ആലുവ: കേരളത്തിലേക്ക് ഇന്റര്‍നെറ്റ് വഴിയും മയക്കുമരുന്ന് വില്‍പ്പന സജീവം. ബംഗളൂരു, മുംബൈ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചിലരാണ് ഇന്റര്‍നെറ്റ് വഴി മയക്കുമരുന്ന് വില്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ കൊറിയര്‍ ഏജന്‍സികള്‍ വഴിയാണ് മയക്കുമരുന്ന് എത്തുന്നത്. കൊറിയര്‍ ഏജന്‍സികളെ മറ്റേതെങ്കിലും സാധനങ്ങളാണെന്ന് കബളിപ്പിച്ചാണ് ഇവ അയക്കുന്നത്. പലപ്പോഴും പലയിടങ്ങളില്നിന്നാണ് ഇത്തരത്തില്‍ കൊറിയര്‍ ചെയ്യുന്നത്.
വിദേശ കമ്പനികളുടെ വര്‍ക്ക് ഓര്‍ഡറുകള്‍ നല്കുന്ന ഏജന്‍സികളെന്ന മറവിലാണ് പ്രവര്‍ത്തിക്കുക. വിവിധ ഫോറങ്ങള്‍ക്കുള്ളില്‍ ചെറിയ ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവ അയയ്ക്കുന്നത്. മയക്കുമരുന്നിനുള്ള പണം ചില ബാങ്കുകള്‍ വഴി അക്കൗണ്ടിലേക്ക് വാങ്ങുകയാണ് ചെയ്യുന്നത്. ചാറ്റ് റൂമുകളിലൂടെയും മറ്റും പരിചയപ്പെട്ടാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്. ഇ-മെയിലുകള്‍ വഴി മാത്രമാണ് ഇവരുടെ ഇടപാടുകള്‍. പുതുതായി രൂപീകരിച്ച സമിതി ഇത്തരത്തില്‍ സംശയം തോന്നുന്ന ഏതാനും ഇ-മെയിലുകള്‍ പരിശോധിച്ച് വരുന്നുണ്ട്.
കേരളത്തില്‍ ബംഗളൂരുവില്‍നിന്നാണ് മയക്കുമരുന്ന് ഇഞ്ചക്ഷന് കൂടുതലായെത്തുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്ക് വേദന ശമിപ്പിക്കുന്നതിനുള്ള പെന്റാസോസിന് എന്ന ആംപ്യൂളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ബംഗളൂരുവിലെ മരന്നുല്പ്പാദന കേന്ദ്രത്തില്‍നിന്നും മൂന്ന് രൂപയ്ക്ക് ലഭിക്കുന്ന ഇത് 500 രൂപയ്ക്കുവരെയാണ് ലഹരിക്ക് അടിമകളായവര്‍ വാങ്ങുന്നത്. ആശുപത്രികളിലേക്ക് മാത്രമേ ഇത് വിതരണം ചെയ്യാവൂ എന്ന കര്‍ശന നിര്‍ദ്ദേശമുള്ളതാണ്. ചില മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഈ മയക്കുമരുന്ന് വിപണനത്തിന് പിന്നില്‍ സഹായികളായി പ്രവര്‍ത്തിക്കുന്നുണ്ട്. വില്‍പ്പന നിയമവിധേയമാണെന്ന് രേഖയുണ്ടാക്കാന്‍ ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പുകളും തയ്യാറാക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: