ഫാല്‍ഗുന മാസത്തിലെ (മാര്‍ച്ച്) വെളുത്ത വാവ് ഗോവയില്‍ മഹോത്സവമാണ്. ‘ക്ഷത്ര’ എന്ന പേരിലറിയപ്പെടുന്ന ഈ ഉത്സവത്തില്‍ ജനങ്ങളാകെ പങ്കെടുക്കും. അതിന് ജാതിയും മതവും വര്‍ഗവുമൊന്നുമില്ല. ഈ വര്‍ഷത്തെ ഉത്സവത്തിന് വര്‍ണപ്പകിട്ട് ഇരട്ടിയായിരുന്നു. തെരഞ്ഞെടുപ്പു ഫലം വ്യക്തമായതിന്റെ പിറ്റേന്നായിരുന്നു ‘ക്ഷത്ര’. കെട്ടുനാറിയ കോണ്‍ഗ്രസ് ഭരണത്തെ തുടച്ചു നീക്കിയതിന്റെ ആഹ്ലാദം. കേരളവും ഗോവയും തമ്മില്‍ ഏറെ സാമ്യമുള്ളതിനാല്‍ ഗോവയുടെ ഭരണമാറ്റത്തില്‍ മലയാളികളും കൗതുകം കൊള്ളുന്നത് സ്വാഭാവികം. കേരളം സൃഷ്ടിച്ചത് പരശുരാമനാണെന്നാണ് സങ്കല്പം. ഗോകര്‍ണത്തു നിന്നും പരശുരാമന് വീശിയെറിഞ്ഞ മഴു കന്യാകുമാരിയില്‍ ചെന്നു വീണു. മഴു സഞ്ചരിച്ച ദൂരം കടല്‍ നീങ്ങി കരയായി. കോങ്കണ്ണിക്ക് കോമളാംഗി എന്നു പോരിട്ടതു പോലെ ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്ന് പേരിട്ടതില്‍ പരശുരാമന് ഒരു പങ്കുമില്ല.
സഹ്യപര്‍വതത്തില്‍ നിന്ന് പരശുരാമന് പടിഞ്ഞാറോട്ട് തൊടുത്തു വിട്ട അമ്പാണ് ഗോവയെ സൃഷ്ടിച്ചതത്രെ. അമ്പു വീണ സ്ഥലമാണത്രെ ഇന്നത്തെ ബനാല് (ബാണം) ഗ്രാമം. ഐതീഹ്യം ഊട്ടി ഉറപ്പിക്കാന്‍ ഉത്സവവും ഇവിടെ നടക്കുന്നു. കര മാത്രമല്ല രണ്ടു നദികളും പരശുരാമന് സൃഷ്ടിച്ചതാണെന്നാണ് വിശ്വാസം. മഹാദേവി (മാണ്ഡവ), അഘനാശിനി (സുവാറി) എന്നിവ. കേരളത്തിലെ പോലെ ഭരണത്തില്‍ അസ്ഥിരത അനുഭവിച്ച സംസ്ഥാനമാണ് ഗോവ.
യൂറോപ്പിന്റെ ഭരണം ആദ്യം സ്ഥാപിച്ചത് ഗോവയിലാണ്. അവസാനം രാജ്യം വിട്ടു പോയതും അവര്‍ തന്നെ. 451 വര്‍ഷത്തെ അധിനിവേശത്തിനിടയില്‍ പോര്‍ച്ചിഗീസുകാര്‍ കാട്ടിക്കൂട്ടിയ ക്രൂരതയ്ക്ക് കയ്യും കണക്കുമില്ല. പോര്ച്ചിഗീസുകാരെ കെട്ടു കെട്ടിക്കാനുള്ള പോരാട്ടത്തില്‍ മലയാളികള്‍ വഹിച്ച പങ്കും നിസാരമല്ല. ജനസംഘം നേതാക്കളായിരുന്ന എം.ഉമാനാഥറാവുവും എ.കെ.ശങ്കരമേനോനും ഗോവാ വിമോചന സമരത്തില്‍ ധീരമായി പങ്കെടുത്ത് കഷ്ടനഷ്ടങ്ങള്‍ സഹിച്ചവരാണ്. ദേഹത്ത് എവിടെയങ്കിലും ആണി കയറ്റിയാല്‍ എന്താണവസ്ഥ. എന്നാല്‍ കേട്ടോളൂ – പോര്ച്ചിഗീസു പട്ടാളം ഉമാനാഥ് റാവുവിന്റെ ഉള്ളം കാലില്‍ പഴുപ്പിച്ച ഇരുമ്പാണി അടിച്ചു കയറ്റി. അതിന്റെ പാടും പ്രയാസവും അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നവരെയും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ തൊട്ടിലില്‍ കിടന്ന് കൈകാലിട്ടടിച്ചവര് പോലും സ്വാതന്ത്ര്യ സമര സേനാനി പെന്ഷന് വാങ്ങിയപ്പോള്‍ ഉമാനാഥ് റാവുവിനെ പോലുള്ളവര്‍ക്ക് അത് നല്‍കിയില്ലെന്ന വസ്തുത വിസ്തരിക്കുന്നില്ല.
1961 ഡിസംബര്‍ ഒന്‍പതിനാണ് ഗോവ മോചിക്കപ്പെട്ടത്. മലയാളിയായ കെ.പി.കാണ്ടത്തിന്റെ നേതൃത്വത്തില്‍ സൈനിക നീക്കമാണ് വിമോചന നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേന്ദ്രഭരണ പ്രദേശമായിരുന്ന ഗോവയ്ക്ക് സ്വതന്ത്ര സംസ്ഥാന പദവി ലഭിച്ചത് 1987 മെയ് 30നാണ്. നാലര നൂറ്റാണ്ടോളം വിദേശാടിമത്തത്തില്‍ കഴിയേണ്ടി വന്ന ഗോവയില്‍ നിന്നും പോര്‍ച്ചുഗീസുകാരെ തൂത്തെറിഞ്ഞതു പോലെ കോണ്‍ഗ്രസിനെ ജനങ്ങള്‍ തുടച്ചു നീക്കിയിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിന് രണ്ടക്ക സീറ്റു പോലും നേടാനായില്ല. ഗോവയ്ക്ക് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. പഴയകാല പ്രതാപം തുടിച്ചു നില്ക്കുന്ന കോട്ടകളും വെള്ള പൂശിയ പള്ളികളും ആ ചരിത്രം വിളിച്ചോതുന്നു. രണ്ടു ലക്ഷം പേരെ മതം മാറ്റി ക്രിസ്ത്യാനികളാക്കിയ ഫ്രാന്‍സിസ് സേവ്യര്‍ പുണ്യാളന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്ന ഗോവയില്‍ ഒരു മതം മാറ്റവും നടത്തിയല്ല ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ മനംമാറ്റത്തിന് കാരണമായത് കോണ്‍ഗ്രസിന്റെ ദുര്‍ഭരണവും ബിജെപിയുടെ ആദര്‍ശ സ്ഥിരതയുമാണ്.
ചിട്ടയായ പ്രവര്‍ത്തനം മാത്രമല്ല കരുത്തുറ്റ നേതൃത്വവുമാണ് ബിജെപിക്ക് ശക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ സഹായിച്ചത്. ഹിന്ദുപാര്ട്ടിയെന്ന് മുദ്രകുത്തി ബിജെപിയെ അകറ്റി നിര്‍ത്താന്‍ പ്രതിയോഗികളും വാര്‍ത്താ മാധ്യമങ്ങളും അക്ഷീണം പരിശ്രമിക്കുമ്പോള്‍ ഗോവയിലെ ജനങ്ങള്‍ അതിനെ പുച്ഛിച്ചു തള്ളി. ജയിച്ച ബിജെപിക്കാരില്‍ എട്ടുപേര്‍ ക്രൈസ്തവരാണെന്നത് കേരളത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ക്രിസ്ത്യാനികള്‍ക്ക് ബാലികേറാമലയല്ല ബിജെപിയെന്ന് മനസിലാക്കാന്‍ ഗോവ തെരഞ്ഞെടുപ്പു ഫലം പാഠമാകേണ്ടതാണ്. ഫലം വ്യക്തമായ അഞ്ചു സംസ്ഥാനങ്ങളില്‍ എല്ലാം കൊണ്ടും പ്രാധാന്യം ഉത്തര്പ്രദേശിനാണല്ലോ. സംസ്ഥാനത്തിന്റെ വലുപ്പം, ജനസംഖ്യ, രാഷ്ട്രീയ പ്രാധാന്യം ഇതെല്ലാം യുപിയോളം മറ്റൊന്നിനുമില്ല. യുപിയില്‍ വിജയം നേടി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘ഹീറോ’ ആകുമെന്ന് സോണിയയുടെ പുത്രന് രാഹുലിനെ ചൂണ്ടിക്കാട്ടി പ്രവചനങ്ങള്‍ ഒഴുകിയിരുന്നു. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഇത് പ്രചരിപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. രാഹുല്‍ മൂളിയാല്‍ നാലുകോളം തലക്കെട്ടില്‍ വിവരണം നടത്തിക്കൊണ്ടിരുന്നു. മകള്‍ അമ്മയുടെ കവിളില്‍ നുള്ളിയാല്‍ പോലും സചിത്ര ലേഖനം കൊടുക്കുന്ന മാധ്യമസംസ്കാരം വളര്‍ത്തിയത് സോണിയയ്ക്കും മക്കള്‍ക്കും വേണ്ടിയായിരുന്നു.
അഴിമതിയില്‍ മുങ്ങുക്കുളിച്ച മായാവതി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന്റെ സമാജ്വാദി പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലെത്തുന്നത്. 403 അംഗ സഭയില്‍ എസ്.പി 224 സീറ്റുകളിലെ വിജയം ഉറപ്പാക്കിയിട്ടുണ്ട്. 202 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 15 ഓളം സ്വതന്ത്രന്മാരില് പകുതിപ്പേരും എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു കക്ഷിയുടെ പോലും പിന്തുണയില്ലാതെ ഒറ്റയ്ക്ക് അധികാരം പിടിക്കാനായതിലൂടെ വന്‍ തിരിച്ചുവരാണ് എസ്.പി നടത്തിയിരിക്കുന്നത്.
ബി.എസ്.പിക്ക് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ബിജെപി അധികം പരിക്കേല്‍ക്കാതെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. നാലാം സ്ഥാനത്ത് ഒതുക്കപ്പെട്ട കോണ്‍ഗ്രസിന് താങ്ങാന്‍ കഴിയാത്ത പതനമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയുമെല്ലാം ഓമനിച്ച് താലോലിച്ച് വളര്‍ത്തിക്കൊണ്ടു വന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ പോലും വിജയം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഈ ലോകസഭാ മണ്ഡലങ്ങളിലെ പല നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും തള്ളപ്പെട്ടിരിക്കുന്നു. നെഹ്രു കുടുംബത്തിന്റെ പാരമ്പര്യം പറഞ്ഞ് സോണിയാ കുടുംബം ഒന്നടങ്കം ഇത്തവണ യുപി തെരഞ്ഞെടുപ്പു പ്രചാരണത്തിന് കാലേകൂട്ടി തമ്പടിച്ചിരുന്നു. പിന്നാക്ക സംവരണത്തില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക സംവരണം പ്രഖ്യാപിച്ച് ഇലക്ഷന് കമ്മീഷനെ പോലും വെട്ടിലാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ പ്രഖ്യാപനം നടത്തിയ കേന്ദ്രമന്ത്രി ഖുര്‍ഷിദിന്റെ ഭാര്യക്കു പോലും ജയിക്കാനായില്ല. ഇരുന്നൂറ്റി ഇരുപത്തിയൊന്ന് മഹാസമ്മേളനങ്ങളില്‍ രാഹുല്‍ പ്രസംഗിച്ചു. പിന്നാക്ക പട്ടികജാതി വര്‍ഗ കേന്ദ്രങ്ങളില്‍ താമസിച്ച് ഉണ്ടും ഉറങ്ങിയും ചുമടെയുത്തും റോഡ് ഷോ ഉള്‍പ്പെടെയുള്ള കോമാളിത്തരങ്ങളും രാഹുലും പെങ്ങള് പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ടും നടത്തി. ഫലം വന്നപ്പോള്‍ രാഹുല്‍ ‘സീറോ’ ആയി. പടക്കുതിരയായി വന്നു. ഒടുവില്‍ കെട്ടുകുതിരയായിത്തീര്ന്നിരിക്കുന്നു.
പഴയ ഗുസ്തിക്കാരനാണ് മുലായം സിംഗ്. കോണ്‍ഗ്രസിനെയും മായാവതിയെയും മലര്‍ത്തിയടിച്ച വില്ലന്‍. പക്ഷേ അച്ഛനല്ല മോനാണ് യഥാര്‍ഥ ഹീറോ എന്ന് തെളിഞ്ഞിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രചരണ തന്ത്രത്തിനു വരെ ചുക്കാന്‍ പിടിച്ച അഖിലേഷ് യാദവ് അക്ഷരാര്‍ഥത്തില്‍ തിളങ്ങി. കഴിഞ്ഞ തവണ മായാവതി കാട്ടിയ മാജിക് ഇത്തവണ മുലായത്തിന്റെ മകനാണ് അവതരിപ്പിച്ചത്. ജാതി കാര്‍ഡ് മാത്രമല്ല മതസമവായവും ഉണ്ടാക്കി. അയോധ്യയില്‍ ബിജെപി തോറ്റെങ്കില്‍ അതിന്റെ കാരണവും ഇതു തന്നെ. നിയമസഭയിലെത്തുന്ന 403 പേരില്‍ 64 മുസ്ലീം എംഎല്‍എമാരുണ്ട്. അതില്‍ അഖിലേഷിന്റെ കൂടെ 41 പേരാണ്. ബിഎസ്പിക്ക് 15 മുസ്ലീം എംഎല്‍എമാരെ കിട്ടിയപ്പോള്‍ മുസ്ലീങ്ങള്‍ക്കായി മലക്കം മറിഞ്ഞ കോണ്‍ഗ്രസിനു കിട്ടിയത് രണ്ടു പേരെ മാത്രമാണ്. സ്വതന്ത്രരും പീസ് പാര്‍ട്ടിക്കാരുമാണ് മറ്റുള്ളവര്‍.
നേരത്തെ 51 പേരെ ജയിപ്പിച്ച ബിജെപിക്ക് ഇത്തവണ കിട്ടിയത് 47 പേരെയാണ്. ഇതില്‍ 15 പേരും 35-40 ശതമാനത്തോളം മുസ്ലീം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നിന്നുമാണ്. ഗോവയില്‍ ക്രിസ്ത്യാനികള്‍ എന്ന പോലെ യുപിയില്‍ കുറേ ഭാഗമെങ്കിലും മുസ്ലീങ്ങള്‍ക്കും ബിജെപി സ്വീകാര്യമായിത്തുടങ്ങി. ബാക്കി പൂരിപ്പിക്കാനുള്ള ചുമതല ബിജെപിക്കാണ്. ഉത്തരാഖണ്ഡില്‍ ചെയ്തതു പോലെ അവസാന നിമിഷം നേതാവിനെ കെട്ടിയിറക്കി പയറ്റിയാല്‍ പറ്റില്ലെന്ന പാഠവും ബിജെപിക്ക് നല്കുന്നു. പഞ്ചാബില്‍ വിജയം ആവര്‍ത്തിച്ച എന്‍ഡിഎക്ക് ഉത്തരാഖണ്ഡില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ഭരണം നഷ്ടപ്പെടാന്‍ പോകുന്നത്. ഒരു സീറ്റു കൂടി നേടിയിരുന്നെങ്കില്‍ പഞ്ചാബ് ആവര്‍ത്തിക്കാമായിരുന്നു. നഷ്ടപ്പെടുത്തിയത് ബിജെപിയിലുള്ളവര്‍ തന്നെ. അവിടെ പക്കാ കോണ്‍ഗ്രസുകാരിയായ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ സ്വന്തം കക്ഷിയെ ഭരണത്തിലെത്തിക്കാനുള്ള ശക്തമായ അണിയറ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
രണ്ടു ദേശീയപാര്‍ട്ടികള്‍ക്കും തോല്‍വിയെന്നാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ വിലയിരുത്തിയത്. അഞ്ചു സംസ്ഥാനങ്ങളിലായി മൊത്തം 132 സീറ്റുകളിലാണ് ഇരുകമ്മ്യൂണിസ്റ്റു പാര്‍ട്ടികളും മത്സരിച്ചത്. 35 സീറ്റില്‍ സിപിഎം മത്സരിച്ചു. ഉത്തര്‍പ്രദേശില്‍ കൊറാണ് മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എത്താന്‍ സാധിച്ചതാണ് ഏക നേട്ടം. സിപിഐ 97 മണ്ഡലങ്ങളില്‍ മത്സരിച്ചു. മണിപ്പൂരില്‍ നാലിടത്തു രണ്ടാമതെത്തി.
യുപിയില്‍ മൊത്തം 16 സീറ്റിലാണു സിപിഎം മത്സരിച്ചത്. കഴിഞ്ഞ തവണ 14 സീറ്റില്‍ മത്സരിച്ചു; 11 സീറ്റില്‍ കെട്ടിവച്ച പണം പോയി. സിപിഐ ഇത്തവണ 45 സീറ്റില്‍ മത്സരിച്ചു. 21 സീറ്റിലും കെട്ടിവച്ച പണം നഷ്ടമായി.
പഞ്ചാബില്‍ ഇത്തവണ സിപിഎം ഒന്‍പതു സീറ്റിലും സിപിഐ 18ലും മത്സരിച്ചു. രണ്ടു പാര്‍ട്ടികളും ഒരു സീറ്റിലും രണ്ടാമതുപോലും എത്തിയില്ല. മണിപ്പൂരില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിച്ച സിപിഐക്കു നാലു സീറ്റു ലഭിച്ചിരുന്നു. എന്നാല്‍ അന്നു 14 സീറ്റില്‍ കെട്ടിവച്ച പണം പോയി. ഇത്തവണയും 24 സീറ്റില്‍ ഒറ്റയ്ക്കു പൊരുതി. സിപിഎം കഴിഞ്ഞ തവണ ഒരിടത്തും ഇത്തവണ രണ്ടിടത്തും മത്സരിച്ചു പണം നഷ്ടപ്പെടുത്തി. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ തവണ സിപിഎമ്മിന് ആറുസീറ്റിലും സിപിഐക്കു മൂന്നിടത്തും പണം നഷ്ടമായിരുന്നു. ഇത്തവണ സിപിഎം ആറിടത്തും സിപിഐ അഞ്ചിടത്തും മത്സരിച്ചു ദയനീയമായി തോറ്റു.
കോണ്‍ഗ്രസിനെയും ബിജെപിയെയും ജനം പുറം തള്ളിയെന്നാണു സിപിഎമ്മിന്റെ വിലയിരുത്തല്‍. പ്രതീക്ഷകളില്ലാതിരുന്നതിനാല് പാര്‍ട്ടിക്ക് അഞ്ചു സംസ്ഥാനത്തുമുണ്ടായ പരാജയത്തെക്കുറിച്ചു ഞെട്ടലില്ല. കേരളത്തില്‍ ബിജെപിയെ കുറിച്ച് വോട്ടു വില്‍ക്കുന്ന പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍, പ്രത്യേകിച്ച് സിപിഎം. എന്നാലിതാ വോട്ടു മാത്രമല്ല എംഎല്‍എയെ തന്നെ വില്ക്കാന് മടിയില്ലെന്ന് സിപിഎം തെളിയിച്ചിരിക്കുകയാണ്. തങ്ങളുടെ നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജിനെ കോണ്‍ഗ്രസ് വിലയ്ക്കു വാങ്ങിയെന്ന് സമ്മതിക്കുന്നത് പ്രാദേശിക സെക്രട്ടറി മുതല്‍ പിബി മെംബര്‍ വരെയാണ്. “കൊടുത്താല്‍ കൊല്ലത്തും കിട്ടും” എന്ന ചൊല്ല് വെറുതെയല്ല സഖാക്കളെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: