അങ്കമാലി: ദേശീയപാത 47 ഉം എംസി റോഡും സംഗമിക്കുന്ന അങ്കമാലി പട്ടണത്തിന്റെ ഗതാഗതകുരുക്കിന് പരിഹാരമായ അങ്കമാലി ബൈപ്പാസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പു മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്കാന് അങ്കമാലിയില്‍ നടന്ന ബഹുജന കണ്വെന്ഷന് തീരുമാനിച്ചു. അങ്കമാലി വ്യാപാരഭവനില്നടന്ന കണ്വെന്ഷന് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പോള്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. പി. ജെ. വര്‍ഗീസ്, ടി. പി. ദേവസ്സിക്കുട്ടി, പി. എ. മത്തായി, സി. ബി. രാജന്, മാത്യൂസ് കോലഞ്ചേരി, അനില്‍ കാഞ്ഞിലി, ജോര്‍ജ് സ്റ്റീഫന്‍, പി. വി. മോഹനന്, കെ. പി. ജോബ്, ബെന്നി മൂഞ്ഞേലി, ബി. വി. ഡേവീസ്, കെ. വി. കുഞ്ഞുകുഞ്ഞ്, വി. ജെ. ബാബു, ജിമ്മി വര്‍ഗീസ്, ഡെന്നി തെറ്റയില്‍, ജോസ് കട്ടുക്കയം, ജോസ് മാവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അങ്കമാലി പ്രദേശത്തെ വിവിധ രാഷ്ട്രീയ, സാമൂഹിക ബഹുജനസംഘടനകള്‍, മര്‍ച്ചന്റ് അസ്സോസിയേഷന്, റെസിഡന്റ് അസ്സോസിയേഷനുകള്‍ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണ് ആലോചനായോഗത്തില്‍ പങ്കെടുത്തത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ശബരി റെയില്‍പ്പാത, പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അതിരപ്പിള്ളി-വാഴച്ചാല്‍, ഏഴാറ്റുമുഖം, കോടനാട്, മഹാഗണിത്തോട്ടം, മണപ്പാട്ടുചിറ, തീര്‍ത്ഥാടനകേന്ദ്രങ്ങളായ കാലടി, മലയാറ്റൂര്‍, തിരുവൈരാണിക്കുളം, കാഞ്ഞൂര്‍ എന്നീ പ്രദേശങ്ങളുടെ സാമീപ്യംകൊണ്ട് അങ്കമാലിയില്‍ ഗതാഗതകുരുക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ മണിക്കൂറോളം വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍പ്പെട്ട് കിടക്കുന്നുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാധ്യതാ പഠനം നടത്തി അലൈന്‍മെന്റിന് അംഗീകാരം ലഭിച്ച് ബജറ്റില്‍ ആയിരം കോടി രൂപയുടെ ബൈപാസ് സ്കീമില്‍ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന അങ്കമാലി ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴത്തെ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍നിന്നും അങ്കമാലി ബൈപ്പാസിനെ ഒഴിവാക്കിയിരുന്നു. ഇത് ബൈപ്പാസിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രസ്തുത ബൈപ്പാസിനെ അങ്കമാലിയ്ക്ക് ഒരു ഗുണവും ലഭിക്കാത്ത രീതിയില്‍ നടപ്പിലാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് അങ്കമാലിയുടെ വികസനത്തെ ബാധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണാലത്ത് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് സംസ്ഥാന പൊതുമേഖലാ സംരംഭമായ കിറ്റ്കോ മുഖാന്തരം സാധ്യതാ പഠനം നടത്തി അലൈന്മെന്റ് അംഗീകരിച്ച് 2010 ജൂലൈ 12 ന് സര്‍ക്കാരിന് സമര്‍പ്പിച്ചതിനുശേഷമാണ് ബജറ്റില്‍ തുക വകയിരുത്തിയത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗവണ്മെന്റിനെക്കൊണ്ട് അംഗീകരിപ്പിച്ച് ആയിരം കോടി ബൈപ്പാസ് സ്കീമില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞുവെങ്കിലും ഇപ്പോഴത്തെ ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം മന്ത്രി കെ. എം. മാണി അവതരിപ്പിച്ച പുതുക്കിയ കഴിഞ്ഞ ബജറ്റില്‍നിന്നും ഈ പദ്ധതിയെ ഒഴിവാക്കുകയായിരുന്നു. കരയാംപറമ്പില്‍നിന്ന് ആരംഭിച്ച് അങ്ങാടിക്കടവ് പാലത്തിന് പടിഞ്ഞാറ് വശത്തുകൂടി സെന്റ് ജോര്‍ജ് ബസിലിക്കാ പള്ളിയുടെ പടിഞ്ഞാറുഭാഗം ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ എത്തുന്നതാണ് ഒന്നാംഘട്ട അലൈന്മെന്റ് 2.82 കി. മീ. ഉള്ള ഈ അലൈന്മെന്റില് മൂന്ന് കെട്ടിടങ്ങള്‍ മാത്രമാണ് ഈ പദ്ധതിപ്രകാരം ഒഴിവാക്കപ്പെടുന്നത്. ഈ പദ്ധതി അംഗീകരിച്ച് ബൈപ്പാസ് നിര്‍മാണം ആരംഭിച്ചാല്‍ സര്‍ക്കാരിന് ഏറ്റവും ചെലവുകുറഞ്ഞ പദ്ധതിയായിരിക്കും. ഇത് അട്ടിമറിച്ചുകൊണ്ട് കരിയാട് മേയ്ക്കാട് വഴിയാക്കാനാണ് ശ്രമം നടക്കുന്നത്. ഇത് അങ്കമാലി ബൈപ്പാസിന്റെ ഉദ്ദേശങ്ങളെത്തന്നെ പരാജയപ്പെടുത്തും. തന്നെയുമല്ല സാധ്യതാ പഠനങ്ങളും എസ്റ്റിമേറ്റും ഈ പദ്ധതി നടപ്പിലാക്കാതിരിക്കാനെ സഹായിക്കുകയുള്ളുവെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: