മട്ടാഞ്ചേരി: സംഗീതലോകത്തെ ദീദി ഉഷാ ഉതുപ്പിന്റെ ഗാനാലാപനത്തിനൊപ്പം മണിക്കൂറുകളോളം വൈകല്യങ്ങളെല്ലാം മറന്നവര്‍ ആടി ഉല്ലസിച്ചു. ‘രക്ഷാ’ സ്പെഷ്യല്‍ സ്കൂളിലെ 60ലേറെ കുട്ടികള്‍ക്കാണ് ദീദിയുടെ സാമിപ്യവും ഗാനാലാപനവും മണിക്കൂറുകള്‍ നീണ്ട ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും വേളയായി മാറിയത്. മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലുള്ള ‘രക്ഷാ’ സ്പെഷ്യല്‍ സ്കൂള്‍ ഹാളില്‍ തങ്ങളുടെ ശാരീരിക-മാനസിക കുറവുകള്‍ മറന്ന് കുട്ടികള്‍ ആടിയുല്ലസിച്ചപ്പോള് സംഗീതലോകം പകര്‍ന്ന ആനന്ദത്തിന്റെ മണിക്കൂറുകളായിരുന്നു ‘ദീദി’ അവര്‍ക്ക് നല്‍കിയത് വെള്ളിയാഴ്ചയുടെ പകലിന്റെ മണിക്കൂറുകള്‍ രക്ഷാ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭരണസാരഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്നും ഓര്‍മിക്കാവുന്ന സംഗീതത്തിന്റെയും ഡാന്‍സിന്റെയും ഉല്ലാസവേളയായാണ് മാറിയത്.
നാമെല്ലാം ഈശ്വരാനുഗ്രഹമുള്ളവരാണ്. നമ്മളിലെല്ലാം ഈശ്വരനുണ്ട് എന്ന മുഖവരയിലാണ് തുടക്കം. മലയാളം, ബംഗാളി, തമിഴ്, ഹിന്ദി ഭാഷയിലെ ശ്രദ്ധേയ ഗാനങ്ങളായിരുന്നു പോപ്പ് ഗായിക ഉഷാ ഉതുപ്പ് ‘രക്ഷാ’ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആലപിച്ചത്. ഐ ബിലീവ് മ്യൂസിക്…. ഐ ബിലീവ് ലൗ….. എന്ന സംഗീതവും സ്നേഹവും സമന്വയിപ്പിച്ച ആല്‍ബം ഗാനത്തില്‍ തുടങ്ങി. ദേശഭക്തിയുണര്ത്തിയ സാരേ ജഹാംസേ അച്ഛാ…. ഹിന്ദുസ്ഥാന്‍ ഹമാരാ… എന്ന ഗാനത്തോടെയായിരുന്നു മണിക്കൂറുകള്‍ നീണ്ട ഗാനാലാപനത്തിന്റെ തിരശീല വീണത്. എന്റെ കേരളം എത്ര സുന്ദരം…., പലവട്ടം കാത്തുനിന്നു ഞാന്‍ കോളേജിന്…., നെഞ്ചിനുള്ളില്‍ നീയാണ് കരളിനുള്ളില് നീയാണ് ഫാത്തിമ….., കാളി ഭദ്രകാളി കാത്തരുളൂദേവീ……, വാവേ മകനെ……. എന്നീ മലയാള ഗാനങ്ങളും കോയി യഹാ നാചേ നാചേ….., ദംമാരെ ദം…. ഇത്ത്ഗയേഹം…, സംഗീതലോകത്ത് തന്നെ ‘ദീദി’യാക്കിയ ബംഗാളി ഗാനം, ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത ഹിന്ദിഗാനം, തമിഴ്നടന്‍ ധനുഷ് ആലപിച്ച കൊലവെളി….കൊലവെളി….., അപ്പടിപോട് പോട്…. തുടങ്ങിയ തമിഴ്ഗാനങ്ങള്‍ എന്നിവയ്ക്കൊപ്പം രക്ഷാ സ്കൂളിലെ കുട്ടികള്‍ക്കായി സമര്‍പ്പിച്ച സ്നേഹിത എങ്ങനെ ഞാന്‍ സ്നേഹമറിയിക്കും…. എന്നര്‍ത്ഥം വരുന്ന ഹിന്ദി ഗാനവുമടങ്ങുന്നതായിരുന്നു ദീദിയുടെ ആലാപനത്തിലുണ്ടായിരുന്നത്. കൈയടിയും നൃത്തച്ചുവടുകളും ആരവങ്ങളുമായി ദീദിയുടെ സംഗീതാലാപനത്തെ കുട്ടികളും അധ്യാപകരും മനസ്സിലേറ്റി.
വെള്ളിയാഴ്ച മകള്‍ അഞ്ജലിക്കും സഹപ്രവര്‍ത്തക ബംഗാളിയായ സാന്ദ്രയ്ക്കുമൊപ്പമാണ് ഉഷാ ഉതുപ്പ് രക്ഷാ സ്പെഷ്യല്‍ സ്കൂളിലെത്തിയത്. രക്ഷാ ഹോണററി സെക്രട്ടറി രാഗിണി മേനോന്, പ്രിന്‍സിപ്പല്‍ എലിസബത്ത് ഫിലിപ്പ്, പ്രധാനാധ്യാപിക എലിസബത്ത് ഷേര്‍ളി, സാലി വര്‍ഗീസ്, അഞ്ജന മേനോന്, വിജയകുമാര്‍, ജയറാം എന്നിവര്‍ ‘ദീദി’യെ സ്വീകരിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ളതാണ് ദീദിയുടെ സന്ദര്‍ശനം. ഗാനാലാപനം ആദ്യത്തേതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: