പുകവലി ആരോഗ്യത്തിന് ഹാനികരം, മദ്യപാനം ആരോഗ്യത്തിന് ഹാനികരം! രണ്ടും സര്‍ക്കാര്‍ അംഗീകരിച്ചു പരസ്യം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍. എന്തുകൊണ്ടൊ രണ്ടാമത്തേതിനു സ്വീകാര്യത പോര.
കുടിച്ചില്ലെങ്കില്‍ അതു വലിയ കുറവു തന്നെ, ഒട്ടു മിക്കവരും അങ്ങനെ ചിന്തിക്കുന്നു. കുടിപ്പിച്ചില്ലെങ്കില്‍ അതിനെക്കാള്‍ വലിയ കുറവ്, സര്‍ക്കാരും ചിന്തിക്കുന്നു. മദ്യത്തില്‍നിന്നുള്ള വരുമാനമില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ല, സര്‍ക്കാരിന്റെ ധനകാര്യവിദഗ്ദ്ധര്‍ ആ വിധമാണ് ചിന്തിക്കുന്നത്. യഥേഷ്ടം മദ്യം വിതരണം ചെയ്യുക, എന്നിട്ടു പ്രസ്താവന പുറപ്പെടുവിക്കുക. ‘മദ്യത്തില്‍നിന്നു കിട്ടുന്നതിന്റെ ഇരട്ടിതുക മദ്യപരുടെ പുനരധിവാസത്തിനും ചികിത്സക്കും മുടക്കും.”
ഇവിടെ മാരാരിക്കുളത്തുനിന്നുള്ള വാര്‍ത്തയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ചു ഭാര്യ കടന്നു കളഞ്ഞു. മദ്യപിക്കാത്ത കഴിവുകെട്ട ഭര്‍ത്താവിനെ ഭാര്യയ്ക്കു വേണ്ട. എങ്ങനെ ചെറുപ്പക്കാര്‍ മദ്യപിക്കാതിരിക്കും?
ഇറ്റലി രാജ്യം കഴിഞ്ഞാല്‍ മദ്യത്തിലൂടെ ഏറ്റവുമധികം പണം സമ്പാദിക്കുന്ന രാജ്യമാണ് കേരള രാജ്യം. പഞ്ചായത്തുകള്‍ തോറും ബിവറേജസ് ഔട്ട്ലെറ്റുകള് ഉള്ളപ്പോഴാണ് കെടിഡിസിയുടെ 35 മദ്യക്കടകളും 21 ബിയര്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നത്. ബിയര്‍ കുപ്പി വിറ്റുമാത്രം 60 ലക്ഷം ലാഭമുണ്ടാക്കി. കഴിഞ്ഞ കൊല്ലം കെടിഡിസി. ഇക്കൊല്ലം തുക പിന്നെയും കൂടും. ബിവറേജ് കോര്പ്പറേഷന് കുപ്പികള്‍ തിരികെ കിട്ടാത്തതുകൊണ്ട് ഇങ്ങനെയൊരു വരുമാനമുണ്ടാക്കാനാവുന്നില്ല. ഇതിന് പരിഹാരമുണ്ടാക്കുമെന്നാണ് വകുപ്പുമന്ത്രി കെ.ബാബു പറയുന്നത്. എന്നുവെച്ചാല്‍ പാവപ്പെട്ടവനായി ആരെങ്കിലുമുണ്ടെങ്കില്‍ കുപ്പി പെറുക്കി ജീവിക്കാനും അനുവദിക്കില്ല. ഒരു കുപ്പി വിറ്റാല്‍ രണ്ട് രൂപാ കിട്ടും. മന്ത്രിയുടെ പരിഷ്ക്കാരം നടപ്പില്‍ വരുന്നതോടെ ആവശ്യക്കാരന് വായിലോട്ട് ബിയര്‍ നേരിട്ടു വീഴ്ത്തും. കോര്പ്പറേഷന് അതോടെ കുപ്പി ലാഭം, അധികവരുമാനവും ലഭിക്കും. കുപ്പി പെറുക്കി വിറ്റ് അന്തസ്സായി ജീവിച്ചുപോന്നവര്‍ക്ക് പകരം ലോട്ടറി ടിക്കറ്റുകള്‍ നല്കി തെണ്ടിപ്പിക്കും. ഒരു തൊഴില്‍ നഷ്ടപ്പെട്ടാല്‍ പകരം തൊഴില്‍ നല്കി പുനരധിവസിപ്പിക്കുന്നതാണല്ലോ ജനസമ്പര്‍ക്കാധിഷ്ഠിത ജനപ്രിയ പരിപാടി.
കുടികൂടുതലും പട്ടണങ്ങള്‍ കേന്ദ്രീകരിച്ചാണ്, ഗ്രാമങ്ങളില്‍ കുറവ്, മദ്യപാനം മൂലമുള്ള രോഗികള്‍ കൂടുതലും നഗരപ്രദേശങ്ങളില്‍. അതുകൊണ്ട് ഗ്രാമീണ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍, അല്ലെങ്കില്‍ ഡോക്ടര്‍ ആകാന്‍ പോകുന്നവര്‍.
അങ്ങാടിയില്‍ ചെന്നപ്പോള്‍ കാളകുത്തിയതിന് വീട്ടില്‍വന്ന് അമ്മയെ തല്ലിയെന്ന് കേട്ടിട്ടുണ്ട്. ഹൗസ് സര്ജന്മാരുടേയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പെരുമാറ്റം സംബന്ധിച്ച് ആലപ്പുഴയില്‍നിന്നുള്ള വാര്‍ത്തകള്‍ ഈവിധമാണ്. കൂട്ടസിസേറിയന്‍, കാലുമാറി ചികിത്സ, കേടായ പല്ലുനിര്‍ത്തി കേടാകാത്തതു പറിക്കുക ഇതൊക്കെയാണ് ആലപ്പുഴ ഡോക്ടര്‍മാരുടെ പണി.
സൂപ്പര്‍ സ്പെഷ്യാലിറ്റി പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ ഗ്രാമീണ മേഖലയിലും സേവനമനുഷ്ഠിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ആലപ്പുഴയിലെ ഡോക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രസിച്ചില്ല. ഓര്‍ഡറിറക്കിയ മന്ത്രിയെ കിട്ടാത്തതു കാരണം പ്രിന്‍സിപ്പാളിനെ തന്നെ ഘെരാവോ ചെയ്തു, വണ്ടാനം മെഡിക്കല്‍ കോളേജില്‍. ഇതുകണ്ടാല്‍ തോന്നുക പ്രിന്‍സിപ്പാള്‍ റംലാ ബീവിയാണ് ഗ്രാമീണ മേഖല കണ്ടുപിടിച്ചതെന്ന്.
ആലപ്പുഴ ടൗണില്‍നിന്നും നാലുകിലോമീറ്റര്‍ വിട്ടാല്‍ പിന്നെ ഗ്രാമപ്രദേശമാണ്. പ്രിന്‍സിപ്പാളിനെ ഘെരാവോ ചെയ്തു ഡോക്ടര്‍മാര്‍ അപ്പോള്‍ പിന്നെ ആരെ ചികിത്സിക്കുമെന്നാണ് പറയുന്നത്?
കെ.എ.സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: