അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത് വിലയിരുത്താന്‍ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പന്മാര് തലസ്ഥാനത്ത് യോഗം ചേര്‍ന്നു. അവര്‍ തോല്‍വിക്ക് കണ്ടെത്തിയ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് വിലക്കയറ്റം. സമീപ കാലത്തായി നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചെന്നും കോണ്‍ഗ്രസിനെതിരായി വിധിയെഴുതാന്‍ ജനങ്ങളെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് ഇതാണെന്നും കണ്ടെത്തിയതാണ്. ഫലപ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസം തന്നെ വീണ്ടും വിലവര്‍ദ്ധനവ് സൃഷ്ടിക്കാനുള്ള നടപടിയാണ് കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. റെയില്‍വേ ചരക്ക് കൂലി കുത്തനെ കൂട്ടിക്കൊണ്ടാണിത്. റെയില്‍വേ ബജറ്റ് പാര്‍ലമെന്റിലവതരിപ്പിക്കാന്‍ ഏതാനും ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിനുമുമ്പാണ് നിരക്ക് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് ഇറങ്ങിയ ദിവസം തന്നെ വര്‍ദ്ധനവ് പ്രാബല്യത്തിലാക്കിയിട്ടുമുണ്ട്.
ഭക്ഷ്യവസ്തുക്കള്‍, രാസവളം, കല്‍ക്കരി എന്നിവയടക്കമുള്ളവയുടെ കടത്തുകൂലിയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. രാസവളത്തിന്റെ വില കഴിഞ്ഞയാഴ്ച മുപ്പത്തിമൂന്ന് ശതമാനത്തിലേറെ വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. കൃഷിച്ചെലവ് കുത്തനെ കൂടുകയും തന്മൂലം ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂടാനും രാസവളവിലവര്ദ്ധനവ് വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതൊന്നുകൂടി വര്‍ദ്ധിപ്പിക്കാനാണ് പുതിയ നീക്കം സഹായിക്കുക. 20 ശതമാനം മുതല്‍ 37 ശതമാനംവരെ നിരക്ക് വര്‍ദ്ധന വരുമെന്നാണ് ഏകദേശ കണക്ക്. റെയില്‍വേ ബജറ്റിലാകട്ടെ യാത്രാക്കൂലിയും കൂട്ടാന്‍ പോവുകയാണെന്നാണ് സൂചന. യാത്രാക്കൂലി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട സമിതി നല്കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച് നടപ്പാക്കാനാണ് പോകുന്നത്.
ചരക്ക് കൂലി വര്‍ദ്ധനമൂലം തന്നെ പതിനേഴായിരം കോടി രൂപയുടെ വരുമാനമാണ് ഒരു വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യാത്രാക്കൂലിയെക്കാള്‍ കൂടുതലാണ് റയില്‍വേക്ക് ചരക്ക് കൂലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം. ചരക്ക് നീക്കത്തിനും നിരക്ക് വര്‍ദ്ധനവിനും നിലവിലുള്ള സംവിധാനം മാറ്റിമറിക്കാനും റയില്‍വേ ആലോചിക്കുകയാണ്. ഇനി ഓരോ കിലോമീറ്ററിനും ഓരോ ടണ്ണിനും അധികമായി തുക തീരുമാനിക്കും. ഭക്ഷ്യധാന്യങ്ങള്‍, പരിപ്പിനങ്ങള്, രാസവളം എന്നിവ ‘130എ’ ക്ലാസ്സിലാണ് നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. പുതിയ ഉത്തരവില്‍ ‘എ’ ക്ലാസ്സ് ഒഴിവാക്കി. അതാണ് ദൂരമനുസരിച്ച് നിരക്ക് നിശ്ചയിക്കാന്‍ കാരണം. 16 വിഭാഗങ്ങളായി തിരിച്ചാണ് റെയില്‍വേ ചരക്കുകൂലി നിശ്ചിയിക്കുന്നത്. നേരത്തെ ഇത് 59 വിഭാഗങ്ങളായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് പതിനാറായി ചുരുക്കിയത്. കല്‍ക്കരി, സിമന്റ് എന്നിവ ക്ലാസ് 150ല്‍ ഉള്‍പ്പെട്ടതാണ്. പുതിയ തീരുമാനപ്രകാരം ഇവയ്ക്ക് 18 മുതല്‍ 24 വരെ ശതമാനം നികുതി കൂടും. കയറ്റുമതിക്കുള്ള ഇരുമ്പയിരിന് നികുതി പതിനാറ് ശതമാനമായി കുറച്ചു. ആഭ്യന്തര ഉപയോഗത്തിനുള്ളതിന് ഇരുപത് ശതമാനമാണ്.
അതിനര്‍ത്ഥം നിര്‍മ്മാണപ്രവര്‍ത്തനത്തിന് അധിക ചിലവ് വരുമെന്നാണ്. ചരക്കുകൂലി ഉയരുമ്പോള്‍ സ്വാഭാവികമായും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രബജറ്റില്‍ വരാന്‍പോകുന്ന അധികനികുതികൂടിയാകുമ്പോള് ജനജീവിതം ദുസ്സഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനിടയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടി വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യംകൂടി വന്നാല്‍ ജനങ്ങളാകെ പൊറുതിമുട്ടുകതന്നെ ചെയ്യും.
നിലവില്‍ വിലക്കയറ്റം രൂക്ഷമായതിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് പെട്രോളിയം ഉള്‍പ്പന്നങ്ങള്‍ക്ക് അടിക്കടിയുണ്ടാക്കിയ വിലവര്‍ദ്ധനവാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ അസംസ്കൃത എണ്ണക്ക് ഉണ്ടായ വര്‍ദ്ധനവാണ് ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍, പാചകവാതകം തുടങ്ങിയവക്ക് വിലവര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നാണ് വിശദീകരണം. എന്നാല്‍ അത് സത്യവുമായി പൊരുത്തപ്പെടുന്നതല്ല. മറ്റ് രാജ്യങ്ങളിലൊന്നും ഇന്ത്യയിലേതുപോലെ വില കൂടുന്നില്ല എന്നത് കാണാതിരുന്നുകൂടാ. അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ നികുതി ഘടനയാണ് പെട്രോളിയം ഉള്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് ഇതിനകം വിദഗ്ധരായ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതൊന്നും ഗൗനിക്കാന്‍ അഞ്ചെട്ടുവര്‍ഷമായി കേന്ദ്രം ഭരിക്കുന്ന, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സാധാരണ നിലയ്ക്ക് തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായി വന്നാല്‍ ഭരണകക്ഷി അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കുക. എന്നാലിവിടെ കണ്ടാലും കൊണ്ടാലും പഠിക്കാന്‍ മനസ്സില്ലെന്ന ധിക്കാരപരമായ നിലപാടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ്സിന് അനുകൂലമായി വോട്ടുചെയ്യാത്ത ജനങ്ങളോട് യഥാര്‍ത്ഥത്തില്‍ യുദ്ധപ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്നത് കേവലഭൂരിപക്ഷമുള്ള സര്‍ക്കാരല്ല. ആരുടെയൊക്കയോ ഔദാര്യം കൊണ്ടും സൗജന്യംകൊണ്ടും നിവൃത്തികേട്കൊണ്ടും നിലനില്‍ക്കുന്ന സര്‍ക്കാര്‍ വരും വരായ്കള്‍ നോക്കാതെയാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പ്കൊണ്ട് എല്ലാം തീര്‍ന്നു എന്ന് കണക്കാക്കരുത്. ഈ വര്‍ഷം തന്നെ ഇനിയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പും വരാന്‍ പോകുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ ദുര്‍ഭരണം മാത്രം ശീലിച്ച കോണ്‍ഗ്രസ്സിന് കേന്ദ്രത്തിലെന്നല്ല ഇന്ത്യയിലൊരിടത്തും ഭരണകക്ഷിയെന്ന് പറഞ്ഞ് നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകാന്‍പോകുന്നത്. വിനാശകാലത്ത് വിപരീതബുദ്ധി എന്ന് കേട്ടിട്ടേയുള്ളൂ, കോണ്ഗ്രസുകാരത് കാട്ടിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: