കേരളം മദ്യോപയോഗത്തില്‍ ഇന്ത്യയില്‍ത്തന്നെ മുന്നിലാണെന്നും മദ്യോപയോഗം വര്‍ധിക്കുന്നതിനാലാണ് കേരളത്തില്‍ റോഡപകട മരണങ്ങള് ഉണ്ടാകുന്നതെന്നും ജനങ്ങളുടെ മാനസികാരോഗ്യനില തകരുന്നതെന്നുമുള്ളത് വസ്തുതകളാണ്. കേരളം കുറ്റകൃത്യങ്ങളില്‍ മുന്നിലാകുന്നതും ഇതേ കാരണത്താലാണ്. ഇപ്പോള്‍ കേരളം മദ്യോപയോഗത്തില്‍ വീണ്ടും കുതിക്കുകയാണ്. കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കണക്കുകള്‍ കേരളത്തില്‍ മദ്യോപയോഗം പിന്നെയും വര്‍ധിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 63 ശതമാനം വര്‍ധനയാണ് മദ്യോപയോഗത്തില്‍ കേരളം കൈവരിച്ചിരിക്കുന്നത്. കേരളത്തിലെ ജനസംഖ്യാ വര്‍ധന ഒരുകൊല്ലം ഒന്നരലക്ഷം മാത്രമാണെങ്കില്‍ ഇവിടുത്തെ പ്രതിവര്‍ഷ മദ്യോപയോഗം 24 ലക്ഷം മുതല്‍ 35 ലക്ഷം കേസുകളാണ്. കേരളം മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ അബ്കാരി പ്രീണനം നടത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പുകള്‍ക്ക് ഫണ്ട് ചെയ്യുന്നതില്‍ അബ്കാരി മാഫിയയ്ക്ക് റോളുണ്ടെന്നുമുള്ള ആരോപണം പഴക്കമുള്ളതാണ്. ഇപ്പോള്‍ സിഎജിയും കണ്ടെത്തിയിരിക്കുന്നത് അബ്കാരി വരവില്‍ കാര്യമായ ചോര്‍ച്ചയുണ്ടെന്നാണ്. മദ്യവില്പ്പനയില്ക്കൂടി കേരളം 2009-10ലും 2010-11ലും നേടിയത് 6730.30 കോടി രൂപയാണ്. ബിവറേജസ് കോര്‍പ്പറേഷനാണ് കേരള ഖജനാവിലേക്ക് ഏറ്റവുമധികം ധനം എത്തിക്കുന്നത് എന്നതിനാല്‍ത്തന്നെയാണ് ബിവറേജസ് ഔട്ട്ലെറ്റുകള് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഉത്സാഹം പ്രകടിപ്പിക്കുന്നത്.
2006-07ല്‍ 3143.29 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ 2008-09ല്‍ അത് 4631 കോടിയും 2009-10ല്‍ 5539.85 കോടിയും 2010-11ല്‍ 6730.30 കോടി രൂപയുമാണ് മദ്യവില്‍പ്പനയില്‍ ഖജനാവിന് ലഭിച്ചത്. തിരുവോണനാളില്‍ 268 കോടിയുടെ മദ്യമാണ് ജനങ്ങള്‍ കുടിച്ചത്. ക്രിസ്തുമസ്ദിന കണക്കുകള്‍ സര്‍ക്കാര്‍ നാണക്കേട് ഭയന്ന് പുറത്തുവിട്ടില്ലെങ്കിലും വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി.ബിനുവിന് ലഭിച്ച വിവരമനുസരിച്ച് ഡിസംബറില്‍ വിറ്റത് 702.91 കോടി രൂപയുടെ മദ്യമായിരുന്നു. 2672 കീസ് ഐഎംഎഫ്എല്ലും 898 കീസ് ബിയറും. അബ്കാരി നയപ്രഖ്യാപനപ്രകാരം കേരളത്തില്‍ ഡി അഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കുമെന്നും അതിനുവേണ്ടി ബിവറേജസ് കോര്പ്പറേഷന് 20ലക്ഷം രൂപ കളമശ്ശേരി കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജിന് നല്‍കുമെന്ന പ്രഖ്യാപനവും ജലരേഖയായി. എക്സൈസ് നവീകരണം, മദ്യവിരുദ്ധ പ്രചാരണം മുതലായ വാഗ്ദാനങ്ങളും നടപ്പാക്കപ്പെട്ടില്ല. സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുത മദ്യവില്‍പ്പനയിലും മദ്യഷോപ്പുകള്‍ അനുവദിക്കുന്നതിലുമുള്ള സുതാര്യതയില്ലായ്മയും ക്രമരഹിതമല്ലാത്തതുമായ നടപടികളാണ്. ഇറക്കുമതി തീരുവ, പെര്‍മിറ്റ് ഫീസ് മുതലായ കാര്യങ്ങളില്‍ സര്‍ക്കാര്‍ നയലംഘനം നടത്തിയതായും സുതാര്യതയില്ലാതെ അബ്കാരി നിയമം കൊണ്ടുവന്നതായും കണ്ടെത്തിയ സിഎജി 61 ശതമാനം ബാര്‍ ഹോട്ടലുകള്‍ക്കും അര്ഹതയില്ലായിരുന്നുവെന്നുകൂടി ചേര്‍ക്കുന്നു.
ഇടതു ഭരണത്തില്‍ 418 അനധികൃത ബാറുകളാണ് ലൈസന്‍സിന് അര്‍ഹതയില്ലാതെ പ്രവര്‍ത്തിച്ചിരുന്നത്. റെസ്റ്റോറന്റുകള്‍ അനുവദിക്കുമ്പോള്‍ അവിടെനിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കേ മദ്യം വിളമ്പാവൂ എന്ന് നിയമമുണ്ടെങ്കിലും ഇവയെല്ലാം ബാറുകളായി പ്രവര്‍ത്തിച്ചിരുന്നു. 2002 ഏപ്രില്‍ മുതല്‍ ത്രീ സ്റ്റാറും അതിന് മുകളിലുള്ള ഹോട്ടലുകള്‍ക്കുമാണ് ബാര്‍ ലൈസന്‍സ് ലഭിച്ചിരുന്നത്. കൂടാതെ ബാര്‍ ലൈസന്‍സ് നേടുന്നതിനുള്ള സമയപരിധി കൂട്ടിനല്‍കുകയും ചെയ്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ത്രീസ്റ്റാര്‍ പദവിക്കുവേണ്ടി ബാര്‍ ഹോട്ടലുകള്‍ നടത്തിയ ക്രമക്കേടുകള്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.
മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ദൂരനിയന്ത്രണ മാനദണ്ഡങ്ങളും യഥേഷ്ടം ലംഘിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ഷേത്രം, പള്ളി, മസ്ജിദ് പരിസരങ്ങള്‍ മുതലായവയുടെ സമീപം ബാര്‍ഹോട്ടലുകള്‍ നല്‍കരുതെന്നും ബാര്‍ ഔട്ട്ലെറ്റുകള് തമ്മില്‍ കൃത്യമായ പരിധി വേണമെന്നുമുള്ള ചട്ടങ്ങളും ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദൂരപരിധി നിയന്ത്രണതത്വം ഉറപ്പാക്കി ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും സിഎജി നിര്‍ദേശിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനവും ദുര്‍ബലമായപ്പോള്‍ സ്പിരിറ്റ് കടത്ത് സജീവമായി മദ്യോപയോഗ വര്‍ധനയിലേക്ക് വഴിതെളിച്ചിട്ടുണ്ട്. ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ അഭാവമാണ് നിയന്ത്രണാതീതമായി മദ്യമാഫിയക്ക് അഴിഞ്ഞാടാന്‍ സൗകര്യമൊരുക്കുന്നതും കേരളത്തെ കുടിയന്മാരുടെ സംസ്ഥാനം മാത്രമല്ല ആത്മഹത്യാ മുനമ്പാക്കി മാറ്റുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: