മട്ടാഞ്ചേരി: പൊതുടാപ്പുകളിലൂടെയുള്ള കുടിവെള്ളത്തിനായി കൊച്ചി കോര്പ്പറേഷന് കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നത് മൂന്ന് കോടിയിലേറെ രൂപ കോര്‍പ്പറേഷന്റെ അധികാരപരിധിയിലുള്ള പ്രദേശങ്ങളില്‍ ഗാര്‍ഹിക കണക്ഷനുകളില്‍നിന്നുള്ള കോടികളുടെ വരുമാനത്തിന് പുറമേയാണ് കോര്പ്പറേഷന് തുകയും കേരള വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കുന്നത്. എന്നാല്‍ കോര്‍പ്പറേഷനിലെ നഗരപ്രദേശമൊഴികെ മറ്റിടങ്ങളിലെല്ലാം നിശ്ചിത സമയങ്ങളില്‍ ഏതാനും മണിക്കുറുകള്‍ മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. കൊച്ചിയിലെ കുടിവെള്ള വിതരണച്ചുമതല കോര്പ്പേറേഷനില്നിന്ന് കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുത്ത ശേഷമാണ് നഗരത്തിലെ ജനവാസകേന്ദ്രങ്ങിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമായതെന്ന് ജനകീയ സംഘടനകള്‍ ആരോപിക്കുന്നു. കൊച്ചിന് കോര്പ്പറേഷന് പ്രദേശത്ത് 5900 പൊതു ടാപ്പുകളാണുള്ളത്. പൊതുടാപ്പ് ഒന്നിന് ശരാശരി 5250 ഓളം രൂപയാണ് കോര്പ്പറേഷന് വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നതെന്നും ഇത് ഏതാണ്ട് മുന്നു കോടി പത്ത് ലക്ഷം രൂപയിലേറെ വരുമെന്നും ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയിലെ കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതിനും, വിതരണത്തിനുമായി. അഞ്ചിലെറെ വിദേശപദ്ധതികളടക്കം ഏട്ടോളം പദ്ധതികള്‍ കൊച്ചിയില്‍ നടപ്പിലാക്കിയിരുന്നു. ബ്രിട്ടീഷ് ധനസഹായത്തോടെയുള്ള ഓഡിഎ, ഡിഎഫ്ഐഡി, ലോകബാങ്കിന്റെ പദ്ധതികള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. എന്നാല്‍ പദ്ധതികളിലേറെയും പല തടസ്സങ്ങളുമായി ഫലം കാണാത്തത് അധികൃതരുടെയും, വാട്ടര്‍ ആതോറിറ്റിയുടെയും, വകുപ്പുകളുടെയും അവഗണനയാണ് പ്രകടമാക്കുന്നതെന്ന് ജനകീയ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വേനലെത്തും മുമ്പേ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വാട്ടര്‍ അതോറിറ്റി ജലലഭ്യത ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെടുകയാണ്. കൊച്ചിയിലെ ജലവിതരണ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി കുടിവെള്ള ലഭ്യത ഉറപ്പിക്കുന്നതിന് സംയുക്തനീക്കം നടത്തണമെന്നാണ് ജനകീയ സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: