ജപ്പാനിലെ ഫുക്കുഷിമയിലെ ആണവദുരന്തത്തിന്റെ വാര്‍ഷികം ലോകമെമ്പാടും ആണവനിലയങ്ങള്‍ക്കെതിരായ വലിയ പ്രതിഷേധ പരിപാടികളായി ആചരിക്കുകയാണ്. എന്നാല്‍ കണ്മുമ്പില് കണ്ട വലിയ വിപത്തിനെ കണ്ടില്ലെന്നു നടിച്ച് കൂടംകുളം ഉള്‍പ്പെടെ 32 റിയാക്ടറുകള്‍ സ്ഥാപിച്ച് ആണവവൈദ്യുതിയെ കൂടുതല്‍ ആശ്രയിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. മുന്‍പ് അധികാരത്തില്‍ ഇരുന്നവരും ഇന്ന് അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം ഇല്ലാത്തതുപോലെ തന്നെയാണ് ആണവ വൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തിലും എന്നാണ് ഇരു സര്‍ക്കാരുകളും എടുത്ത നടപടികളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
2011 ഒക്ടോബര്‍ 6 ന് നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വിജയദശമി ഉത്സവം ഇത്തരം പരിപാടിയില്‍ സര്‍സംഘചാലക് ഇങ്ങനെ പറഞ്ഞു. “നമ്മുടെ സ്വന്തവും സമൃദ്ധവുമായ ഊര്‍ജ്ജസ്രോതസ്സുകളെ ഉപയോഗിക്കുന്നതിനു പകരം വിലകൂടിയ വ്യവസ്ഥകളും നിബന്ധനകളും അംഗീകരിച്ച് ചെലവേറിയ ആണവോര്‍ജ്ജം വാങ്ങുന്നതിന് നാം രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ആണവോര്‍ജ്ജത്തെ പാശ്ചാത്യര്‍ തന്നെ കയ്യൊഴിയുന്ന സന്ദര്‍ഭത്തിലാണ് നാമിത് ചെയ്യുന്നതോര്ക്കണം.”
കൂടംകുളം ഇറക്കുമതി ചെയ്ത റിയാക്ടര്‍ ആണ്. അതു മാത്രമല്ല അതിനാവശ്യമായ ഇന്ധനം മുഴുവന്‍ നാം ഇറക്കുമതി ചെയ്യണം. എന്തിന് വേണ്ടിയാണ് ഇത്ര ചെലവേറിയതും അപകടകരവുമായ ആണവപദ്ധതിയുടെ പിന്നാലെ പോകുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇതിന്റെ യഥാര്‍ത്ഥകാരണം അഴിമതിയാണ്. ആയുധങ്ങളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ ചേരിചേരാനയം പിന്തുടര്‍ന്ന കാലത്തും നാം റഷ്യയുടെ സഹായം തേടിയിരുന്നു. ഇതേ സമയത്തും അന്നത്തെ യുഎസ്സ്എസ്സ്ആറും ഇന്നത്തെ റഷ്യയും ഇന്ത്യയുടെ വളര്‍ച്ചയ്ക്കു വിഘാതമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ആയുധങ്ങളല്ലാതെ ഒരു മൊട്ടുസൂചിപോലും കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് കയറ്റുമതി ചെയ്യാത്ത റഷ്യയ്ക്ക് ഭാരതം ആയുധങ്ങളുടെ വലിയ വിപണി ആയിരുന്നു. ആ വിപണി അവരുടേതായി നിലനിര്‍ത്താന്‍ അവര്‍ എല്ലാവഴികളും പ്രയോജനപ്പെടുത്തി. സ്വന്തം യുദ്ധവിമാനങ്ങള്‍ ഉണ്ടാക്കാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ക്ക് അവര്‍ തടയിട്ടു. കാവേരി വിമാന എഞ്ചിന്റെ ശക്തിപരീക്ഷണങ്ങള്‍ക്ക് 1986 മുതല്‍ നാം ശ്രമിച്ചിട്ടും എത്രയോവട്ടം അവര്‍ അതില്‍ നിന്നും പിന്മാറി. നമ്മുടെ തോറിയം റിയാക്ടര്‍ ഗവേഷണത്തെ പാരവച്ചവരില് അമേരിക്ക മാത്രമല്ല റഷ്യയും ഉണ്ട്. തോറിയം സാങ്കേതിക വിദ്യയുടെ പിതാവ് ഹോമിബാബയുടെ മരണത്തില്‍ ഇന്നും ദുരൂഹതകള്‍ നിലനില്ക്കുന്നു. പാക്കിസ്ഥാനെ അമേരിക്ക സഹായിക്കുന്നതിനാല്‍ അമേരിക്കയില്‍ നിന്നും ഒരായുധവും വാങ്ങില്ല എന്ന നിലപാട് ഇന്ദിരാഗാന്ധി എടുത്തപ്പോഴും റഷ്യയില്‍ നിന്നും ഇന്ദിരാഗാന്ധി ആയുധ വ്യാപാരത്തിന് കമ്മീഷന് പറ്റിയിരുന്നതിനെക്കുറിച്ച് വെളിപ്പെടുത്തലുണ്ട്. ഹോമിബാബയുടെ പദ്ധതികള്‍ അദ്ദേഹത്തിന്റെ മരണത്തിനുശേഷം നടന്നില്ല എന്നു കാണാം. ആണവ വിസ്ഫോടനം നടത്തി എന്ന് അഭിമാനിക്കുന്വോഴും തോറിയം റിയാക്ടറുകളുടെ സുരക്ഷാനിലവാരം ഇന്ത്യ നിജപ്പെടുത്തിയിട്ടില്ല എന്ന കാരണം പറഞ്ഞ് അമേരിക്ക കുതിരകയറുമ്പോള്‍ തോറിയം റിയാക്ടറുകള്‍ സംബന്ധിച്ച ഗവേഷണങ്ങള്‍ ഈ അഭിമാനികള്‍ നിറുത്തി. അല്ബരാത് ഉള്‍പ്പെടെ ഐഎഇയുടെ എല്ലാ മുന്‍ ഡയറക്ടര്‍മാരും നഗരങ്ങളില്‍ വരെ സ്ഥാപിക്കാവുന്നതാണ് ഇന്ത്യയുടെ തോറിയം റിയാക്ടര്‍ എന്നു പറഞ്ഞപ്പോള്‍ പോലും വിദേശ റിയാക്ടറുകളുടെ പിന്നാലെ പോകാനായിരുന്നു പലര്‍ക്കും താല്‍പ്പര്യം. 1989-ലെ പോലീസ് വെടിവെയ്പ്പിനും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം വീണ്ടും കൂടംകുളം പദ്ധതി മുന്‍നിശ്ചയിച്ച വിലയിലും കൂടുതല്‍ വില നല്‍കാമെന്നേറ്റ് കരാര്‍ വ്യവസ്ഥകള്‍ പുതുക്കി 2002 ല്‍ വീണ്ടും പണി തുടങ്ങിയത് ഇന്ത്യ ആണവ സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തമാണ് എന്ന് കൊട്ടിഘോഷിച്ചവരാണ്!
ഇന്ന് കൂടംകുളം സമരത്തെ അമേരിക്കയുടെ ഇടപെടലായി കണ്ട് വിമര്‍ശിക്കുന്നവര്‍ എന്റോണ്‍ സമരത്തെ പിന്നില്‍ നിന്ന് കുത്തിയത് ഈ നാട്ടിലെ ജനങ്ങളോട് പറയേണ്ടതുണ്ട്.
ലോകം മുഴുവനുമുള്ള ആണവ വിരുദ്ധസമരങ്ങള്ക്കെതിരെ നിലപാടെടുക്കാനും സമരങ്ങളെ അടിച്ചമര്‍ത്താനും പണം ചെലവാക്കാന്‍ ആണവദാതാക്കളായ റഷ്യയും അമേരിക്കയും ഫ്രാന്‍സും ഒരുമിച്ചാണ് തീരുമാനമെടുത്തത്. അതിനുവേണ്ടി അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൂടംകുളം പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രമാണ് അമേരിക്കന്‍ കമ്പനികള്‍ക്ക് കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ.
1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം റഷ്യ ഒരൊറ്റ ആണവനിലയവും സ്ഥാപിച്ചിട്ടില്ല. ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം ഇറ്റലി ആണവോര്ജ്ജപ്ലാന്റുകള്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫുക്കുഷിമ ദുരന്തത്തിനുശേഷം സ്വിറ്റ്സര്‍ലണ്ടും ജര്‍മ്മനിയും ആണവപ്ലാന്റുകള്‍ ഘട്ടംഘട്ടമായി നിറുത്തലാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഒരു വികസിതരാജ്യവും ഒരൊറ്റ ആണവപ്ലാന്റും സ്ഥാപിച്ചിട്ടില്ല. എണ്ണവില വര്‍ദ്ധനവ് വഴി അറബ് രാജ്യങ്ങള്‍ ശക്തിപ്പെടുന്നതിലൂടെ തീവ്രവാദത്തിന് പണം ലഭിക്കുന്നത് തടയാന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുകയും ആണവ വൈദ്യുതിയും വൈദ്യുതവാഹനങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന നയത്തെ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയും പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ നിലപാടെടുക്കുകയും ചെയ്തു. ഇതിനവര്‍ കാരണം പറയുന്നത് സെപ്തംബര്‍ 11 പോലുള്ള ആക്രമണങ്ങള്‍ ആണവനിലയങ്ങള്‍ക്കെതിരെ ഉണ്ടായാല്‍ തടയാന്‍ കഴിയില്ല എന്നതാണ്. ആണവനിലയങ്ങള്‍ അടച്ചിട്ടാല്‍ ജര്‍മ്മന്‍ ചാന്‍സലറുടെ പ്രസ്താവനയിലെ അവര്‍ ചൂണ്ടിക്കാണിച്ച ഒരു കാര്യം ആണവനിലയങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലെന്നും തീവ്രവാദി ആക്രമണങ്ങള്ക്കൊണ്ടുണ്ടാകുന്ന ദുരിതങ്ങള്‍ ഭീകരമാണെന്നുമാണ്. നാം 32 ആണവറിയാക്ടറുകള്‍ രാജ്യത്തിന്റെ വിവിധഭാഗത്ത് ഉണ്ടാക്കിയാല്‍ പാക്കിസ്ഥാനും ചൈനയ്ക്കും അത്രയും ആണവായുധം കുറച്ചുണ്ടാക്കിയാല്‍ മതി. യുദ്ധസമയത്ത് ആണവനിലയങ്ങള്‍ ആക്രമിക്കാന്‍ പാടില്ല എന്ന കരാറും അന്താരാഷ്ട്രനിയമവും ഉണ്ടെങ്കിലും അത് ചൈനയും പാക്കിസ്ഥാനും പാലിക്കുമെന്ന് എന്താണുറപ്പ്?
വിദഗ്ധരുടേതായ അഭിപ്രായങ്ങള്‍ പത്രത്തില്‍ വരുന്നത് കൂടംകുളം പ്ലാന്റ് സുരക്ഷിതമാണ് സുനാമി ഉണ്ടായാലും തകരില്ല എന്നതാണ്. പ്ലാന്റിന്റെ നിര്‍മ്മാണസമയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ 9 മീറ്റര്‍ വരെയുള്ള സുനാമി തിരമാലകളെ വരെ നേരിടാന്‍ കരുത്ത് പ്ലാന്റിനുണ്ടെന്നാണ്. എന്നാല്‍ കന്യാകുമാരി ജില്ലയില്‍ 2004 ല്‍ ഉണ്ടായ സുനാമി 10 മീറ്റര്‍ ഉയരത്തിലുള്ളതായിരുന്നു. ന്യൂക്ലിയര്‍ പ്ലാന്റുകള്‍ക്കെതിരെ ജപ്പാനില്‍ നടന്ന പ്രതിഷേധസമയത്ത് സര്‍ക്കാര്‍ പറഞ്ഞത് ഫുക്കുഷിമ ഉള്‍പ്പെടെയുള്ള ആണവനിലയങ്ങള്‍ ഏതു ഭൂകമ്പത്തെയും സുനാമിയേയും അതിജീവിക്കുമെന്നായിരുന്നു. ഇന്തോനേഷ്യയെയും ഇന്ത്യയെയും ബാധിച്ച 2004 സുനാമി കാലത്തും ജപ്പാന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷെ ഇതെല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞു. റഷ്യന്‍ അധികൃതര്‍ പ്ലാന്റ് സുരക്ഷിതമാണെന്ന് പറയുമ്പോള്‍ നാമോര്‍ക്കേണ്ട കാര്യം 2004 മുതല്‍ ഗുരുതരമായ വൈദ്യുതിപ്രതിസന്ധിയിലായ റഷ്യ എന്തുകൊണ്ട് പുതിയ ആണവപ്ലാന്റുകള്‍ ഒന്നും സ്ഥാപിച്ചില്ലെന്നതാണ്. ഇതേ സമയത്ത് കല്‍ക്കരി,ഗ്യാസ്, ഡീസല്‍ പ്ലാന്റുകള്‍ യഥേഷ്ടം നിര്‍മ്മിക്കുകയും ചെയ്യുന്നു.
അപകടങ്ങള്‍ ഉണ്ടായിട്ടില്ല എന്നു വന്നാല്‍തന്നെയും ആണവനിലയങ്ങള്‍ ഉണ്ടാക്കുന്ന ആണവമലിനീകരണം വളരെ വലുതാണ്. ആണവവിഘടനം 60 ഐസോടോപ്പുകളും ഉണ്ടാക്കുന്നു. ഇതില്‍ ട്രഷിയം, കാര്‍ബണ്‍ -14 ഐസോടോപ്പുകള്‍ അന്തരീക്ഷവായുവില്‍ കലരുന്നു. ഹൈഡ്രജന്റെ ഐസോടോപ്പായ ട്രഷിയം ഓക്സിജനുമായി ചേര്‍ന്ന് ജലകണികകളായി മാറും. നമ്മുടെ ജലസ്രോതസ്സുകളിലൂടെയും സസ്യങ്ങളിലൂടേയും ഈ വെള്ളം മനുഷ്യശരീരത്തില്‍ എത്തുകയും ക്യാന്‍സര്‍, ബുദ്ധിമാന്ദ്യം, ജനിതക വൈകല്യങ്ങള്‍ എന്നിവ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു ശരാശരി ആണവ പദ്ധതിയില്‍ നിന്നും 20 ടണ്‍ അണുവികിരണമുള്ള മാലിന്യം പുറത്തുവിടുന്നു. ഈ മാലിന്യവും തണുക്കാനും അണുവികിരണം കുറയാനും പത്തുവര്‍ഷം വെള്ളത്തില്‍ സൂക്ഷിക്കുന്നു. ഇതിനുശേഷം ഇരുമ്പിന്റെയോ ചെമ്പിന്റെയോ കണ്ടെയ്നറുകളിലാക്കി 20,000 മുതല്‍ 40,000 വര്‍ഷം വരെ തകരാത്ത രീതിയില്‍ മണ്ണിനടിയിലോ കടലിനടിയിലോ സൂക്ഷിക്കുന്നു. ഒരു ആണവപ്ലാന്റ് പ്രവര്‍ത്തനം നിറുത്തിയാല്‍ നൂറ്റാണ്ടുകള്‍ ഈ പ്ലാന്റ് വെള്ളത്തിനടിയില്‍ സൂക്ഷിക്കണം. ഇതെല്ലാം കൂടിചേര്‍ക്കുമ്പോള്‍ ആണവഇന്ധനം ഏതുതരത്തിലും ലാഭകരമല്ല. അമേരിക്കയിലെ ആണവമാലിന്യം സംസ്കരണത്തിന് ഒരു വര്‍ഷം ചെലവാക്കുന്നത് 96.2 ബില്യന്‍ ഡോളര്‍ ആണ്. വരുന്ന അഞ്ചുവര്‍ഷത്തേയ്ക്ക് പ്രവര്‍ത്തനം നിറുത്തുന്ന പ്ലാന്റുകള്‍ സൂക്ഷിക്കുവാന്‍ അമേരിക്ക ചെലവാക്കാന്‍ നിശ്ചയിച്ചിട്ടുള്ളത് 31.9 ബില്യന്‍ ഡോളര്‍ ആണ്. നാം 32 ആണവറിയാക്ടറുകള്‍ സ്ഥാപിച്ചാല്‍ അവയുടെ മാലിന്യസംസ്കരണത്തിന് 81 ബില്യന്‍ ഡോളര്‍ ചെലവാക്കണം. ഒരു വര്‍ഷം ചെലവാക്കുന്ന 81 ബില്യന്‍ ഡോളര്‍ കൊണ്ട് 2000 മെഗാവാട്ടിന്റെ എത്ര കാറ്റാടി ജനറേറ്ററുകള്‍ സ്ഥാപിക്കാം. മാഗ്ലേവ് വിന്റ് ജനറേറ്ററുകള്‍ ആണവ വൈദ്യുതിയിലും ലാഭകരമാണ്. 2000 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന മാഗ്ലേവ് പ്ലാന്റുകള്‍ സ്ഥാപിക്കാനാവശ്യമായ കാറ്റ് ലഭിക്കുന്ന ഒരു ലക്ഷത്തിലധികം ഗ്രാമങ്ങള്‍ ഭാരതത്തിലുണ്ട്.
കാര്യങ്ങള്‍ ഇതായിരിക്കെ എന്തിനുവേണ്ടിയാണ് സര്‍ക്കാര്‍ ആണവവൈദ്യുതിയുടെ പിന്നാലെ പോകുന്നത്? രാജ്യതാല്പര്യം സംരക്ഷിക്കുമെന്ന് ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്തവര്‍ ഇറക്കുമതി ചെയ്യുന്ന അണുശക്തിനിലയങ്ങള്‍ സ്ഥാപിച്ച് അമേരിക്കയുടെയും റഷ്യയുടെയും താല്പര്യങ്ങള് സംരക്ഷിക്കുന്നതിനെ രാജ്യദ്രോഹം എന്നേ പറയാന്‍ കഴിയുകയുള്ളൂ.
ഇന്ത്യയിലെ 74 ശതമാനം ഗ്രാമീണ ജനത ഉപയോഗിക്കുന്നത് വെറും 30 ശതമാനം വൈദ്യുതി മാത്രം. 26 ശതമാനം നഗരവാസികളാകട്ടെ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 70 ശതമാനവും ഉപയോഗിക്കുന്നു. നഗരവാസികള്‍ക്ക് വൈദ്യുതി ഉണ്ടാക്കാന്‍ വിഷപ്പുകയും ആണവമാലിന്യങ്ങളും എന്തിന് ഗ്രാമവാസികള്‍ പേറണം? സ്വദേശി സമ്പദ്വ്യവസ്ഥയില് വിശ്വസിക്കുന്നവര്‍ക്ക് ആണവപദ്ധതികളെ എതിര്‍ക്കാതിരിക്കാന്‍ വയ്യ. കാരണം മുതലാളിത്തം ഒരു കൂട്ടര്‍ക്ക് സുഖവും സൗകര്യവും ഉണ്ടാക്കാന്‍ മറ്റൊരു കൂട്ടരുടെ ജീവിതത്തെ തകര്‍ക്കുന്നു. ഈ വീക്ഷണത്തിലാണ് സ്വദേശി ജാഗരണ്‍മഞ്ച് ചെന്നൈയില്‍ നടന്ന ദേശീയസമിതിയില്‍ ആണവനിലയങ്ങള്‍ക്കെതിരായ പ്രമേയം പാസ്സാക്കിയതും സമരത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതും. ഭൂമി ഇന്ന് ജീവിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല ആയിരത്താണ്ടുകള്‍ നമ്മുടെ തലമുറകള്‍ക്ക് ഇവിടെ ജീവിക്കാനുള്ളതാണെന്ന് ആണവവാദികളെ അത് ഓര്‍മ്മിപ്പിക്കുന്നു.
കെ.വി.ബിജു
സ്വദേശി ജാഗരണ്‍മഞ്ച് ദക്ഷിണ ഭാരത സഹസംയോജകാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: