കൊച്ചി: കുറഞ്ഞ ചെലവില്‍ ഡയാലിസിസ് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ തയാറാകണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് മെഡിക്കല്‍ ട്രസ്റ്റു ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവയവ ദാന ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃക്ക സംബന്ധമായ അസുഖങ്ങളില്‍ ഡയാലിസിസിനും മറ്റും വലിയ തുകയാണ് ചെലവാകുന്നത്. ഇടത്തരക്കാര്‍ക്ക് ഡയാലിസിസിന്റെ ചെലവു താങ്ങാവുന്നതിലും അപ്പുറമാണ്. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മിതമായ നിരക്കില്‍ ഡയാലിസിസ് ചെയ്യുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കണം.
ഡയാലിസിസ് ഉപകരണങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നതിനും വൃക്ക സംബന്ധമായ അസുഖങ്ങളുള്ള രോഗികളെ ദത്തെടുക്കുന്നതിനും മേഴ്സി ഫൗണ്ടേഷന് പദ്ധതി ആവിഷ്ക്കരിക്കും. മേഴ്സി രവി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഡയാലിസിസ് ഉപകരണങ്ങള്‍ വിതരണം ചെയ്യും.
വൃക്ക ദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവരുടേയും വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരുടേയും വിശദമായ വിവരങ്ങള്‍ അടങ്ങിയ കിഡ്നി ബാങ്ക് രൂപികരിക്കണം. ഓരോ ജില്ലയിലും ഇത്തരം കിഡ്നി ബാങ്കുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാമവര്‍മ്മ ക്ലബില്‍ നടന്ന ബോധവത്ക്കരണപരിപാടിയില്‍ മെഡിക്കല്‍ ട്രസ്റ്റ് മാനേജിങ് ഡയറക്റ്റര്‍ പി.വി. ആന്റണി അധ്യക്ഷത വഹിച്ചു. വൃക്കദാതാക്കളുടെ വിവരങ്ങള്‍ അടങ്ങുന്ന രജിസ്ട്രി കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. അവയവ ദാനത്തിന്റെ പ്രസക്തിയെക്കുറിച്ചും വൃക്ക അനുബന്ധ രോഗങ്ങളെ കുറിച്ചും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. മാമ്മന്‍ എം. ജോണ്‍ വിശദീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം.ഐ. ജുനൈദ് റഹ്മാന്, ജിസിഡിഎ ചെയര്മാന് എന്‍ വേണുഗോപാല്‍, മധുസൂദനന് നായര്‍, ഫാ. ജോസഫ് കൊടിയന്‍, ഡോ മുഹമ്മദ് ഇക്ബാല്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: