കൊച്ചി: കൊല്ലത്ത് കപ്പലിടിച്ചു തകര്‍ന്ന ബോട്ടില്‍ നിന്നു കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ നാവികസേനയുടെ ഐ.എന്‍.എസ് നിരീക്ഷക് തെരച്ചില്‍ തുടങ്ങി. മുങ്ങല്‍ വിദഗ്ധരെ പ്രത്യേക പേടകത്തില്‍ ഇറക്കിയാണ് അപകട സ്ഥലത്തിപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.
ബേബിച്ചന്‍, ക്ലീറ്റസ് എന്നിവരെയാണു കാണാതായത്. ഈ മാസം നാലിനു നാവികസേന നടത്തിയ തെരച്ചിലില്‍ സന്തോഷ് എന്ന ജോസിന്റെ മൃതദേഹം ലഭിച്ചിരിന്നു. അതേദിവസം തെരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീടു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇന്നു വീണ്ടും തെരച്ചില്‍ ആരംഭിച്ചത്. ഇന്നലെ ഒരാളുടെ മൃതദേഹം കണ്ടുകിട്ടിയെന്ന തെറ്റായ പ്രചാരണം ബന്ധുക്കളേയും മത്സ്യത്തൊഴിലാളികളേയും കൂടുതല്‍ ദുഃഖത്തിലാഴ്‌ത്തിയിരുന്നു.
രാവിലെ 10 മണിയോടെയാണ് ചാനലുകളില്‍ വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഇതറിഞ്ഞ് ഭക്ഷണം പോലും കഴിക്കാതെയാണ് വൈകും വരെ കൊല്ലത്തുനിന്നെത്തിയ ബന്ധുക്കള്‍ തോട്ടപ്പള്ളിയില്‍ കാത്തുനിന്നത്. കരയില്‍ നിന്നും 30 കിലോമീറ്റര്‍ പടിഞ്ഞാറ് മൃതദേഹം ഒഴുകി നടക്കുന്നതായി ചില മത്സ്യത്തൊഴിലാളികള്‍ കണ്ടതായി കരയില്‍ വിവരം ലഭിച്ചതാണ് മൃതദേഹം കിട്ടിയെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്.
















