രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് വി.എസ്.അച്യുതാനന്ദന്. നവതിയോടടുക്കുന്ന പ്രായം. അദ്ദേഹം ഇന്നലെ നടത്തിയ ഒരു പ്രസ്താവന അങ്ങേയറ്റം അമര്‍ഷവും പ്രതിഷേധവുമാണ് ക്ഷണിച്ചു വരുത്തിയിട്ടുള്ളത്. തന്റെ മകളുടെ പ്രായം പോലും ഇല്ലാത്ത മുന്‍ കമ്മ്യൂണിസ്റ്റ് സിന്ധുജോയിയെ അഭിസാരികയോടാണ് അച്യുതാനന്ദന് ഉപമിച്ചത്. ആലങ്കാരികമായി പറഞ്ഞതാണെന്ന് ന്യായീകരിച്ചേക്കാം. എന്നാല്‍ അത് ഏറെ കടന്ന പ്രയോഗമാണെന്ന് പറയാതിരിക്കാനാകില്ല.
കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന, ഇന്ന് പ്രതിപക്ഷ നേതാവായ അച്യുതാനന്ദന് നേരത്തെ സ്ത്രീ പീഡനത്തിനെതിരെ പ്രതികരിച്ചാണ് ജനങ്ങളുടെ മനസ്സില്‍ പ്രത്യേകിച്ച് സ്ത്രീകളില്‍ മതിപ്പുണ്ടാക്കിയത്. സ്വന്തം കക്ഷിക്കാരുടെ എതിര്‍പ്പും നീരസവും വകവയ്ക്കാതെ ആഞ്ഞടിച്ച അച്യുതാനന്ദനെ ഏറെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. അവരെപ്പോലും വെറുപ്പിക്കുന്ന പദപ്രയോഗങ്ങള്‍ ആദ്യത്തേതല്ല. മലമ്പുഴയില്‍ തന്റെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ലതികാ സുഭാഷിനെ മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ച് വിമര്‍ശിച്ചത് ഏറെ വിവാദമായതാണ്. അവര്‍ മാനനഷ്ടത്തിന് കേസുവരെ കൊടുത്തു. ഒടുവില്‍ അവരത് പിന്‍വലിക്കുകയായിരുന്നു. ‘അച്യുതാനന്ദന്റെ പ്രായത്തെ മാനിച്ച് മാനനഷ്ടക്കേസ് പിന്‍വലിക്കുന്നു’ എന്നായിരുന്നു ലതിക പറഞ്ഞ ന്യായം. പ്രായം ചെന്നവര്‍ക്ക് എന്തും പറയാനും ചെയ്യാനും അവകാശവും അധികാരവുമുണ്ടോ ?
അവിവാഹിതയും സമൂഹത്തില്‍ അറിയപ്പെടുന്നവളുമാണ് സിന്ധുജോയി. പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുമ്പോള്‍ അവര്‍ ധീരവനിതയാകുന്നു. പാര്‍ട്ടി വിട്ടാല്‍ മോശക്കാരി. അതാണ് ഇപ്പോള്‍ കണ്ടത്. ഇത് വി.എസ്.അച്യുതാനന്ദന്റെ മാത്രം നിലപാടല്ല. ആ പ്രസ്ഥാനത്തിന്റെ പൊതുസ്വഭാവമാണ്. സിന്ധുവിന്റെ രാഷ്ട്രീയ നിലപാടിനോടോ നിലപാടില്ലായ്മയോടോ അശേഷം യോജിപ്പില്ല. പക്ഷേ ഒരു സ്ത്രീയെ വ്യക്തിപരമായി പരസ്യമായി മോശപ്പെട്ട ഭാഷ ഉപയോഗിച്ച് അപമാനിക്കുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന്റെ മഹത്ത്വത്തിനും ഭാരതത്തിന്റെ സംസ്കാരത്തിനും ചേരാത്ത പ്രയോഗം നിരുപാധികം പിന്‍വലിച്ച് ആ യുവതിയോടെങ്കിലും ഖേദം പ്രകടിപ്പിക്കാന്‍ അച്യുതാനന്ദന് തയ്യാറാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: