മരട്: നഴ്സുമാരുടെ തുടര്‍ സമരത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ലേക്ഷോര് മാനേജ്മെന്റ്. സമരം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. തൊഴില്‍ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉണ്ടായ ഒത്തുതീര്‍പ്പാണ് ലേക്ഷോറിലെ സമരം. അവസാനിപ്പിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ സഹായകരമായത് എന്നും മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
ആദ്യ സമരം അവസാനിച്ചതിനുശേഷവും ചില ബാഹ്യശക്തികളുടെ പ്രേരണയാല്‍ ട്രെയിനികളുടെ കാര്യം ഉയര്‍ത്തിപ്പിടിച്ച് വീണ്ടും സമരത്തിനിറങ്ങാനാണ് നഴ്സുമാരുടെ സംഘടന ശ്രമിക്കുന്നത്. തൊഴില്‍ വകുപ്പ് അനുശാസിക്കുന്ന മിനിമം വേതനം നഴ്സുമാര്‍ക്ക് അനുവദിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ സംഘടന രൂപീകരിച്ചത്. എന്നാല്‍ മിനിമം വേതനത്തേക്കാള്‍ കൂടിയതുക ശമ്പളമായി നല്കുന്ന ആശുപത്രികളില്‍ അനാവശ്യകാരണങ്ങള്‍ പറഞ്ഞ് സമര രംഗത്തിറങ്ങുവാനാണ് വീണ്ടും സംഘടനാ നേതൃത്വം ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് പത്രക്കുറിപ്പില്‍ ആരോപിച്ചു.
തൊഴില്‍ വകുപ്പ് അനുശാസിക്കുന്ന മിനിമം ശമ്പളത്തേക്കാള്‍ 1000 മുതല്‍ 4500 രൂപവരെ അധിക വേതനമാണ് ലേക്ഷോറില്‍ അനുവദിച്ചുനല്‍കിയിരിക്കുന്നത്. ഈ തുക ശമ്പളമായി നല്കുവാന് തുടങ്ങുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതാണെന്നിരിക്കെ ഒത്തു തീര്‍പ്പു വ്യവസ്ഥകളില്‍ ഉന്നയിക്കാത്ത ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നഴ്സുമാരുടെ സംഘടന വീണ്ടും സമരവുമായി രംഗത്തിറങ്ങാന്‍ ശ്രമിക്കുന്നത്. ഈ സമരാഹ്വാനത്തിനുപിന്നില് ഗൂഢാലോചനയുണ്ടെന്നും, ആരോഗ്യ പരിപാലന രംഗത്തെ തകര്‍ക്കുന്ന ഇത്തരം സമരങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും, രോഗികളെ വലക്കുന്ന സമരത്തെ ശക്തമായി നേരിടാന്‍ വേണ്ട നടപടികള്‍ ലേക്ഷോര് മാനേജ്മെന്റ് കൈക്കൊള്ളുമെന്നും എംഡി ഡോ.ഫിലിപ്പ് അഗസ്റ്റിന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: