കേരളത്തിലെ മത്സ്യമേഖല പ്രക്ഷുബ്ധമായി തുടരുകയാണ്. അടുത്തകാലത്ത് മീന്‍പിടുത്ത മേഖലയില്‍ അരങ്ങേറുന്ന ദുരന്തങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ നേരിടുന്ന അരക്ഷിതാവസ്ഥയിലേക്ക് മാത്രമല്ല വിരല്‍ ചൂണ്ടുന്നത്. അരക്ഷിതമായി കിടക്കുന്ന 590 കിലോമീറ്റര്‍ സമുദ്രതീരത്തിലേക്ക് കൂടിയാണ്. മുംബൈ ഭീകരാക്രമണത്തിനുത്തരവാദികള് എത്തിയത് കടലില്ക്കൂടിയായിരുന്നല്ലോ. ആ പശ്ചാത്തലത്തില്‍ കേരള തീരവും നിരീക്ഷണവിധേയമാക്കണമെന്നും സുരക്ഷ ശക്തിപ്പെടുത്തണമെന്നും പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നതാണ്. കേരളത്തിലെ 8.46 ലക്ഷം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിനാണ് ഇന്ന് ഭീഷണി നേരിടുന്നത്. കേരള തീരത്ത് മീന്‍പിടിക്കുന്ന 9552 മോട്ടോര്‍ ഘടിപ്പിക്കാത്ത ബോട്ടുകള്‍ക്കും 14,151 മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകള്‍ക്കും 3451 യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും പുറമെ 1000 ലൈസന്‍സില്ലാത്ത ചൈനീസ് എഞ്ചിന് ഘടിപ്പിച്ച ബോട്ടുകളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നു. കേരളത്തിലെ 97371 ടണ്‍ മത്സ്യകയറ്റുമതിയില്നിന്നും ലഭിക്കുന്ന വരുമാനം കോടികളാണ്. ഇത്രയും വരുമാനം നേടിക്കൊടുക്കുന്ന മേഖലയിലെ തൊഴിലാളികള്‍ക്ക് കടലില്‍ സുരക്ഷാസംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. കേരളതീരത്ത് മത്സ്യങ്ങള്‍ കുറഞ്ഞകാരണം ഇന്ന് തൊഴിലാളികള്‍ ആഴക്കടലിലേക്ക് നീങ്ങുമ്പോള്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പേടിച്ച് തീരത്തിനോടടുത്ത് സഞ്ചരിക്കുന്ന കപ്പലുകള്‍ ഇവര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു.
പ്രതിദിനം 1400 കപ്പലുകള്‍ കേരളതീരം വഴി കടന്നുപോകുന്നുണ്ടത്രേ. മത്സ്യത്തൊഴിലാളികള്‍ കടലില്‍ കൊല്ലപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറുമ്പോള്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായധനം പോലും യഥാസമയം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ഇറ്റാലിയന്‍ കപ്പല്‍ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികളും പ്രഭുദയ എന്ന കപ്പലിടിച്ച് മറ്റ് മൂന്നുപേരും മരിച്ചു. രണ്ടുപേരെ കാണാതാവുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുമെന്നുള്ള പ്രഖ്യാപനം ജലരേഖയാകുന്നു. അത്യാധുനിക സംവിധാനങ്ങളും തീരദേശസേന, നാവികസേന, മറൈന്‍ എന്‍ഫോഴ്സ്മെന്റ് തുടങ്ങിയവ കടല്‍സുരക്ഷയുടെ ഭാഗമായി നിലനില്‍ക്കുന്നുണ്ടെങ്കിലും കടലില്‍ ഒരപകടം നടന്നാല്‍ അവരുടെ രക്ഷക്കെത്തുന്നത് മറ്റ് മത്സ്യബന്ധന ബോട്ടുകളാണ്. കോടികള്‍ മുടക്കി സര്‍ക്കാര്‍ വാങ്ങി കരയില്‍ നിക്ഷേപിച്ചിരിക്കുന്ന സ്പീഡ് ബോട്ടുകള്‍ കടല്‍വെള്ളം തൊട്ടിട്ടില്ല. കടല്‍സുരക്ഷക്ക് ഇത്രയധികം സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇവ തമ്മില്‍ യാതൊരു ഏകോപനവുമില്ല. ‘ഇന്ത്യന്‍ എക്സ്ക്ലുസീവ് എക്കണോമിക് സോണ്‍’ കടല്‍ക്കൊള്ളക്കാരുടെ ഭീഷണി നേരിടുന്ന മേഖലയിലാണ്. ട്രോളിംഗ് നിരോധിക്കപ്പെടുമ്പോള്‍ വിദേശ ട്രോളറുകള്‍ കേരള തീരത്ത് മത്സ്യചൂഷണം നടത്തുന്നു എന്നത് മത്സ്യത്തൊഴിലാളികളുടെ നിരന്തര രോദനമാണ്. ഇത് വെറും വനരോദനമല്ല കടല്രോദനം മാത്രമായി മാറുന്നു.
കേന്ദ്രസര്‍ക്കാരിന്റെ വിദേശപ്രീണന നയങ്ങളാണ് യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളി സുരക്ഷക്ക് തടസമെന്ന് വ്യക്തമാകുന്നുണ്ട്. എന്റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ കൊലയാളി സൈനികരോടും ഇറ്റാലിയന്‍ സര്‍ക്കാരിനോടും ഇന്ത്യക്കുള്ള മൃദുസമീപനം മൂലമാണ് ഇപ്പോള്‍ ബോട്ടിടിച്ച് തകര്‍ന്ന പ്രഭുദയ എന്ന കപ്പലിലെ ഒരു തൊഴിലാളിയെ കപ്പല്‍ ഇടിച്ച സംഭവം തെളിയാതിരിക്കാന്‍ കപ്പലില്‍നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്ന് തൊഴിലാളിയുടെ പിതാവ് പരാതിപ്പെടുന്നു. അയാളെ രക്ഷിച്ചത് ശ്രീലങ്കന്‍ ബോട്ടാണ്. മറ്റൊരു കപ്പലില്‍നിന്നും വെടിവെപ്പുണ്ടായെന്ന മത്സ്യത്തൊഴിലാളിയുടെ പരാതി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് സര്‍ക്കാര്‍. അന്താരാഷ്ട്ര ചാനല്‍ മറികടന്ന് സഞ്ചരിക്കാന്‍ വിദേശ കപ്പലുകള്‍ ധൈര്യപ്പെടുന്നത് രാഷ്ട്രീയബന്ധം മൂലമാണെന്ന് യുഡിഎഫ് ഘടകകക്ഷി നേതാവ് പോലും ആരോപിക്കുന്നു. തീരദേശ പോലീസ്സ്റ്റേഷനുകളും തീരസുരക്ഷക്ക് പര്യാപ്തമല്ല. ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യം ഇന്റര്‍നാഷണല്‍ കപ്പല്‍ ചാനല്‍ മത്സ്യബന്ധന മേഖലയുടെ സമീപമാകരുത് എന്നാണ്. വിദേശകപ്പലുകള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ സൗകര്യം നല്‍കിയുള്ള സംയുക്ത സംരംഭങ്ങളും മത്സ്യത്തൊഴിലാളികള്ക്കാപത്താണ്. ജനസംഖ്യയുടെ 2.51 ശതമാനം വരുന്ന കടലിന്റെ മക്കളുടെ സുരക്ഷ ഉറപ്പുവരുത്തണം.
വീണ്ടും ഇര
ഇക്കഴിഞ്ഞ വനിതാദിനത്തില്‍ ചര്‍ച്ചക്ക് വന്ന ഒരു പ്രധാന വിഷയം എന്തുകൊണ്ട് കുറ്റവാളികള്‍ രക്ഷപ്പെടുകയും ഇരകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു എന്നായിരുന്നു. സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ ഇര ഇങ്ങനെ അപ്രത്യക്ഷമായ ഒരു മുഖമായിരുന്നു. ഇപ്പോള്‍ അപ്രത്യക്ഷയായ സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും വാര്‍ത്തയില്‍ ഇടം നേടുന്നത് വീണ്ടും ഇരയാക്കപ്പെടുമ്പോഴാണ്. പെണ്‍വാണിഭ ഇര അല്ല, ധനാപഹരണക്കുറ്റം ആരോപിച്ചാണ് ഈ പെണ്‍കുട്ടി വീണ്ടും ജയിലില്‍ അടയ്ക്കപ്പെടുന്നത്. സൂര്യനെല്ലി കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നിരിക്കുന്നതിനാലാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ മേല്‍ ധനാപഹരണക്കുറ്റം ചുമത്തി മോശം സ്വഭാവമുള്ള സ്ത്രീയായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നത് എന്നും സ്ത്രീ സംഘടനകള്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ പലരും സൂര്യനെല്ലി കുട്ടിയുടെ തുണക്കായി രംഗപ്രവേശം ചെയ്തിരിക്കുന്നു.
ധനാപഹരണക്കേസിലെ നാല് പ്രതികളില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ മാത്രം പരസ്യമായി അറസ്റ്റ് ചെയ്യുകയും വാര്‍ത്ത മാധ്യമങ്ങളില്‍ക്കൂടി പുറത്തുവരികയും ചെയ്തപ്പോള്‍ സ്ത്രീപീഡനക്കേസുകളില്‍ ഇരകളെ തിരിച്ചറിയരുതെന്നുള്ള നിയമം പോലും ലംഘിക്കപ്പെട്ടിരിക്കുകയാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ സസ്പെന്റ് ചെയ്യാനുള്ള നടപടിക്ക് നിര്‍ദ്ദേശിച്ചത് മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനായിരുന്നു. അത് പിന്നീട് സ്ഥലംമാറ്റമായി ചുരുക്കുകയായിരുന്നു. പ്രശ്നപരിഹാരമാണ് ഇടതുപക്ഷം ആഗ്രഹിച്ചിരുന്നതെങ്കില്‍ എന്തുകൊണ്ട് കേസ് പിന്‍വലിച്ചില്ല എന്ന ചോദ്യമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും കുറ്റവാളി രാഷ്ട്രീയനേതാവാണെങ്കില്‍ ഇരകള്‍ക്ക് ശിക്ഷ ഉറപ്പാണെന്നാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെ തുടര്വേട്ട തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: