അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു ഫലം പൂര്‍ത്തിയായി. മൂന്നിടത്ത് ബിജെപി സഖ്യത്തിനാണ് മേല്‍ക്കൈ. ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ സമാജ്വാദി പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. കേന്ദ്രഭരണം നടത്തുന്ന കോണ്‍ഗ്രസിന് മണിപ്പൂരിലെ ഭരണം നിലനിര്‍ത്താനേ സാധിച്ചുള്ളൂ. പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി ഭരണ തുടര്‍ച്ചയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. കേരളത്തിനെ പോലെ മാറി മാറി ഭരണം നടത്തിയിരുന്ന സംസ്ഥാനമാണ് പഞ്ചാബ്. ചരിത്രം ഇവിടെ തിരുത്തിക്കുറിച്ചിരിക്കുന്നു. അകാലി-ബിജെപി ഭരണം ഉറപ്പിക്കുന്ന പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ ആദ്യം വ്യക്തമായത്. കോണ്‍ഗ്രസ് ഇവിടെ ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങളെല്ലാം അത് ഏറ്റുപാടിയതുമാണ്. പക്ഷേ ജനങ്ങളുടെ ചിന്തയെ അളക്കാന്‍ കേന്ദ്രഭരണത്തിനോ മാധ്യമങ്ങളുടെ ബുദ്ധികേന്ദ്രങ്ങള്ക്കോ സാധിച്ചില്ല.
1972 ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് തുടര്‍ഭരണത്തിന് കളമൊരുങ്ങുന്നത്. ഭരണനേട്ടവുമായി ജനത്തെ നേരിട്ട അകാലിദള്‍-ബിജെപി സഖ്യത്തിന് അനുകൂലമായാണ് വിധിയെഴുത്ത്. അകാലിദള്‍ബി.ജെ.പി സഖ്യം 68 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 46 സീറ്റുനേടി. 2007ല്‍ 67 സീറ്റുമായാണ് സഖ്യം ഭരണം നേടിയത്.
എക്സിറ്റ് പോളുകളില്‍ ചിലത് ഒപ്പത്തിനൊപ്പം എന്നും ചിലത് കോണ്‍ഗ്രസ് ഭരണം എന്ന് പ്രവചിക്കുകയും ചെയ്തിടത്താണ് അതിനെയെല്ലാം മറികടന്ന് അവര്‍ ഭരണത്തിലേറുന്നത്. പഞ്ചാബില്‍ അധികാരം നേടാമെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്ങിന്റെയും കൂട്ടരുടേയും പ്രതീക്ഷകള്‍ അസ്തമിച്ചത് കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമായി. മന്ത്രിസ്ഥാനത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ തിരക്ക് അനുഭവപ്പെട്ട അമരീന്ദറിന്റെ വസതിയിലെ ദൃശ്യങ്ങള്‍ കൗതുകമുളവാക്കിയതായിരുന്നു. എല്ലാം പോയി. പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച മായാവതി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന്റെ സമാജ്വാദി പാര്‍ട്ടി ഒറ്റയ്ക്ക് അധികാരത്തിലെത്തുന്നത്. 403 അംഗ സഭയില്‍ എസ്.പി 225 സീറ്റുകളിലെ വിജയം ഉറപ്പാക്കിയിട്ടുണ്ട്. 202 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 15 ഓളം സ്വതന്ത്രന്മാരില് പകുതിപ്പേരും ഇതിനോടകം തന്നെ എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു കക്ഷിയുടെ പോലും പിന്തുണയില്ലാതെ ഒറ്റയ്ക്ക് അധികാരം പിടിക്കാനായതിലൂടെ വന്‍ തിരിച്ചുവരവാണ് എസ്.പി നടത്തിയിരിക്കുന്നത്. നിലവിലെ സഭയില്‍ 206 അംഗങ്ങളുണ്ടായിരുന്ന ബി.എസ്.പിക്ക് 120ഓളം സീറ്റുകള്‍ കൈവിടേണ്ടി വന്നു.
ബി.എസ്.പി കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ബിജെപി അധികം പരിക്കേല്‍ക്കാതെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. നാലാം സ്ഥാനത്ത് ഒതുക്കപ്പെട്ട കോണ്‍ഗ്രസിന് താങ്ങാന്‍ കഴിയാത്ത പതനമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയുമെല്ലാം ഓമനിച്ച് താലോലിച്ച് വളര്‍ത്തിക്കൊണ്ടു വന്ന റായബറേലി, അമേഠി മണ്ഡലങ്ങളില്‍ പോലും വിജയം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഈ ലോകസഭാ മണ്ഡലങ്ങളിലെ പല നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും തള്ളപ്പെട്ടിരിക്കുന്നു. നെഹ്രു കുടുംബത്തിന്റെ പാരമ്പര്യം പറഞ്ഞ് സോണിയാ കുടുംബം ഒന്നടങ്കം ഇത്തവണ യുപി തെരഞ്ഞെടുപ്പു പ്രചാരണത്തിന് കാലേകൂട്ടി തമ്പടിച്ച് തന്ത്രങ്ങളാവിഷ്കരിച്ചിരുന്നു. പിന്നാക്ക സംവരണത്തില്‍ മുസ്ലീങ്ങള്‍ക്ക് പ്രത്യേക സംവരണം പ്രഖ്യാപിച്ച് ഇലക്ഷന് കമ്മീഷനെ പോലും വെട്ടിലാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ പ്രഖ്യാപനം നടത്തിയ കേന്ദ്രമന്ത്രി ഖുര്‍ഷിദിന്റെ ഭാര്യക്കു പോലും ജയിക്കാനായില്ല. ഇലക്ഷന് അടുക്കുമ്പോള്‍ കാട്ടിക്കൂട്ടുന്ന ലൊട്ടു ലൊടുക്കു വിദ്യകളൊന്നും ഏശാന്‍ പോകുന്നില്ലെന്ന് യുപി ജനത കോണ്‍ഗ്രസിനെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചിരിക്കുന്നു. ഇരുന്നൂറ്റി ഇരുപത്തിയൊന്ന് മഹാസമ്മേളനങ്ങളില്‍ രാഹുല്‍ പ്രസംഗിച്ചു. പിന്നാക്ക പട്ടികജാതി വര്‍ഗ കേന്ദ്രങ്ങളില്‍ താമസിച്ച് നാടകങ്ങള്‍ നടത്തി വോട്ടു വാരാന്‍ പ്രയത്നിച്ചു. റോഡ് ഷോ ഉള്‍പ്പെടെയുള്ള കോമാളിത്തരങ്ങള്‍ രാഹുലും പെങ്ങള് പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ടും നടത്തി. അമ്മയുടെ കവിളില്‍ കൊഞ്ചികൊഞ്ചിക്കൊണ്ട് നുള്ളി വാര്‍ത്താ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രിയങ്കയില്‍ മാധ്യമങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചു. അതും മങ്ങി. രണ്ടു വര്‍ഷം കഴിഞ്ഞ് വരാന്‍ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യുവരാജാവായി രാഹുലിനെ അവതരിപ്പിച്ചവരാണ് ഇപ്പോള്‍ നിരാശരായിരിക്കുന്നത്. പരാജയം അംഗീകരിക്കാന്‍ പോലും പല മാധ്യമവിശാരദന്മാരും തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പു ഫലം ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയെന്നാണ് ചിലര്‍ വച്ചു കാച്ചുന്നത്.
അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി മത്സരിച്ചത് രണ്ട് ദേശീയ കക്ഷികളാണ്. ബിജെപിയും കോണ്‍ഗ്രസും. ബിജെപി മൂന്നു സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്തുന്നു. ഒരിടത്ത് സ്വാധീനം നിലനിര്‍ത്തുന്നു. എന്നിട്ടും കോണ്‍ഗ്രസിന് തുലനം ചാര്‍ത്തണമെങ്കില്‍ അവര്‍ക്ക് സമനില തെറ്റി എന്നേ കരുതാന്‍ കഴിയൂ. കോണ്‍ഗ്രസില്‍ നിന്നും ഒരു സംസ്ഥാനം ബിജെപി പിടിച്ചെടുത്തിരിക്കുകയാണ്. നാലര നൂറ്റാണ്ടോളം വിദേശാടിമത്തത്തില്‍ കഴിയേണ്ടി വന്ന ഗോവയില്‍ നിന്നും പോര്‍ച്ചുഗീസുകാരെ തൂത്തെറിഞ്ഞതു പോലെ കോണ്‍ഗ്രസിനെ ബിജെപി തുടച്ചുനീക്കിയിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസിന് രണ്ടക്ക സീറ്റു പോലും നേടാനായില്ല. ഗോവയ്ക്ക് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. പഴയകാല പ്രതാപം തുടിച്ചുനില്ക്കുന്ന കോട്ടകളും വെള്ള പൂശിയ പള്ളികളും ആ ചരിത്രം വിളിച്ചോതുന്നു. രണ്ടു ലക്ഷം പേരെ മതം മാറ്റി ക്രിസ്ത്യാനികളാക്കിയ ഫ്രാന്‍സിസ് സേവ്യര്‍ പുണ്യാളന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്ന ഗോവയില്‍ ബലപ്രയോഗത്തിലൂടെയല്ല ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ മനംമാറ്റത്തിന് കാരണമായത് കോണ്‍ഗ്രസിന്റെ ദുര്‍ഭരണമാണ്. വരാന്‍ പോകുന്ന പതനത്തിന്റെ കേളികൊട്ടാണ് ഗോവയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.
എഴുപതംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ബിജെപി തന്നെയാണ് ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്. ബിജെപിയിലെ നേതൃമാറ്റവും നേതാക്കളിലെ കള്ളക്കളികളും നന്നായി നടന്നിട്ടും പോറലേല്‍ക്കാതെ ഒപ്പത്തിനൊപ്പമാണ് ബിജെപി. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടാണിത്. ഈ വര്‍ഷം തന്നെ ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ബിജെപിക്ക് അധികം സ്വാധീനമില്ലാത്ത മേഖലകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട വിജയം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്. വരാന്‍പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് മേല്‍ സൂചിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പു കൂടി കഴിയുമ്പോള്‍ വ്യക്തമാകും. കോണ്‍ഗ്രസ് തോല്‍ക്കും. ബദല്‍ സംവിധാനം രാജ്യത്തുണ്ടാകും. അതിനു നേതൃത്വം നല്കാന് ദേശീയ അംഗീകാരമുള്ളത് ബിജെപിക്കു മാത്രമാണ്. അതാണ് ഈ തെരഞ്ഞെടുപ്പു ഫലം തെളിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണവും നെഹ്രു കുടുംബത്തിന്റെ ഊതി വീര്‍പ്പിച്ച പെരുമയും ഇനി അധികകാലം നിലനില്‍ക്കില്ലെന്ന് വ്യക്തമായ സൂചനയും വന്നു കഴിഞ്ഞു.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: